ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലി തേടി അലയുന്ന സാഹചര്യത്തിൽ പാർട്ടിക്കാർക്ക്  പിൻവാതിലിൽ നിയമനം. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലെയും താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നു. താത്കാലിക ജീവനക്കാരിൽ ബഹുഭൂരിപക്ഷവും പാർട്ടിക്കാർ. വോട്ട് ബാങ്ക് ഉറപ്പിക്കുക ലക്ഷ്യം. പിഎസ്‌സി റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്കു പോലും നിയമനം കിട്ടാതിരിക്കെ കടുംവെട്ടുമായി സർക്കാർ

പാർട്ടിക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതും പിൻവാതിൽ നിയമനം നടത്തുന്നതും ഇടതു മുന്നണിക്ക് സിപിഎമ്മിനും തിരഞ്ഞെടുപ്പിൽ തിരിച്ചടി ആവാനാണ് സാധ്യത

New Update
CPM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലെയും താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ നടപടി തുടങ്ങി സർക്കാർ. 

Advertisment

താത്കാലിക ജീവനക്കാരിൽ ബഹുഭൂരിപക്ഷവും പാർട്ടിക്കാരാണ്. 10 വർഷം താത്കാലിക ജീവനക്കാരായി പ്രവർത്തിച്ചവരെ ആണ് സ്ഥിരപ്പെടുത്താൻ നീക്കം. 

പിഎസ്‌സി റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്കു നിയമനം ലഭിക്കാത്ത സാഹചര്യത്തിൽ ഈ കൂട്ട സ്ഥിരപ്പെടുത്തൽ വൻ വിവാദമായി മാറും. തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമായും ഇത് മാറാം.
 
താൽക്കാലിക ജീവനക്കാർക്ക് അനുകൂലമായി കഴിഞ്ഞ ജനുവരി 30ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കൂടി പരിഗണിച്ചാണ് പുതിയ സ്ഥിരപ്പെടുത്തൽ നീക്കം. 

ഭോലാനാഥ് – സ്റ്റേറ്റ് ഓഫ് ജാർഖണ്ഡ് കേസിൽ സർക്കാർ ഒരു ‘മാതൃക തൊഴിലുടമ' ആയിരിക്കണമെന്നും ജീവനക്കാരോട് നീതി പുലർത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. 

അനന്തമായ കരാർ നിയമനം പാടില്ല. സ്ഥിരപ്പെടുത്തൽ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ വേണ്ടി മാത്രം ജീവനക്കാരെ പതിറ്റാണ്ടുകളോളം കരാർ അടിസ്ഥാനത്തിൽ നിലനിർത്തുന്നത് ശരിയല്ല.

 അംഗീകൃത തസ്തികകളിൽ ശരിയായ നടപടിക്രമങ്ങളിലൂടെ അതായത്  പരസ്യം നൽകിയോ തിരഞ്ഞെടുപ്പ് വഴിയോ നിയമിക്കപ്പെട്ടവർ, അംഗീകൃത തസ്തികകളിലാണ് ജോലി ചെയ്യുന്നതെങ്കിൽ, അവരെ സ്ഥിരപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. 

കരാറിലെ നിബന്ധനകൾ കാണിച്ച് ഇത് തടയാനാവില്ല. 10 വർഷത്തിലധികം തടസ്സമില്ലാതെ തൃപ്തികരമായി സേവനം അനുഷ്ഠിച്ചവർക്ക് ജോലി സ്ഥിരമാകുമെന്ന് പ്രതീക്ഷിക്കാൻ അവകാശമുണ്ട്. 

പെട്ടെന്ന് കരാർ അവസാനിപ്പിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ (തുല്യനീതി) ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
 
നേരത്തെ കർണാടക സർക്കാരും ഉമാദേവിയും തമ്മിലെ കേസ് കണക്കിലെടുത്ത് സ്ഥിരപ്പെടുത്തൽ സാധ്യമായിരുന്നില്ലെങ്കിലും വളഞ്ഞ വഴിയിലൂടെ സർക്കാർ ഇതു നടപ്പാക്കിയിരുന്നു. 

പുതിയ വിധി വന്നതോടെ കാര്യങ്ങൾ എളുപ്പമായി. സ്ഥിരപ്പെടുത്തലിനു പൊതു മാനദണ്ഡം തയാറാക്കാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. 

10 വർഷത്തിലേറെ സർവീസുള്ളവർ, എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായവർ, അഭിമുഖം അടക്കമുള്ള നടപടിക്രങ്ങൾ പാലിച്ചു നിയമിക്കപ്പെട്ടവർ തുടങ്ങിയവ നിർബന്ധമാക്കിയുള്ള മാനദണ്ഡങ്ങളാണു പണിപ്പുരയിൽ. ഈ മാനദണ്ഡങ്ങളിൽ ചില വകുപ്പുകൾക്ക് എതിർപ്പുണ്ട്. ഈ നടപടിക്രമങ്ങളിലൂടെ കടന്നു പോകാതെ രാഷ്ട്രീയ നിയമനങ്ങൾ നേടിയവർ പുറത്താകുമെന്നതാണ് കാരണം.

 നടപടിക്രമങ്ങൾ പാലിച്ചു നിയമിക്കപ്പെട്ടവർ പോലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു നിയമനം തരപ്പെടുത്തുകയായിരുന്നെന്നു മറുപക്ഷവും ആരോപിക്കുന്നു.
 
സർക്കാർ ഈ പുതിയ നീക്കം നടത്തുന്നതോടെ ഏറ്റവും വലിയ ആശങ്ക പിഎസ്‌സി വഴി ജോലി കാത്തിരിക്കുന്നവർക്കാണ്. സ്ഥിരപ്പെടുത്തൽ ഉറപ്പാകുന്നതോടെ പിൻവാതിൽ നിയമനങ്ങൾ ഇനി വൻ തോതിൽ വർധിക്കും.

 നിയമനം പിഎസ്‌സിക്കു വിടേണ്ട പല സ്ഥാപനങ്ങളും അതിൽ നിന്നു പിൻമാറും.

രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഇഷ്ടക്കാർ സർക്കാർ ജോലിയിൽ യഥേഷ്ടം കടന്നു കൂടും. പിഎസ്‌സി വഴി പഠിച്ചു പാസായി വന്നവരുടെ അവസ്ഥ പരിതാപകരം ആവും.


പാർട്ടിക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതും പിൻവാതിൽ നിയമനം നടത്തുന്നതും ഇടതു മുന്നണിക്ക് സിപിഎമ്മിനും തിരഞ്ഞെടുപ്പിൽ തിരിച്ചടി ആവാനാണ് സാധ്യത. 

ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലി തേടി അലയുന്ന സാഹചര്യത്തിലാണ് പാർട്ടിക്കാരെ നിയമിക്കുന്നത്. പിഎസ്‌സി റാങ്ക് പട്ടിക പോലും നോക്ക് കുത്തിയാക്കി നടത്തുന്ന ഈ പിൻവാതിൽ നിയമന മേള സാധാരണക്കാരായ വോട്ടർമാരെ രോഷാകുലരായി മാറും എന്ന് ഉറപ്പാണ്.

Advertisment