/sathyam/media/media_files/2026/02/19/k-fone-2026-02-19-17-25-43.jpg)
കോട്ടയം: അഭിമാന പദ്ധതിയായ കെ ഫോണിനെതിരെയും പാരപണിയാന്‍ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ ശ്രമമെന്ന ആക്ഷേപം ഉയര്‍ത്തി സി.പി.എം പ്രചാരണം.
കെ ഫോണ്‍ കണക്ഷനുകളുടെ ലൈസന്‍സും ഗുണനിലവാരവും സംബന്ധിച്ചു തെറ്റിധരിപ്പിക്കുന്ന ചോദ്യങ്ങള്‍ ലോക്‌സഭയില്‍ പ്രേമചന്ദ്രന്‍ ഉന്നയിക്കുകയായിരുന്നു.
കെ ഫോണ്‍ പദ്ധതി നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് ഏഴ് ചോദ്യങ്ങളാണു പ്രേമന്ദ്രന്‍ ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം ക്ഷേമപെന്‍ഷന്‍ വിതരണം തടയാന്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി പരാജയപ്പെട്ടതിനു പിന്നാലെയാണു പ്രേമചന്ദ്രന്‍ കെ. ഫോണിന് എതിരെ തിരിഞ്ഞിരിക്കുന്നതെന്ന തരത്തില്‍ സി.പി.എം വ്യാപക സൈബര്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനു കെ ഫോണിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടോ?
പദ്ധതി ഷെഡ്യൂള്‍ പ്രകാരമാണോ നടപ്പിലാക്കിയിരിക്കുന്നത്?
കെഫോണിന്റെ പുരോഗതി കേന്ദ്രം വിലയിരുത്തുന്നുണ്ടോ?
പദ്ധതിയുടെ സാമ്പത്തികസാധ്യതയും വാണിജ്യപരവും സാങ്കേതികവുമായ സാധ്യതയും പരിശോധിച്ചിട്ടുണ്ടോ?
കെ ഫോണിന്റെ ഗുണനിലവാരവും അളവും വിലയിരുത്തിയിട്ടുണ്ടോ? തുടങ്ങിയവയായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യങ്ങള്‍.
എല്ലാഗുണനിലവാര സൂചികകളും ഉറപ്പുവരുത്തിയും ആവശ്യമായ ലൈസന്‍സുകള്‍ നേടിയുമാണു കെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.
ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍, ഏകീകൃത ലൈസന്‍സ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഏറ്റവും കുറഞ്ഞ ഇക്വിറ്റിയും കുറഞ്ഞ നെറ്റ് വര്‍ത്ത് ആവശ്യകതകളും അപേക്ഷകര്‍ പാലിക്കേണ്ടതുണ്ട്.
ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് കെ ഫോണ്‍ ഈ യോഗ്യതാ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിരുന്നു.
കെ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ഐഎസ്പികളുടെയും സാങ്കേതിക പരിശോധന ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഇടയ്ക്കിടെ നടത്താറുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
2026 ജനുവരി 31 വരെ, കേരളത്തില്‍ ആകെ 99,970 ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കെ ഫോണ്‍ വഴി നല്‍കിയിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി.
ഇതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എന്ന നേട്ടത്തോടെ, മികച്ച സേവനം കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതി തകര്‍ക്കാന്‍ പ്രേമചന്ദ്രന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു എന്നാണു സി.പി.എം വാദം.
എന്നാല്‍, ഇത്തരം ആരോപങ്ങള്‍ സി.പി.എം നടത്തുന്ന വിലകുറഞ്ഞ സ്റ്റന്‍ഡ് മാത്രമാണെന്നും യുഡിഎഫ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us