ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്താൽ അദ്ദേഹത്തിന് ഭാവിക്കും കരിയറിനും ദോഷകരമാവുമെന്ന് ഐഎഎസ് ലോബി. കേസെടുക്കാൻ നിയമോപദേശം കിട്ടിയെങ്കിലും അത് തള്ളിക്കളഞ്ഞ് പോലീസ്. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഐഎഎസുകാർ പരാതിപ്പെട്ടാൽ കേസ് ആകാമെന്ന് വിലയിരുത്തൽ. ഐഎഎസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം മതാടിസ്ഥാനത്തിൽ തിരിച്ച ഗ്രൂപ്പിന് തത്കാലം കേസില്ല

New Update
ias gopalakrishnan

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഹിന്ദു, മുസ്ലീം മതാടിസ്ഥാനത്തിൽ വേർതിരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലൃഷ്ണനെതിരേ കേസെടുക്കാനുള്ള നിയമോപദേശം തള്ളി പോലീസ്.

Advertisment

സസ്പെൻഷനിലായ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കേണ്ടെന്ന് പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി നാർകോട്ടിക് സെൽ അസി.കമ്മിഷണർ അജി ചന്ദ്രൻ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറി.


ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അതിശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കേസ് വേണ്ടെന്നുവച്ചത്. ഗ്രൂപ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ സന്ദേശങ്ങളോ പരാമർശങ്ങളോ ഇല്ല. ഗ്രൂപ്പുണ്ടാക്കിയെന്നല്ലാതെ ഒരു സന്ദേശവും കൈമാറിയിട്ടില്ല.


ഗ്രൂപ്പ് രൂപീകരിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമല്ല. മാത്രമല്ല, വാട്സ്ആപ് ഗ്രൂപ്പിൽ ഉൾപ്പെട്ട ആരുടെയും പരാതിയില്ലാതെ കേസ് നിലനിൽക്കുന്നതല്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പരാതിയിലായിരുന്നു പ്രാഥമികാന്വേഷണം.

ഐഎഎസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർദ്ധ വളർത്താനും വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ നേരത്തേ പൊലീസിന് നൽകിയ നിയമോപദേശത്തിലുണ്ടായിരുന്നു.


ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോപാലകൃഷ്ണൻ വേർതിരിവ് ഉണ്ടാക്കാനും ഐക്യം തകർക്കാനും ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന് ചീഫ്സെക്രട്ടറി ഇറക്കിയ സസ്പെൻഷൻ ഉത്തരവിലുണ്ടായിരുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസിനു വ്യാജപരാതി നൽകുന്നത് 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിന്മേൽ കേസെടുക്കാവുന്നതുമാണ്.


വാട്സ്ആപ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരോ സർക്കാരോ പരാതി നൽകിയാലല്ലാതെ പുറമെ നിന്നുള്ള പരാതി പരിഗണിച്ച് കേസെടുക്കാനാവില്ലെന്ന നിലപാടിലാണ്ലീ പോലീസ്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടിയത്.

മുസ്ലീം ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ തന്നെ ചേർത്തതായി കൃഷിവകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇതൊരു പരാതിയല്ലെന്ന് അദീല വ്യക്തമാക്കിയിരുന്നു. ഗോപാലകൃഷ്ണൻ ഹാജരാക്കിയ ഫോൺ ഫോർമാറ്റ് ചെയ്തത് തെളിവു നശിപ്പിക്കലിന്റെ ഭാഗമായ കുറ്റകൃത്യമാണ്.


സർക്കാരിനെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചതും കുറ്റകരമാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ ഉന്നതപദവി ഉറപ്പാക്കാൻ, താൻ കേരളത്തിൽ ഐ.എ.എസുകാർക്കിടയിൽ സ്വാധീനമുള്ളയാളാണെന്ന് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താനായിരുന്നു ഗോപാലകൃഷ്ണന്റെ ശ്രമമെന്നാണ് നിഗമനം.


ഗ്രൂപ്പിൽ സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ എന്നാൽ സ്വമേധയാ കേസെടുക്കാനാവില്ലെന്നാണ് പോലീസ് നിലപാട്. യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്താൽ അദ്ദേഹത്തിന് ഭാവിക്കും കരിയറിനും ദോഷകരമാവുമെന്ന് വിലയിരുത്തിയാണ് ഐ.എ.എസ് ലോബി കേസ് ഒഴിവാക്കാൻ നീക്കങ്ങൾ നടത്തിയത്. അതാണ് ഇപ്പോൾ വിജയം കാണുന്നത്.

Advertisment