/sathyam/media/media_files/2025/01/14/Wg6pg2UysyTKLYsNAsdM.jpg)
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റണോ എന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് 'റഫറണ്ടം' തുടങ്ങി.
നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അപ്രഖ്യാപിത അഭിപ്രായ വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്.
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, ബെന്നി ബെഹന്നാൻ എന്നീ നേതാക്കളുമായാണ് ദീപാദാസ് മുൻഷി ഇന്ന് കൂടിക്കാഴ്ച നടത്തിയത്. നാളേയ്ക്കകം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടും അഭിപ്രായമാരായും.
കെ.സുധാകരനെ മാറ്റുന്നതിൽ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം ആരായുകയാണ് ദീപാദാസ് മുൻഷിയുടെ ലക്ഷ്യം. കേരള നേതാക്കളുടെ മനസിലിരിപ്പ് എന്താണെന്ന് അറിഞ്ഞശേഷം കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിക്കും റിപോർട്ട് നൽകും.
നേരത്തെ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന പുനസംഘടന ചർച്ചകളിലാണ് ഇപ്പോൾ ഏറെക്കുറെ പരസ്യമായി ഹൈക്കമാൻഡ് കൂടി ഇടപെടുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുളള നേതാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന അഭിപ്രായമാണ് ഉളളത്.
രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാറട്ടെയെന്ന നിലപാടാണ്. എന്നാൽ മുല്ലപ്പളളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് പോലെ കെ.സുധാകരനെ അനായാസം മാറ്റാനാവില്ലെന്ന് നേതാക്കൾക്ക് നല്ല ബോധ്യമുണ്ട്.
അതുകൊണ്ടുതന്നെ മാറ്റാനാണ് തീരുമാനമെങ്കിൽ കെ.സുധാകരനെ കൂടി ബോധ്യപ്പെടുത്തി കൊണ്ട് മാത്രമേ തീരുമാനമെടുക്കാൻ കഴിയു എന്നാണ് നേതാക്കളുടെ അഭിപ്രായം.അതിന് ഹൈക്കമാൻഡ് തന്നെ മുൻകൈ എടുക്കേണ്ടി വരും.
ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ദേശിയ നേതൃത്വത്തെ വരെ അറിയിച്ചിരിക്കുന്ന സുധാകരനെ അക്കാരണം പറഞ്ഞ് മാറ്റുക പ്രയാസമായിരിക്കും.
കെ.പി.സി.സി അധ്യക്ഷന് തുല്യമായ മറ്റ് എന്തെങ്കിലും പദവി നൽകി അഘോഷപൂർവം യാത്രയാക്കിയില്ലെങ്കിൽ സുധാകരൻ നേതൃത്വത്തിനെതിരെ ശബ്ദം ഉയർത്താനാണ് സാധ്യത.
അങ്ങനെ സംഭവിച്ചാൽ തിരഞ്ഞെടുപ്പ് വർഷത്തിൽ കോൺഗ്രസിൽ തമ്മിലടിയാണെന്ന ധാരണ പരക്കും.ഇത്തരം സങ്കീർണമായ സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിൽ കെ.സുധാകരനെ മാറ്റുക എളുപ്പമല്ല.
സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ആവശ്യമാണോയെന്നും, നിലവിലെ നേതൃത്വവുമായി മുന്നോട്ടു പോയാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനം നടത്താൻ കഴിയുമോ എന്നാണ് എ.ഐ.സി.സി നേതൃത്വം നേതാക്കളോട് അന്വേഷിക്കുന്നത്.
രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് പുന:സംഘടന നടത്തേണ്ടത് അനിവാര്യമാണെന്ന നിർദ്ദേശം ഹൈക്കമാൻഡ് ഗൗരവമായി എടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന വർഷത്തിൽ കേരളത്തിലെ സംഘടനയിൽ ഒരുമയില്ലെന്ന കാര്യം കോൺഗ്രസ് ദേശിയ നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പൂർണ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതിയോട് നിർദ്ദേശിച്ചത്.
ഐക്യം പ്രകടമാക്കാൻ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും ഒരുമിച്ച് പത്ര സമ്മേളനം നടത്താനും നിശ്ചയിച്ചിരുന്നു.
എന്നാൽ പത്ര സമ്മേളനം നടന്നില്ല.നേതാക്കൾക്കിടയിലെ ഭിന്നത കൊണ്ടാണ് പത്രസമ്മേളനം നടത്താതെ രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിച്ച് പത്രക്കുറിപ്പ് ഇറക്കിയതെന്നാണ് സൂചന.
ദേശിയ നേതൃത്വം ഐക്യകാഹളം മുഴക്കിയ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം പാർട്ടിയിലെ ഐക്യമില്ലായ്മയാണ് പുറത്തുവരുന്നത് എന്നതാണ് വിചിത്രമായ കാര്യം. കേരളത്തിലെ കോൺഗ്രസിൻെറ ദൗർബല്യമാണ് ഇതിലൂടെ വെളിവാകുന്നത്.