/sathyam/media/media_files/M2lOKfJDEJJYgxYCnZMI.jpg)
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്‍ എഴുതുന്ന 'ആത്മകഥ' പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുമോ ? ഇപി ഈ അവസരത്തില്‍ ആത്മകഥ എഴുതുമെന്ന് നടത്തിയ പ്രസ്താവനയുടെ ഉദ്ദേശ്യം തന്നെ പുതിയ സമ്മര്‍ദ്ദ തന്ത്രത്തിന്‍റെ ഭാഗമാണോ എന്ന ആശങ്കയാണ് പാര്‍ട്ടിക്കുള്ളത്.
സിപിഎം രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള നേതാവാണ് ഇപി. സമീപകാലത്ത് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളുടെയും പ്രതിരോധ, ആക്രമണ രാഷ്ട്രീയത്തിന്‍റെയും തന്ത്രങ്ങളും രഹസ്യങ്ങളും എല്ലാം അറിയുന്ന നേതാവും കൂടിയാണദ്ദേഹം.
പാര്‍ട്ടിയുടെ പോരാളി
പ്രത്യേകിച്ച് കോണ്‍ഗ്രസുമായും ബിജെപിയുമായി കലഹിച്ചും പ്രതിരോധിച്ചും ആക്രമണം നേരിട്ടും പ്രത്യാക്രമണം നടത്തിയും മുന്നേറിയ കണ്ണൂര്‍ ലോബിയിലെ അതികായനാണ് ഇപി.
പാര്‍ട്ടിക്കുവേണ്ടി ആക്രമണം നേരിടുകയും അന്നത്തെ വെടിയുണ്ട ഇപ്പോഴും ശരീരത്തില്‍ പേറുകയും ചെയ്യുകയാണദ്ദേഹം. പക്ഷേ ആ ത്യാഗത്തിനൊത്ത പരിഗണന പാര്‍ട്ടിയില്‍ നിന്നു ലഭിച്ചിട്ടില്ലെന്നാണ് ഇപിയുടെ പരാതി.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായെങ്കിലും ബന്ധുനിയമന വിവാദത്തില്‍ തട്ടി ഒരു വര്‍ഷ കാലം പുറത്തുനില്‍ക്കേണ്ടി വന്നു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇപി ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി പരിഗണിച്ചില്ല.
കൊടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറി പദവിയിലേയ്ക്ക് തനിക്ക് അവസരം പ്രതീക്ഷിച്ചെങ്കിലും സീനിയോറിറ്റി മറികടന്ന് പകരം എംവി ഗോവിന്ദനെ നിയോഗിച്ചത് ഇപിയെ വേദനിപ്പിച്ചു.
അവഗണന ആവര്‍ത്തിക്കപ്പെട്ടപ്പോള്‍
അതിനുശേഷം പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലേയ്ക്ക് ഒഴിവു വന്നപ്പോഴും ജയരാജന് പകരം ഗേവിന്ദന്‍ മാഷ് പരഗണിക്കപ്പെട്ടു. ഒടുവില്‍ താരതമ്യേന ജൂനിയര്‍ നേതാക്കള്‍ കൈകാര്യം ചെയ്യുന്ന ഇടതു മുന്നണി കണ്‍വീനര്‍ പദവിയാണ് ഇപിയ്ക്ക് നല്‍കിയത്.
ഇപ്പോള്‍ അതില്‍ നിന്നുപോലും പുറത്താക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നീണ്ട മൗനത്തിലൂടെ പാര്‍ട്ടി നടപടിയോട് ഇപി കടുത്ത അതൃപ്തി അറിയിച്ചിരിക്കുന്നത്.
ഇന്ന് നാട്ടില്‍ നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലും ഇപി പങ്കെടുത്തില്ല. അതിനിടയിലാണ് 'ആത്മകഥ' എഴുതുന്നു എന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഈ 'ആത്മകഥ' പാര്‍ട്ടിക്ക് തലവേദന ആകുമോ എന്ന ആശങ്കയിലാണ് സിപിഎം.