മലപ്പുറം : ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ നൽകുന്ന ജോലിയും യു.ഡി.എഫ് ഏറ്റെടുത്തോയെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ്. കെ. മാണി. യു.ഡി.എഫ് മുന്നണിയിൽ നിന്നാണ് ബിജെപി സ്ഥാനാർഥി വന്നിരിക്കുന്നത്.
എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ച മോഹൻ ജോർജ് കേരള കോൺഗ്രസ് ജോസഫ് വിഭാഗക്കാരനായിരുന്നു.
ഇത് ഉദ്ദേശിച്ചാണ് ബിജെപിക്ക് സ്ഥാനാർത്ഥിയെ നൽകുന്ന ജോലി കൂടി യുഡിഎഫിന് ഉണ്ടോയെന്ന് ജോസ് കെ മാണി ചോദിച്ചത്. യു.ഡി.എഫ് എന്നൊരു മുന്നണി തന്നെ ഉണ്ടോയെന്ന് സംശയമാണ്.
എത്ര പ്രതിപക്ഷ നേതാക്കന്മാരാണ് യുഡിഎഫിൽ ഉള്ളത് ? എത്ര മുന്നണി കൺവീനർമാരാണ് ഉള്ളത് ? എത്ര കെപിസിസി പ്രസിഡന്റ്മാർ ഉണ്ട്. നിലമ്പൂർ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് തകരുമെന്നും ജോസ്.കെ. മാണി പറഞ്ഞു.
നിലമ്പൂരിലെ എൽ.ഡി. എഫ് കൺവൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു ജോസ് കെ മാണിയുടെ ഈ പ്രതികരണം. കേരളത്തിൽ തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിച്ച എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിലേറും എന്നും ജോസ് കെ മാണി പറഞ്ഞു.
വീണ്ടും ഭരണ തുടർച്ച ഉണ്ടാകും എന്നതിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിയായ മോഹൻ ജോർജ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗക്കാരാണ് എന്ന വിവരം പുറത്തുവന്നതോടെ പാർട്ടി നേതാവ് മോൻസ് ജോസഫ് എംഎൽഎ പ്രതിരോധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മോഹൻ ജോർജിന് ഇതുവരെ ജോസഫ് ഗ്രൂപ്പ് പാർട്ടി മെമ്പർഷിപ്പ് നൽകിയിട്ടില്ലെന്നാണ് മോൻസ് ജോസഫിന്റെ വാദം. ചുങ്കത്തറയിൽ നടന്ന മണ്ഡലം കൺവെൻഷനിൽ വന്നപ്പോൾ ഇരിക്കാൻ ഇടം നൽകുക മാത്രമാണ് ചെയ്തത്. അല്ലാതെ മോഹൻ ജോർജിനെ ആരും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല.
മറ്റു പാർട്ടികളിൽ നേതൃസ്ഥാനത്ത് ഉള്ളതുകൊണ്ടാണ് വേദിയിൽ സ്ഥാനം ഇരിപ്പിടം നൽകിയതെന്നും മോൻസ് ജോസഫ് ന്യായീകരിച്ചു.
പ്രതിരോധത്തിൽ ആയതോടെ ബിജെപി സ്ഥാനാർഥിയായ മോഹൻ ജോർജ് ദീർഘകാലം കേരള കോൺഗ്രസ് എമ്മിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന ആരോപണവും മോൻസ് ജോസഫ് ഉന്നയിക്കുന്നുണ്ട്.
മാണി ഗ്രൂപ്പ് വിട്ട ശേഷം മോഹൻ ജോർജ് ആർ. ബാലകൃഷ്ണപിള്ളയുടെ പാർട്ടിക്കൊപ്പം പോയതായും മോൻസ് ആരോപിക്കുന്നു. അത് കഴിഞ്ഞ് ജനാധിപത്യ കേരള കോൺഗ്രസിനൊപ്പം ചേർന്നു.
പിന്നീട് ജോസഫ് ഗ്രൂപ്പിൽ ചേരാൻ താല്പര്യപ്പെട്ട് മെമ്പർഷിപ്പ് ആവശ്യപ്പെട്ടിരുന്നതായി മോൻസ് വെളിപ്പെടുത്തി. എന്നാൽ പാർട്ടിയിൽ ചേർക്കാൻ മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറായില്ല എന്നാണ് മോൻസ് ജോസഫിന്റെ വാദം.
സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് ബിജെപി ഇന്ന് മോഹൻജോർജിന് അംഗത്വം നൽകിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷാജു ചെറിയാനും മോഹൻ ജോർജിനൊപ്പം ബിജെപിയിൽ ചേർന്നു.
https://www.facebook.com/share/v/1CK7Aqtkva/