തിരുവനന്തപുരം: ലഹരിവ്യാപനത്തിനും അതുകാരണമുള്ള അക്രമങ്ങൾക്കുമെതിരായ സർക്കാർ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതിനിടെ സർക്കാരിനെ മറികടന്നുള്ള നടപടികളുമായി ഗവർണർ.
ലഹരിക്കെതിരേ നിയമസഭയിൽ കർമ്മപദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. പോലീസിന്റെ ഡി-ഹണ്ട് ഓപ്പറേഷൻ മാത്രമാണിപ്പോഴുള്ളത്. എക്സൈസ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം പോലും തുടങ്ങിയിട്ടില്ല.
ഇന്നലെ വൈസ്ചാൻസലർമാരുടെ യോഗം വിളിച്ച ഗവർണർ ഇന്ന് എം.പിമാരുടെ യോഗം ഡൽഹിയിൽ വിളിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ യോഗം അടുത്തയാഴ്ച വിളിക്കും. സർക്കാരിനെ അറിയിക്കാതെ സ്വന്തം നിലയിലാണ് ഗവർണറുടെ നടപടികൾ.
യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് രാജ്ഭവനിൽ വിളിച്ചു ചേർത്ത ഗവർണർ താൻ സ്വന്തം നിലയിൽ ലഹരിവിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രഖ്യാപിച്ചു.
സീറോ ടോളറൻസ് ടു ഡ്രഗ്സ് (ലഹരിയോട് സന്ധിയില്ലാനയം) പ്രഖ്യാപിച്ച് വി.സിമാർ മുന്നോട്ടുപോകണം. ലഹരിയുപയോഗിക്കുന്നതിൽ 90 ശതമാനവും 15 മുതൽ 25 വരെ പ്രായമുള്ളവരാണ്.
ക്യാമ്പസിലെ ലഹരിയുപയോഗത്തെ അതിശക്തമായി നേരിടണമെന്നും നിരന്തരം പരിശോധനകൾ നടത്തണമെന്നും ലഹരിയുപയോഗം കണ്ടെത്താൻ ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാമെന്നും ഗവർണർ വി.സിമാരോട് നിർദ്ദേശിച്ചു.
12 വി.സിമാരും 2രജിസ്ട്രാർമാരും ഇന്നലെ രാജ്ഭവനിൽ ഗവർണർ വിളിച്ച യോഗത്തിനെത്തി. സംസ്കൃതം, എം.ജി വി.സിമാർ സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർമാരാണ് പങ്കെടുത്തത്.
മാസത്തിലൊരു ദിവസം ലഹരിമുക്ത ദിനമായി ആചരിക്കണം. അന്ന് വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. പരിപാടികളിൽ ഗവർണറും പങ്കെടുക്കും.
വിദ്യാർത്ഥികളിൽ 2ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. ഇവരെ കണ്ടെത്തി ചികിത്സ നൽകി പുനരധിവസിപ്പിക്കണം. ബാക്കിയുള്ളവർ ലഹരിയുപയോഗത്തിലേക്ക് വീഴാതെ നോക്കണം.
ക്യാമ്പസുകളിൽ ലഹരിയുപയോഗം പരിശോധിക്കാൻ സംവിധാനമുണ്ടാവണം. ഡ്രോൺ, നിർമ്മിതബുദ്ധി സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം. ലഹരിവിരുദ്ധ ക്യാമ്പെയിന് കേന്ദ്രത്തിന്റെയും സന്നദ്ധ സംഘടനകളുടെയും പണം ലഭ്യമാക്കും.
പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുമായും സഹകരിക്കണം. കാർഷിക സർവകലാശാലയിൽ ഹോസ്റ്റലുകളിലടക്കം ലഹരിയുപയോഗം കണ്ടെത്താൻ രാത്രിയിൽ വി.സി, ഡീൻ, വാർഡൻമാർ എന്നിവരുടെ നേതൃത്വത്തിൽ നിരന്തര പരിശോധനയുണ്ടെന്ന് വി.സി ഡോ.ബി.അശോക് പറഞ്ഞു.
അവിടെ ഇതുവരെ ലഹരിയുപയോഗം കണ്ടെത്തിയിട്ടില്ല. സമാന നടപടികൾ വി.സിമാരുടെ നേതൃത്വത്തിൽ എല്ലായിടത്തും വേണമെന്ന് ഗവർണർ നിർദ്ദേശിച്ചു. സ്കൂളുകളിലടക്കം ബോധവത്കരണത്തിന് ആരോഗ്യ സർവകലാശാല നേതൃത്വം നൽകണം.
നടപടികൾ ഏകോപിപ്പിക്കാൻ കേരള, ആരോഗ്യ സർവകലാശാലകളുടെ വി.സി ഡോ.മോഹനൻ കുന്നുമ്മേലിനെ ഗവർണർ നിയോഗിച്ചു. ലഹരി മാഫിയയ്ക്കെതിരായ പൊലീസ് നടപടികളെക്കുറിച്ച് ഡിജിപിയോട് ഗവർണർ നേരത്തേ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
വിവിധ ലഹരിവിരുദ്ധ ഓപ്പറേഷനുകളും ബോധവത്കരണവുമെല്ലാം വിശദീകരിച്ച് 23 പേജുള്ള റിപ്പോർട്ട് ഫെബ്രുവരി അവസാനം ഡിജിപി ഗവർണർക്ക് കൈമാറി.
ശക്തമായ നടപടികളാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി ഈ റിപ്പോർട്ട് ഗവർണർ തള്ളി. യുവാക്കളിൽ ലഹരിയെത്താതിരിക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കി ഉടൻ പുതിയ റിപ്പോർട്ട് നൽകാൻ ഡി.ജി.പിയെ ഫോണിൽ വിളിച്ച് ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്.