കെ ഫ്‌ളൈറ്റും കെ ഫോണും പോലെ കെ-ചിപ്പും പൊളിയുന്നു. കേരളം സ്വന്തമായി വികസിപ്പിച്ച കെ-ചിപ്പ് വെറും തട്ടിപ്പോ ? ഒന്നര വർഷമായിട്ടും ഇതുവരെ കേന്ദ്രത്തെ അറിയിച്ചില്ല. ചിപ്പിന് പേറ്റൻ്റും ഇല്ല. കെ-ചിപ്പ് 'കണ്ടെത്തിയ' പ്രൊഫസ്സർക്ക് കൊച്ചി വിലാസത്തിൽ സ്വന്തം കമ്പനി. സത്യമാണോ എന്നുറപ്പിക്കും മുമ്പ് സർക്കാരിൻ്റെ 25ലക്ഷം സമ്മാനവും. സിഎജി അന്വേഷിക്കണമെന്ന് ഗവർണർക്ക് പരാതി

New Update
k chip

തിരുവനന്തപുരം: കേരളം സ്വന്തമായി വികസിപ്പിച്ച കൈരളി ചിപ്പ് (കെ.ചിപ്പ്) വിവാദത്തിൽ. ഇന്ത്യയിൽ തന്നെ നിർമ്മിച്ച സ്വദേശി ചിപ്പ് എന്ന വിശേഷണത്തോടെ ഡിജിറ്റൽ സർവകലാശാലയാണ് 'കൈരളി' എന്ന പേരിൽ രണ്ട് ശ്രേണിയിലുള്ള പ്രൊസസറുകൾ നിർമിച്ചത്.

Advertisment

രാജ്യത്ത് ഒരു സർവകലാശാലയിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു നേട്ടം എന്നായിരുന്നു അവകാശവാദം. എന്നാൽ ചിപ്പ് വികസിപ്പിക്കാൻ സാങ്കേതിക വിദ്യ ഇല്ലാത്ത യൂണിവേഴ്സിറ്റി കെ.ചിപ്പ് നിർമ്മിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തെത്തി. 


ഡിജിറ്റൽ സർവകലാശാലയിലെ അക്കാദമിക വിഭാഗം ഡീൻ ഡോ. അലക്സ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണിത് തയ്യാറാക്കിയത്.


ഏതാനും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾകൂടി കഴിഞ്ഞാൽ വ്യാവസായികമായിത്തന്നെ പ്രൊസസർ പുറത്തിറക്കാനുള്ള നടപടിയിലേക്ക് നീങ്ങും എന്നായിരുന്നു വാദം.

കാർഷികം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ആരോഗ്യം, ഡ്രോണുകൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ഇത് ഉപയോഗപ്രദമാകും.

ഡ്രോണുകളിൽ ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പൂർണമായും വിവരച്ചോർച്ച തടയുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും പ്രൊസസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു വാദം.


എന്നാൽ കഴിഞ്ഞ വർഷം തന്നെ കേരളം കെ.ചിപ്പ് നിർമ്മിച്ചത്കേന്ദ്രത്തെ അറിയിക്കാത്തതും
കെ.ചിപ്പ് 'കണ്ടെത്തിയ' പ്രൊഫസ്സർക്ക് കൊച്ചി വിലാസത്തിൽ സ്വന്തം കമ്പനി ഉള്ളതും ദുരൂഹമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഗവർണർക്ക് പരാതി.


ഇന്ത്യയെ ചിപ്പ് നിർമ്മാണത്തിൽ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കിടെ, കേരളം കഴിഞ്ഞ വർഷം തന്നെ ചിപ്പ് നിർമ്മാണം ആരംഭിച്ചുവെന്ന വാദവും, ഈ കണ്ടെത്തൽ കേന്ദ്രത്തെ അറിയിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. 

ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കേരള സർക്കാരുമാണ് 'കൈരളി ചിപ്പ്' ഇന്ത്യയിലാദ്യമായി നിർമ്മിച്ചതായി പ്രഖ്യാപിച്ചത്.

ഈ പദ്ധതിക്ക് നേതൃത്വം നൽകിയ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അലക്സ് പാപ്പച്ചൻ ജെയിംസിന് മുഖ്യ മന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് 25 ലക്ഷം രൂപ പാരിതോഷികമായും നൽകിയിരുന്നു.


ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നേട്ടങ്ങളോ ഉപയോഗയോഗ്യതയോ പരിശോധിക്കാതെയാണ് സർക്കാർ ഈ ചിപ്പിന്റെ നിർമ്മാണത്തിന് ഫണ്ടുകളും അവാർഡും അനുവദിച്ചത്.


യൂണിവേഴ്സിറ്റിക്ക് സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപ്പന ചെയ്യാനോ നിർമ്മിക്കാനോ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 'കൈരളി ചിപ്പുമായി' ബന്ധപ്പെട്ട് ഔദ്യോഗിക പരിശോധനാ ഫലങ്ങളോ, ഉപയോഗപരിധിയിലേക്കുള്ള സ്ഥിരീകരണങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഈ ചിപ്പിന്റെ ഡിസൈൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയോ പേറ്റന്റ് ലഭിക്കുകയോ വാണിജ്യപരമായി ഉപയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ല.


സാങ്കേതിക പരിമിതികളും തെളിവുകളുടെ അഭാവവും കണക്കിലെടുക്കുമ്പോൾ, ഇതിന് 'ഇന്ത്യയിൽ തന്നെ നിർമ്മിച്ച സ്വദേശി ചിപ്പ്' എന്ന വിശേഷണം നൽകാനാവില്ല എന്നാണ് ആരോപണം.


ചിപ്പ് നിർമ്മാണത്തിനായി കേന്ദ്രസർക്കാ ർ കോടികൾ നിക്ഷേപിച്ചുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുമ്പോൾ ഒരു വർഷം മുൻപ് തന്നെ കേരളം ഈ സാങ്കേതിക നേട്ടം കൈവരിച്ചുവെന്ന അവകാശവാദം പൊതുജനങ്ങളോടോ കേന്ദ്ര സർക്കാരിനോടോ ഔദ്യോഗികമായി അവതരിപ്പിക്കാൻ സർക്കാരോ ഡിജിറ്റൽ യൂണിവേഴ്സിറ്റി യോ തയ്യാറാകുന്നില്ല.

കേരളം കൈവരിച്ച ഈ നേട്ടം ദേശീയ തലത്തിൽ പ്രഖ്യാപിക്കുന്നുമില്ല. 'കൈരളി ചിപ്പ്' ഒരു 
വ്യാവസായിക ഉൽപ്പന്നമല്ലെന്നും, ഗൂഗിളിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിലൂടെ രൂപകൽപ്പന ചെയ്ത് സമർപ്പിച്ച ഒരെണ്ണം മാത്രമാണെന്നും അറിയുന്നു.


ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും ഗവേഷകരും ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ചിപ്പ് ഡിസൈൻ പരിശീലിക്കാറുണ്ട്.


അതേസമയം തദ്ദേശീയമായി വികസിപ്പിച്ചതാണ് കൈരളി പ്രൊസസർ എന്നും ഇന്ത്യയിൽ ഇത് നിർമിക്കാനുള്ള സൗകര്യമില്ലാത്തതിനാൽ അമേരിക്കയിൽ നിന്നാണ് ഇത് ഉത്പന്നമാക്കി എത്തിച്ചത് എന്നുമുള്ള വാദവും ഉയരുന്നുണ്ട്.

ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച ‘കൈരളി’ എ.ഐ. പ്രോസസർ ചിപ്പിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ആണ് നിർവഹിച്ചത്.

Advertisment