കോവളത്ത് മകന്റെ സ്ഥാനാർത്ഥിത്വത്തിനായി അച്ഛനും മകനും മറുകണ്ടം ചാടി. ആർജെഡിയിൽ നിന്ന് ഐ.എസ്.ജെ.ഡിയിലേക്ക് ചേക്കേറി റൂഫസ് ഡാനിയലും ഭഗത് റൂഫസും. കോൺ​ഗ്രസിന്റെ സിറ്റിംങ് സീറ്റ് പിടിച്ചെടുക്കാൻ എൽഡിഎഫിനായി മത്സരിക്കുക ഭഗത് റൂഫസ്. പാർട്ടി മാറ്റത്തിൽ ആർ.ജെ.ഡിയിൽ കടുത്ത അമർഷം

New Update
Screenshot 2026-03-02 223905

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ  സ്ഥാനാർത്ഥിയാകാൻ അച്ഛനും മകനും പാർട്ടി മാറുന്നു ! മകന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കോവളം സീറ്റിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് വർഷങ്ങളോളം പ്രവർത്തിച്ച് കൊണ്ടിരുന്ന പാർട്ടിയിൽ നിന്ന് കുടുംബസമേതം മറുകണ്ടം ചാടുന്നത്.

Advertisment

ആർ.ജെ.ഡിയുടെ തലസ്ഥാന ജില്ലയിലെ പ്രധാന നേതാക്കളായ റൂഫസ് ഡാനിയലും മകൻ ഭഗത് റൂഫസുമാണ് പാർട്ടിവിട്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലേക്ക് (ഐ.എസ്.ജെ.ഡി)  ചേക്കേറുന്നത്. 


ഭഗത് റൂഫസ് അയിരിക്കും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  കോവളത്ത് ഐ.എസ്.ജെ.ഡിയെ പ്രതിനീധീകരിച്ച് മത്സരിക്കുക.


കോവളത്ത് മത്സരിക്കാൻ പാർട്ടിയിൽ പറ്റിയ സ്ഥാനാർത്ഥികളില്ലാത്തത് കൊണ്ടാണ് ഐ.എസ്.ജെ.ഡി, സ്വന്തം മുന്നണിയിൽപ്പെട്ട ആർ.ജെ.ഡിയിൽ നിന്ന് നേതാക്കളെ ചാടിച്ചുകൊണ്ടുവരുന്നത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻെറ മുൻ അംഗവും ആര്‍ജെഡി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഭഗത് റൂഫസിന് യു.ഡി.എഫ് സിറ്റിങ്ങ് മണ്ഡലത്തിൽ ശക്തമായ വെല്ലുവിളി ഉയർത്താൻ ആകുമെന്നാണ് പാർട്ടി നേതൃത്വത്തിൻെറ പ്രതീക്ഷ.

1532917-untitled-1-recovered-recovered-recovered-recovered-recovered-recovered-recovered-recovered-recovered-recovered-recovered

ഭഗത്തിൻെറ പിതാവ് റൂഫസ് ഡാനിയലും കോവളത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറായും റൂഫസ് ഡാനിയൽ പ്രവർത്തിച്ചിട്ടുണ്ട്.


ഇരുവരും ആർ.ജെ.ഡി വിട്ട് ബുധനാഴ്ച ഐ.എസ്.ജെ.ഡി -യിൽ ചേരും.തിരുവനന്തപുരം പ്രസ് ക്ളബിൽ വെച്ചാണ് ലയന സമ്മേളനം. ആർ.ജെ.ഡിയും ഐ.എസ്.ജെ.ഡിയും സമാന ആശയങ്ങളും നിലപാടുകളും സൂക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്.


അതുകൊണ്ട് തന്നെ പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട്  നിലവില്‍ സംഘടാ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് റൂഫസ് ഡാനിയലും ഭഗത് റൂഫസും നൽകുന്ന പ്രതികരണം.

തങ്ങൾ ഐ.എസ്.ജെ.ഡിയുടെ ഭാഗമാകുന്നതോടെ കേരളത്തില്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയാകാന്‍ പാർട്ടിക്ക് കഴിയുമെന്നും ഇരുവരും അവകാശപ്പെടുന്നു.

ഒരേ മുന്നണിയിൽ പ്രവർത്തിക്കുന്ന പാർട്ടികളായിട്ടും നേതാക്കളെ ചോർത്തിക്കൊണ്ടുപോകുന്ന ഐ.എസ്.ജെ.ഡിയുടെ നടപടിയിൽ ആർ.ജെ.ഡിക്ക് കടുത്ത അമർഷമുണ്ട്. തിരഞ്ഞെടുപ്പ് കാലമായത് കൊണ്ട് പരസ്യ പ്രതികരണത്തിന് മുതിരുന്നില്ലെന്ന് മാത്രം.


എൽ.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ കോവളം സീറ്റ് ഇപ്പോൾ ഐ.എസ്.ജെ.ഡി എന്ന് പേര് മാറ്റിയിരിക്കുന്ന പഴയ ജനതാദൾ എസിനാണ്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചയിൽ കോവളം സീറ്റിന് വേണ്ടി ആർ.ജെ.ഡി ആവശ്യം ഉന്നയിച്ച് നോക്കിയെങ്കിലും നടന്നില്ല.


സീറ്റ് ലഭിച്ച ഐ.എസ്.ജെ.ഡിക്ക് ആകട്ടെ കോവളത്ത് മത്സരിപ്പിക്കാൻ പറ്റിയ സ്ഥാനാർത്ഥിയുമില്ല.മുൻ തിരഞ്ഞെടുപ്പുകളിൽ കോവളത്ത് നിന്ന് പഴയ ജനതാദൾ എസിന് വേണ്ടി മത്സരിച്ച ഡോ.എ.നീലലോഹിതദാസും ഭാര്യ ജമീല പ്രകാശവും ഇപ്പോൾ ആർ.ജെ.ഡിയിലുമാണ്.

എത്ര തിരഞ്ഞിട്ടും ഐ.എസ്.ജെ.ഡിക്ക് കോവളം മണ്ഡലത്തിലെ മത-സാമുദായിക സമവാക്യങ്ങൾക്ക് ചേരുന്ന സ്ഥാനാർത്ഥിയെ കണ്ടെത്താനായില്ല. അങ്ങനെയാണ് അന്വേഷണം സോഷ്യലിസ്റ്റ് സഹോദര പാർട്ടിയായ ആർ.ജെ.ഡിയിലേക്ക് നീണ്ടത്.

കോവളം മേഖലയിൽ നിന്ന് ജില്ലാ പഞ്ചായത്തിലേ ലത്തീൻ കത്തോലിക്ക -ക്രിസ്ത്യൻ നാടാർ വോട്ടുകൾ നിർണായകമായ കോവളത്ത് ഈ വിഭാഗത്തിൽ നിന്നുളള മികച്ച സ്ഥാനാർഥിയെ തേടിയുളള അന്വേഷണം റൂഫസ് ഡാനിയലിലും മകൻ ഭഗത് റൂഫസിലുമാണ്.


മകന് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തതോടെ റൂഫസ് ഡാനിയൽ ആർ.ജെ.ഡി വിടാൻ സന്നദ്ധനായി. ഇതോടെയാണ് മികച്ച സ്ഥാനാർഥിയില്ലാത്തത് കൊണ്ട് സിപിഎം കോവളം സീറ്റ് പിടിച്ചെടുക്കുകയോ പിടെച്ചെടുത്ത് ആർ.ജെ.ഡിക്ക് നൽകുമെന്നോ ഭയപ്പെട്ടിരുന്ന ഐ.എസ്.ജെ.ഡിക്ക് ശ്വാസം നേരെവീണത്.


സ്ഥാനാർത്ഥിയാക്കുക ലക്ഷ്യമിട്ട് മറ്റൊരു നേതാവിനെ കൂടി ഐ.എസ്.ജെ.ഡി ആർ.ജെ.ഡിയിൽ നിന്ന് ചാടിച്ചിരുന്നു. എന്നാൽ റൂഫസ് ഡാനിയലിനെയും മകനെയും കിട്ടിയതോടെ ആദ്യം ചാടിച്ചയാളെ തഴഞ്ഞു.

പറ്റിയ സ്ഥാനാർത്ഥിയില്ലാത്തതിനാൽ ഐ.എസ്.ജെ.ഡി, ആർ.ജെ.ഡിയിൽ നിന്ന് സ്ഥാനാർത്ഥികളെ ചാടിക്കുന്നത് ഇതാദ്യമല്ല. തിരുവന്തപുരം നഗരസഭയിലേക്കുളള തിരഞ്ഞെടുപ്പിലും കോവളം മേഖലയിൽ സമാനമായ മറുകണ്ടം ചാടൽ നടന്നിരുന്നു.

വാർഡിൽ സീറ്റ് മോഹിച്ച് ആർ.ജെ.ഡിയും ഐ.എസ്.ജെ.ഡിയും നേർക്കുനേർ മത്സരിക്കാനിറങ്ങിയിരുന്നു.ഭിന്നത തീർക്കാൻ ഇടപെട്ട സിപിഎം നേതൃത്വം സീറ്റ് ഐ.എസ്.ജെ.ഡിക്ക് നൽകി.

ജയസാധ്യതയുളള സ്ഥാനാർത്ഥി ആർ.ജെ.ഡിയുടേതാണെന്ന് മനസിലാക്കി അവരെ സ്വന്തം പാളയത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജനവിധി എതിരായിരുന്നു എന്നുമാത്രം. കോവളത്ത് സിറ്റിങ്ങ് എം.എൽ.എ എം.വിൻസൻറിനെ എതിരിടുമ്പോൾ ഫലം എന്താകും എന്നതാണ് ആകാംക്ഷ.

Advertisment