/sathyam/media/media_files/2024/11/05/2Tq3UxDOaBx3Vyns4LoV.jpg)
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സംസ്ഥാന പൊലിസ് മേധാവി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് സെക്രട്ടറിക്കാണ് പൊലീസ് മേധാവി റിപ്പോർട്ട് കൈമാറിയത്.
ഫോൺ ഹാക്ക് ചെയ്തതാണെന്ന് കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിൻെറ അവകാശവാദം പൂർണമായും നിരാകരിക്കുന്ന റിപ്പോർട്ടാണ് പൊലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചത്.
ഗോപാലകൃഷ്ണൻ കൈമാറിയ ഫോണിൽ ഹാക്കിങ്ങ് നടന്നതായി സ്ഥിരീകരിക്കാനാവില്ലെന്നാണ് റിപോർട്ടിലെ ഉളളടക്കം. പൊലീസ് റിപ്പോർട്ട് ലഭിച്ചതോടെ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകും.
ഗോപാലകൃഷ്ണൻെറ വിശദീകരണം ലഭിച്ച ശേഷം വകുപ്പ് തല നടപടി സ്വീകരിക്കും. മതാടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഉപതിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് നാണക്കേടായ പശ്ചാത്തലത്തിൽ സസ്പെൻഷൻ പോലുളള അച്ചടക്ക നടപടികൾക്കും സാധ്യതയുണ്ട്.
ഉപതിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായ മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയാൽ ഉടൻ നടപടി തീരുമാനം ഉണ്ടായേക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാനുളള അധികാരം മുഖ്യമന്ത്രിക്കാണ്. ഓൾ ഇന്ത്യാ സർവീസസ് വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാണ്.
മതാടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തു എന്നാരോപിച്ച് കെ.ഗോപാലകൃഷ്ണൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
ഉപയോഗിച്ചുകൊണ്ടിരുന്നവ എന്ന് കാണിച്ച് രണ്ട് ഫോണുകൾ പൊലീസിന് കൈമാറുകയും ചെയ്തു. ഐ ഫോണുകളായിരുന്നു കൈമാറിയത്. ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഹാക്കിങ്ങ് നടന്നിട്ടില്ലെന്ന വിവരം വ്യക്തമായത്.
രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്തശേഷമാണ് കൈമാറിയത്. അതോടെ വാട്സാപ്പ് അടക്കമുളള ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്യപ്പെട്ട് പോയിരുന്നു. ഹാക്കിങ്ങ് നടന്ന ആപ്പുകൾ അടക്കം ഡിലീറ്റ് ചെയ്തത് നൽകിയപ്പോൾ തന്നെ പൊലീസിന് സംശയം തോന്നിയിരുന്നു.
ഫോർമാറ്റ് ചെയ്താൽ ഫോൺ ഫാക്ടറി സെറ്റിങ്ങ്സിലേക്ക് പോകുമെന്ന് ഐ.ടി.എഞ്ചിനീയർ കൂടിയായ കെ.ഗോപാലകൃഷ്ണന് അറിയാത്തതല്ല. എന്നിട്ടും ഫോർമാറ്റ് ചെയ്ത ശേഷം ഫോണുകൾ കൈമാറിയത് ബോധപൂർവമാണെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പൊലീസിന് വ്യക്തമായി.
മൂന്നോ നാലോ തവണ ഫോർമാറ്റ് ചെയ്തശേഷം ഫോൺ നൽകിയതിനാൽ ഫോറൻസിക് പരിശോധനയിൽ ഹാക്കിങ്ങ് നടന്നുവെന്ന് സ്ഥിരീകരിക്കാനാകില്ല. ഇതും ഐ.ടി എഞ്ചിനീയറായ കെ. ഗോപാലകൃഷ്ണന് അറിയാമായിരുന്നു.
സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്ന് പൊലീസിനെ അറിയിച്ച ശേഷമായിരുന്നു ഫോണുകൾ ഫോർമാറ്റ് ചെയ്തതും. അതും ബുദ്ധിപരമായ നീക്കമെന്ന നിലയിലാണ് പൊലീസ് കണ്ടത്.
ഇതെല്ലാം വിശദീകരിച്ചുളള റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചത്. ഈ റിപ്പോർട്ടാണ് ആമുഖ കുറിപ്പോടെ പൊലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
മതാടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിനേക്കാൾ ഗുരുതരമായ കുറ്റമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകിയതിലൂടെ കെ. ഗോപാലകൃഷ്ണൻ ചെയ്തത്. ഇഷ്ടമുളള മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും എല്ലാ പൗരന്മാർക്കും ഭരണഘടനാ ദത്തമായ അവകാശം ഉളളതിനാൽ അതിനെ ഒരുപരിധി വരെ നിയമപരമായി ന്യായീകരിക്കാം.
ദേശവിരുദ്ധമോ നിയമ വിരുദ്ധമോ ആയ കാര്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെങ്കിൽ വാട്സാപ്പ് ഗ്രൂപ്പിനെ വലിയ കുറ്റമായി കണക്കാനാവില്ല. എന്നാൽ ഇക്കാര്യത്തിൽ ഗോപാലകൃഷ്ണൻ സ്വീകരിച്ച ചില നടപടികൾ ക്രിമിനൽ വാസന സൂചിപ്പിക്കുന്നതാണ്.
മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പ് ഉണ്ടാക്കിയത് ഉദ്യോഗസ്ഥർക്കിടയിൽ ചർച്ച ആയെന്ന് മനസിലാക്കി നാല് ദിവസം കഴിഞ്ഞാണ് മല്ലു മുസ്ലീം ഐ.എ.എസ് ഓഫിസേഴ്സ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
എല്ലാ വിഭാഗങ്ങൾക്കുമായി ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന് വരുത്തി തീർക്കാനായിരുന്നു ഇത്. അതിൽ തന്നെ ഐ.എ.എസ് ഉദ്യോഗസ്ഥൻെറ ദുഷ്ടലാക്ക് വ്യക്തമാണ്. മതാടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പുറത്തറിഞ്ഞതോടെ ഫോൺ ഹാക്കിങ്ങ് ചെയ്യപ്പെട്ടു എന്ന് കാണിച്ച് പരാതി നൽകിയതാണ് ഇതിനേക്കാൾ ഗൗരവമുളള കുറ്റം.
ഇടപെടുന്ന ഏത് കാര്യത്തിലും സ്വീകരിക്കുന്ന എല്ലാ നടപടിയിലും പൂർണമായും സത്യസന്ധത പാലിക്കണമെന്നാണ് ഓൾ ഇന്ത്യാ സിവിൽ സർവീസസ് റൂൾസ് പറയുന്നത്. ഇത് കൂടാതെ പൊതുനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ലെന്നും ചട്ടത്തിൽ പറയുന്നുണ്ട്.
അന്വേഷണ ഏജൻസിയെ തെറ്റിദ്ധിരിപ്പിക്കുന്നതിനായി ഫോൺ ഹാക്ക് ചെയ്തെന്ന കളളപ്പരാതി നൽകിയ കെ. ഗോപാലകൃഷ്ണൻ ഫലത്തിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇതിൽ വകുപ്പ് തല നടപടി അനിവാര്യമാണ്. മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് രാഷ്ട്രീയമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ സർക്കാരിൻെറ മറ്റ് നടപടിയും ഉണ്ടായേക്കും