എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍; സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു; നിയമനം പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്ന്‌; പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പില്‍ പറയുന്നത്‌ ഇങ്ങനെ

2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്.  ഇതിനോട് പ്രതിപക്ഷം വിയോജിച്ചിരുന്നു.

New Update
mankumar vd satheeshan

തിരുവനന്തപുരം: ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.   ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന മണികുമാറിന്റെ നിയമന ഫയലിൽ ഒപ്പുവെക്കാതെ ഗവർണർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. 

Advertisment

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്.  ഇതിനോട് പ്രതിപക്ഷം വിയോജിച്ചിരുന്നു.

പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പ്:

കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സനാക്കാനുള്ള നിര്‍ദ്ദേശം ഞാന്‍ ശക്തമായി എതിര്‍ക്കുന്നു.  

നിലവിലുള്ള കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷമെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കാറുള്ളൂ. എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ സമിതി അംഗമായ എനിക്ക് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുന്‍കൂട്ടി ലഭ്യമാക്കാതെ, തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് അറിയിക്കുന്നു. 

ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈക്കേടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍,  മനുഷ്യാവകാശ കമ്മീഷന് ആവശ്യമായ രീതിയില്‍ നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ട്. വിശദ വിവരങ്ങള്‍ പോലും മുന്‍കൂട്ടി നല്‍കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായെടുത്ത തീരുമാനം മേല്‍പ്പറഞ്ഞ സംശയം ബലപ്പെടുത്തുന്നതാണ്. റിട്ട. ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണായി നിയമിക്കാനുള്ള തീരുമാനം അടിച്ചേല്‍പ്പിച്ചത് അംഗീകരിക്കാനാകില്ല. 

മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതായ ഉന്നത സ്ഥാനത്തേക്ക് ജനാധിപത്യ മൂല്യങ്ങള്‍ ഹനിച്ചുകൊണ്ട് എടുക്കുന്ന തീരുമാനത്തില്‍ ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.

Advertisment