ഗവർണറുമായുള്ള അനുനയം തീരുന്നു. രാജ്ഭവനെ ആർ.എസ്.എസ് ശാഖയാക്കരുതെന്ന് ആഞ്ഞടിച്ച് മുഖ്യമന്ത്രി. ഭാരതാംബയുടെ ചിത്രം ഔദ്യോഗികമല്ല. ചിത്രത്തിലുള്ളത് ഇന്ത്യൻ ഭൂപടവും പതാകയുമല്ല. ചിത്രം ഔദ്യോഗികമാക്കുന്നത് ആർ.എസ്.എസ് പ്രോജക്ടിന്റെ ഭാഗം. ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഏകീകരിക്കാനുള്ള ശ്രമമെന്നും പിണറായി. സർക്കാർ - ഗവർണർ മധുവിധു കാലം കഴിയുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
s

തിരുവനന്തപുരം: ഗവർണറുമായുള്ള അനുനയം നിർത്തി, രാജ്ഭവനിലെ ആർ.എസ്.എസ് വത്കരണത്തിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി.

Advertisment

രാജ്ഭവനെ ആർ.എസ്.എസ് ശാഖയുടെ നിലവാരത്തലേക്ക് താഴ്‌ത്താൻ ശ്രമിക്കരുതെന്നും ആർ.എസ്.എസ് അജൻഡ നടപ്പാക്കാനുള്ള സ്ഥലമായി മാറ്റാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.


കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർക്കാർ പരിപാടിയിൽ വച്ചത് സംബന്ധിച്ച വിവാദത്തിലായിരുന്നു പ്രതികരണം.


ഇക്കാര്യത്തിൽ സർക്കാർ നിലപാടാണ് കൃഷിമന്ത്രി ഗവർണറെ അറിയിച്ചത്. സർക്കാർ പരിപാടികളിൽ ഭരണഘടന അംഗീകരിച്ചിട്ടുള്ള പൊതുബിംബങ്ങളേ ആകാവൂ.

ഭാരതാംബയുടെ ചിത്രം വച്ചതിൽ അപാകതയുണ്ടെന്ന് ഗവർണർക്കും വ്യക്തമായതിനാലാണ് ഔദ്യോഗിക പരിപാടികളിൽ ഈ ചിത്രം വയ്ക്കില്ലെന്ന് അറിയിച്ചത്.


ഓരോരുത്തരുടെയും താത്പര്യമറിയിച്ചുള്ള പ്രദർശനം പാടില്ല. പൊതുവിൽ രാജ്യത്തിന് അംഗീകരിക്കാനാവുന്നതാവണം രാജ്ഭവനിൽ പ്രദർശിപ്പിക്കേണ്ടത്.


അല്ലാത്തത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അംഗീകരിക്കാനാവില്ല. രാജ്ഭവനെ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുത്. ഭാരതാംബയുടെ ചിത്രം ഭരണഘടന ഉയർത്തിപ്പിടിക്കുന്നതല്ല.

ചിത്രത്തിലുള്ള കൊടി ആർ.എസ്.എസിന്റേതാണ്. അത് ആർ.എസ്.എസുകാർ ബഹുമാനിച്ചോട്ടെ. എല്ലാവരും അംഗീകരിക്കണമെന്ന് ശഠിച്ചാൽ നടക്കില്ല. രാജ്യത്ത് ഔദ്യോഗികമല്ലാത്ത ചിത്രം അങ്ങനെയാണെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്.

Governor bharathaamma

രാജ്ഭവനിലുള്ള ചിത്രത്തിലുള്ളത് ഇന്ത്യയുടെ ഭൂപടമല്ല. ബ്രിട്ടീഷ് ഭരണപ്രദേശങ്ങളുൾപ്പെട്ടതാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളെ ഒറ്റ ഹിന്ദുത്വ രാഷ്ട്രമാക്കി ഏകീകരിക്കുകയെന്ന ആർ.എസ്.എസ് പ്രോജക്ടിന് ഭരണഘടനയുടെ പിൻബലമില്ല. ഇത് അംഗീകരിക്കാൻ സർക്കാരിനാവില്ല.

സ്വാതന്ത്ര്യ സമരത്തോടും സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടന രൂപംകൊണ്ടപ്പോഴും ആർ.എസ്.എസ് അതൃപ്തിയും അസന്തുഷ്ടിയും പരസ്യമായി പ്രകടിപ്പിച്ചതാണ്.

ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയാണ് ആവശ്യമെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ളതായിരിക്കണമെന്നും വാദിച്ചു.

രാജ്ഭവനിൽ വച്ച ചിത്രത്തിലെ പതാക അതാണ്. ഭരണഘടനയോടും ദേശീയപതാകയോടും അസഹിഷ്ണുതയുള്ള സംഘടനയാണ് ആർ.എസ്.എസ്. - മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment