കോട്ടയം: കോൺഗ്രസിൻെറ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻെറ റിപോർട്ടിൻെറ അടിസ്ഥാനത്തിൽ കെ.പി.സി.സി അധ്യക്ഷനെ അടക്കം മാറ്റി അഴിച്ചുപണി നടത്താനിരിക്കെ കനഗോലുവിൻെറ സംഘംഗങ്ങളെ കുറിച്ചുതന്നെ കോൺഗ്രസിൽ സംശയങ്ങളുയരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോൺഗ്രസിനെ രാഷ്ട്രീയമായും സംഘടനാപരമായും സജ്ജമാക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്ന കനഗോലു ടീമിലെ അംഗങ്ങളുടെ കൂറിനെപ്പറ്റിയാണ് നേതാക്കളും പ്രവർത്തകരും സംശയം പ്രകടിപ്പിക്കുന്നത്.
കനഗോലു ടീമിലെ കേരളത്തിലെ മുഖ്യസ്ഥാനം വഹിക്കുന്ന മുൻ മാധ്യമ പ്രവർത്തകനെ ചുറ്റിപ്പറ്റിയാണ് പ്രധാന സംശയം.
ഇടതുപക്ഷവുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ മുൻ മാധ്യമ പ്രവർത്തകൻ പാർട്ടി ക്യാമ്പിൽ കൈക്കൊളളുന്ന തീരുമാനങ്ങൾ അപ്പപ്പോൾ ഇടതുനേതാക്കള്‍ക്ക് ചോർത്തി നൽകുന്നുവെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം.
കെ.പി.സി.സി അധ്യക്ഷനെ ഉടൻ മാറ്റുന്നുവെന്ന തരത്തിൽ ഒരു വാർത്താ ചാനലിൽ ബ്രേക്കിങ്ങ് ന്യൂസ് വന്നതാണ് ചോർച്ചയുടെ ഏറ്റവും പ്രധാന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻെറ റിപോർട്ടിൻെറ അടിസ്ഥാനത്തിൽ എ.ഐ.സി.സി നേതാക്കൾക്ക് നൽകിയ പേരുകൾ അതേപടിയാണ് ചാനലിൽ വന്നത്.
/sathyam/media/media_files/2025/02/27/667c0e99881cb-475168.jpg)
കോൺഗ്രസ് വാർത്തകൾ റിപോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനിലേക്കാണ് പേരുകൾ ചോർത്തി നൽകിയത്. അപ്പോൾ തന്നെ കനഗോലു ടീമിലെ മുൻ മാധ്യമ പ്രവർത്തകനിൽ നിന്നാണ് വിവരം ചോർന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ ഉന്നത നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.
എന്നാൽ ഇക്കാര്യം സുനിൽ കനഗോലുവിനെ അറിയിക്കാൻ നേതൃത്വം കൂട്ടാക്കിയില്ല. കെ.പി.സി.സിയുടെ വാർ റൂമിൽ ഒരുങ്ങുന്ന തന്ത്രങ്ങളും സമാനമായി ചോരുന്നുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്ന സംശയം.
പാർട്ടി നേതൃത്വം ഉയർത്തി കൊണ്ടുവരുന്ന പ്രശ്നങ്ങളെ സി.പി.എം നേതാക്കൾ കനഗോലു തന്ത്രമെന്ന് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ഇതുകൊണ്ടാണെന്നും ആരോപണമുണ്ട്.
കനഗോലു ടീമിൻെറ ഭാഗമായി തലസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയതിന് പിന്നാലെ ഔട്ട് റീച്ച് പ്രോഗ്രാം എന്നപേരിൽ ഈ മുൻ മാധ്യമ പ്രവർത്തകൻ എല്ലാ പ്രധാന മാധ്യമ ഓഫീസുകളിലും പോയിരുന്നു.
ഇതിന് പിന്നാലെയാണ് നിയമസഭാ -തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കനഗോലു ടീം കോൺഗ്രസിന് വേണ്ടി പ്രവർത്തനം ആരംഭിച്ചതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ കൃത്യമായ തെളിവുകളോടെ വിഷയം കേരളത്തിലെ ചില നേതാക്കൾ എ.ഐ.സി.സി നേതൃത്വത്തിന് മുന്നിൽ എത്തിച്ചു.
ഇതിനെ പിന്നാലെ സംശയത്തിൻെറ നിഴലിൽ നിൽക്കുന്നയാളെ കേരളത്തിലെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് എ.ഐ.സി.സി നേതൃത്വം കനഗൊലുവിനോട് ആവശ്യപ്പെട്ടിരുന്നു.
തലസ്ഥാനത്ത് ഇംഗ്ളീഷ് ചാനലിൻെറ ലേഖകനായും പിന്നീട് ഡിജിറ്റൽ പ്ളാറ്റ് ഫോമിൻെറ സ്ഥാപകരിൽ ഒരാളായും പ്രവർത്തിച്ചയാണ് പിന്നീട് കനഗോലു ടീമിൽ ചേർന്നത്.
ഡിജിറ്റൽ പ്ളാറ്റ് ഫോമിൻെറ തലപ്പത്തുണ്ടായ പിണക്കത്തെ തുടർന്നാണ് മാധ്യമ പ്രവർത്തനത്തിന് ഇടവേള നൽകി ഇദ്ദേഹം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻെറ ടീമിൽ ചോർന്നത്.
കേരളത്തിൽ പ്രവർത്തിക്കുമ്പോൾ ഇടത് നേതാക്കളുമായും ഇടത് പക്ഷത്തോടൊപ്പം നിൽക്കുന്ന മാധ്യമപ്രവർത്തകരോടുമായിരുന്നു അടുപ്പം.
സി.പി.എമ്മിൻെറ നേതൃത്വവുമായുളള ഈ സൗഹൃദമാണ് കോൺഗ്രസ് നേതാക്കളിൽ സംശയങ്ങളുണ്ടാക്കിയത്. പ്രവർത്തനങ്ങളിൽ സൂക്ഷിക്കേണ്ട രഹസ്യാത്മകതയും ലംഘിച്ചതോടെയാണ് കോൺഗ്രസ് നേതാക്കൾ പരാതി ഉന്നയിക്കാൻ നിർബന്ധിതമായത്.