ഒടുവിൽ ഒഴിയാൻ സന്നദ്ധത: കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധനായി കെ. സുധാകരൻ. എ.ഐ.സി.സിയിൽ ഉന്നത പദവി നൽകാൻ പാർട്ടി. അന്തിമ തീരുമാനം ഉടൻ. കെപി.സി.സി പുന:സംഘടന ഫെബ്രുവരിയിൽ പൂർത്തിയായേക്കും

എ.ഐ.സി.സി നേരിട്ട് നടത്തിയ പ്രവർത്തന വിലയിരുത്തലിന്റെ ഭാഗമായാവും മാറ്റങ്ങളുണ്ടാവുക

New Update
k sudhakaran kannur

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കും ആശയവിനിമയത്തിനുമവസാനം കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധനായി കെ.സുധാകരൻ.

Advertisment

ഇതുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ അദ്ദേഹം മാധ്യമങ്ങളിലൂടെയാണ് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നത്.


അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന സുധാകരന് എ.ഐ.സി.സിയിൽ ഉന്നത പദവി നൽകിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.


നേതൃമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ എ.ഐ.സി.സി നേതൃത്വത്തിൽ നിന്നുണ്ടാവും. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ പുന:സംഘടന വലിച്ചു നീട്ടുന്നതിനെതിരെ നേതാക്കൾ രംഗത്ത് വന്നിരുന്നു.

തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാഷ്ട്രീയകാര്യസമിതിയംഗങ്ങളെയും മുതിർന്ന നേതാക്കളെയും പ്രത്യേകമായി കാണുന്നതിനിടെയാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധതയുമായി സുധാകരൻ രംഗത്ത് വന്നത്. 


നിലവിൽ കണ്ണൂരിൽ നിന്നുള്ള പാർലമെന്റംഗം കൂടിയായ അദ്ദേഹത്തെ ഒരു പദവി നൽകി ദേശീയ നേതൃത്വത്തിന്റെ ഭാഗമാക്കാനാണ് ആലോചനയുള്ളത്.


kc venugopal vd satheesan deepadas munshi k sudhakaran

നടക്കാനിരിക്കുന്ന എ.ഐ.സി.സിയുടെ സമ്പൂർണ്ണ പുന:സംഘടനയിലാവും അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടന ചർച്ചകൾ തുടങ്ങിയെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം അത് ചൂടുപിടിക്കുകയായിരുന്നു. അതിന് മുമ്പ് നേതൃമാറ്റം സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയിരുന്നുവെങ്കിലും അതെങ്ങുമെത്തിയില്ല.

പിന്നീട് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ കൂടി വന്നതോടെ അത് നീണ്ട് പോകുകയായിരുന്നു. 


തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതിനിടെ നടക്കുന്ന പുന:സംഘടനയും നേതൃമാറ്റവും പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ഇതാണ് പാർട്ടി അഴിച്ചുപണിയാനുള്ള കൃത്യമായ സമയമെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ.


ഒരു കെ.പിസി.സി ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാരെന്ന നിലയിൽ 40 പേരെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുക.

ഭൂരിഭാഗവും യുവാക്കൾ വേണമെന്നും ധാരണയായിട്ടുണ്ട്. നിലവിൽ ജനറൽ സെക്രട്ടറിമാർ, ഡി.സി.സി അദ്ധ്യക്ഷൻമാർ എന്നിവരുടെ മാറ്റവും പരിഗണിക്കുന്നുണ്ട്.

k sudhakaran mp wayanad


 നിലവിൽ ഒഴിവുള്ള കെ.പി.സി.സിയുടെ ട്രഷറർ സ്ഥാനത്തടക്കം നിയമനം നടക്കും.


ഒരാൾക്ക് രണ്ട് പദവി പാടില്ലെന്ന ചിന്തൻ ശിബിരത്തിലെ തീരുമാനം കൂടി നടപ്പാക്കിയാൽ കൂടുതൽ പേർക്ക് നേതൃനിരയിലേക്ക് അവസരമുണ്ടാവുമെന്നും വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്ത് പാർട്ടിയുടെ പുന:സംഘടന ഫെബ്രുവരി അവസാനത്തോടെ സമ്പൂർണ്ണമാക്കാനാണ് നിലവിലെ തീരുമാനം.

Advertisment