കണ്ണൂരിൽ കെ.സുധാകരൻ തന്നെ, വീണ്ടും മത്സരിക്കാൻ സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചു. ഹൈക്കമാൻഡും അനുകൂല നിലപാടിൽ. മത്സരത്തിനിറങ്ങുമ്പോൾ സുധാകരന് കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയേണ്ടി വരും. സുധാകരനെ ഒഴിവാക്കാൻ തക്കംപാർത്തിരുന്ന ഹൈക്കമാൻഡ് തിരഞ്ഞെടുപ്പ് മത്സരം അവസരമാക്കിയേക്കും

New Update
k sudhakaran kannur

കോഴിക്കോട്: ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരൻ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായി. മത്സരിക്കാൻ ഒരുക്കമാണെന്ന് സുധാകരൻ കോൺഗ്രസ് ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചു.

Advertisment

കണ്ണൂരിലേക്ക് സുധാകരൻ നിർദ്ദേശിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തിന് എതിരെ എതിർപ്പ് ശക്തമായതും നേതാക്കളിൽ ഒരുവിഭാഗം സുധാകരൻ തന്നെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണം എന്ന നിലപാടിൽ ഉറച്ച്നിൽക്കുകയും ചെയ്തതോടെയാണ് മത്സരിക്കാനില്ലെന്ന മുൻനിലപാട് മാറ്റാൻ സുധാകരൻ നിർബന്ധിതമായത്.


സുധാകരൻ മനംമാറ്റി ഹൈക്കമാൻഡിനെ മത്സര സന്നദ്ധത അറിയിച്ചതിന് പിന്നാലെ കണ്ണൂരിലെ വിവിധയിടങ്ങളിൽ കെ. സുധാകരന് വോട്ട് അഭ്യർത്ഥിച്ച് പോസ്റ്ററുകൾ പതിച്ചു


കണ്ണൂർ മണ്ഡലത്തിൽ നിന്ന് കെ.സുധാകരൻ വീണ്ടും ലോകസഭയിലേക്ക് മത്സരിക്കണം എന്നായിരുന്നു ഹൈക്കാമാൻഡിൻെറയും താൽപര്യം. മത്സരിക്കുന്ന കാരണം ചൂണ്ടിക്കാട്ടി കെ.സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുക എന്നതാണ് ദേശിയ നേതൃത്വത്തിൻെറ താൽപര്യത്തിന് പിന്നിലെന്നാണ് സൂചന.

പ്രതിപക്ഷ നേതാവിന് നേരെയുണ്ടായ അശ്ളീല പരാമർ‍ശത്തോടെ സുധാകരൻ പദവിയിൽ തുടരുന്നതിനോട് ഹൈക്കമാൻഡിൽ പലർക്കും താൽപര്യമില്ല. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇതിൻെറ പേരിൽ സുധാകരനെ അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയാൽ അതും വിവാദം ആകുമെന്ന് ഭയന്നാണ് നടപടി എടുക്കാതെ പോയത്.

എന്നാൽ കണ്ണൂരിൽ സ്ഥാനാർത്ഥി ആയാൽ ആ കാരണം പറഞ്ഞ് സുധാകരനെ മാറ്റിയാൽ ന്യായീകരിക്കാനാവും.അതുകൂടി കണക്കിലെടുത്താണ് സുധാകരൻ വീണ്ടും മത്സരിക്കട്ടെയെന്ന് താൽപര്യപ്പെട്ടെതെന്നാണ് സൂചന.മത്സരിക്കുമ്പോൾ കെപിസിസി അധ്യക്ഷ പദവി ഒഴിയേണ്ടി വരുമെന്ന് കെ സുധാകരനോട് സൂചിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് ഉടൻ കൈക്കൊളളും. വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിൽ നടക്കുന്ന കോൺഗ്രസിൻെറ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ.


രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്


കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സുധാകരൻെറ മനോഗതം വ്യക്തമായ സാഹചര്യത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുകയാണ് .കെ.സുധാകരന് വേണ്ടി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഇതിൻെറ തെളിവാണ്.

അഴീക്കോട്, കണ്ണൂർ സിറ്റി മേഖലകളിലാണ് കെ.സുധാകരനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ പതിച്ചത്.തങ്ങളുടെ അറിവോടെയല്ല പോസ്റ്റർ പതിച്ചതെന്നാണ് നേതൃത്വം പറയുന്നതെങ്കിലും എതിർപ്പ് പരസ്യമാക്കി പ്രവർത്തകരുടെ ആവേശം ചോർത്താൻ ജില്ലാ നേതൃത്വം തയാറല്ല.

കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്നത് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ വികാരമാണ്. ആദ്യഘട്ടത്തിൽ മത്സരിക്കാനില്ലെന്ന് സുധാകരൻ. പകരക്കാരനായി കെ.ജയന്ത് മത്സരിക്കട്ടെയെന്നായി സുധാകരൻ. സുധാകരൻ കളത്തിലിറങ്ങുമെന്ന് വ്യക്തമായതോടെ മുസ്ലിംലീഗും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉഷാറാക്കി തുടങ്ങി.

Advertisment