/sathyam/media/media_files/2025/03/20/IBhaHLIez8pIvnFbMxnO.jpg)
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്യാനുളള തീരുമാനത്തിലേക്ക് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് എത്തിയത് രൂക്ഷമായ വാദ പ്രതിവാദങ്ങൾക്ക് ശേഷം.
വെളിയം ഭാർഗവൻ സംസ്ഥാന സെക്രട്ടറിയായിരിക്കുന്നത് വരെ പാർട്ടിയിലെ അവസാന വാക്കായിരുന്ന ഇസ്മയിലിനെതിരായ അച്ചടക്ക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗത്തിൽ വാദങ്ങൾ ഉയർന്നു.
ഒരുവിഭാഗം നേതാക്കൾ കടുത്ത നടപടിക്ക് വേണ്ടി വാദിച്ചപ്പോൾ ചിലർ കർശന നടപടി വേണ്ടെന്ന അയഞ്ഞ നിലപാടിലായിരുന്നു. ഇസ്മയിലിനെതിരെ ലഘുവായ നടപടി വേണ്ടെന്ന് വാദിച്ചവരും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിലുണ്ട്.
സംസ്ഥാന നേതൃത്വത്തെ കർശനമായി എതിർക്കുന്ന കെ.ഇ.ഇസ്മയിലിനെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടി വരുമെന്ന് കരുതി യോഗത്തിൽ നിന്ന് വിട്ടുനിന്ന നേതാക്കളുമുണ്ട്.
നടപടിക്ക് വിധേയനായെങ്കിലും സി.പി.ഐയുടെ നേതൃഘടനയിൽ ഇപ്പോഴും കെ.ഇ.ഇസ്മയിലിനുളള സ്വാധീനം വെളിവാക്കുന്നതാണിത്.
പ്രായപരിധി മാനദണ്ഡത്തെ തുടർന്ന് ദേശിയ എക്സിക്യൂട്ടിവ് അടക്കമുളള നേതൃസമിതികളിൽ നിന്ന് ഒഴിവായെങ്കിലും കേരളത്തിലെ സി.പി.ഐയിൽ ഇപ്പോഴും എഴുതിത്തളളാൻ കഴിയാത്ത ശക്തിയാണ് ഇസ്മയിൽ.
എക്സിക്യൂട്ടീവിലെ മുതിർന്ന നേതാക്കളായ വി.ചാമുണ്ണി, കമലാ സദാനന്ദൻ, കെ.ആർ.ചന്ദ്രമോഹൻ എന്നീ നേതാക്കളാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പ്രതികരണം നടത്തിയ ഇസ്മയിലിനെതിരെ കടുത്ത നടപടി തന്നെ വേണമെന്ന് വാദിച്ചത്.
പാർട്ടിയിലെ സീനിയോറിറ്റിയോ സ്വാധീനമോ ഒന്നും അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കാൻ തടസമാകരുതെന്നായിരുന്നു ഈ നേതാക്കളുടെ വാദം.
കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ 1955 മുതൽ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതായി അവകാശപ്പെട്ട കെ.ഇ.ഇസ്മയിലിനെ, അദ്ദേഹത്തിൻെറ ജില്ലയിൽ നിന്നുതന്നെയുളള വി.ചാമുണ്ണി പരിഹസിക്കുകയും ചെയ്തു.
പാലക്കാട് ജില്ലാ കൗൺസിലിൻെറ സെക്രട്ടറിയായി താൻ പ്രവർത്തിക്കുമ്പോൾ ഓഫീസ് സെക്രട്ടറി മാത്രമായിരുന്നു ഇസ്മയിൽ. പിന്നെയെങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു ചാമുണ്ണിയുടെ പരിഹാസം.
കൊല്ലത്ത് നിന്നുളള നേതാവും സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ആർ.രാജേന്ദ്രനും ഇസ്മയിലിന് എതിരെ മാതൃകാപരമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
നടപടി എടുക്കുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ച കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിൽ ഇസ്മയിലിന് അനുകൂലമായ നിലപാട് എടുത്ത ഹൗസിങ്ങ് ബോർഡ് ചെയർമാൻ ടി.വി.ബാലൻ നടപടിയെടുക്കുന്ന യോഗത്തിലും ഇസ്മയിലിനെ പിന്തുണച്ചു.
ദേശിയ കൗൺസിൽ അംഗവും കിസാൻ സഭാ നേതാവുമായ സത്യൻ മൊകേരിയുടെ നിലപാട് നേതൃത്വത്തെ അമ്പരപ്പിച്ചു. ഇസ്മയിലിനെതിരെ കടുത്ത നടപടികളൊന്നും വേണ്ടെന്നും താക്കീതോ ശാസനയോ പോലുളള നടപടികൾ മതിയെന്നുമായിരുന്നു സത്യൻ മൊകേരിയുടെ നിലപാട്.
പി.രാജുവിൻെറ നിര്യാണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നടത്തിയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്മയിലിനെതിരെ നടപടി വേണ്ടതാണെങ്കിലും അദ്ദേഹത്തെ പാർട്ടിക്കകത്ത് നിർത്തി കൊണ്ടുളള നടപടിയേ പാടുളളുവെന്ന വാദഗതികളും സംസ്ഥാന എക്സിക്യൂട്ടിവിൽ ഉയർന്നുവന്നു.
കെ.ഇ.ഇസ്മയിലിനോട് ശത്രുതാപരമായ സമീപനം പുലർത്തുന്നയാളും അദ്ദേഹത്തിനെതിരായ നടപടികൾക്ക് പിന്നിൽ പ്രവർത്തിക്കുകയും ചെയ്ത സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ എം.പി യോഗത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി.
പാർലമെന്റ് സമ്മേളനം നടക്കുന്നത് കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവിൽ പങ്കെടുക്കുന്നില്ല എന്നാണ് വിശദീകരണമെങ്കിലും യഥാർത്ഥ കാരണം അതല്ലെന്ന് ഏറെക്കുറെ വ്യക്തമാണ്.
മുതിർന്ന നേതാവും മലബാറിൽ ഏറെ സ്വാധീനമുളളയാളുമായ ഇസ്മയിലിനെ സസ്പെൻഡ് ചെയ്യുന്ന നടപടിയിൽ അഭിപ്രായം രേഖപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് സുനീർ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.
പാർലമെന്റ് സമ്മേളനം ഉണ്ടെങ്കിലും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാളായ സുനീറിന് സംസ്ഥാനത്തെ പരമോന്നത സമിതിയായ സംസ്ഥാന എക്സിക്യൂട്ടീവിൽ പങ്കെടുക്കാൻ സംഘടനാപരമായ ബാധ്യതയുണ്ട്. എന്നിട്ടും അദ്ദേഹം വിട്ടുനിന്നത് ഇസ്മയിലിന് എതിരായ നടപടിയിൽ തനിക്ക് പങ്കില്ലെന്ന് വരുത്തിതീർക്കാനാണ്.
ദേശിയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബുവും ഇസ്മയിലിനെതിരായ നടപടി തീരുമാനിക്കാൻ ചേർന്ന വ്യാഴാഴ്ചത്തെ സംസ്ഥാന എക്സിക്യൂട്ടിവിൽ പങ്കെടുത്തില്ല.