കണ്ണൂർ: സ്വാശ്രയ കോളജുകൾക്കെതിരായ ഡി.വൈ.എഫ്.ഐ സമരത്തിൽ വെടിയേറ്റ് വീണ പുഷ്പൻ 30 കൊല്ലങ്ങൾ നീണ്ട സഹനപർവം പൂർത്തിയാക്കി ഈ ലോകത്ത് നിന്ന് വിട്ടുപോയി.
ഞായറാഴ്ച രാവിലെ ജില്ലയിലേക്ക് കൊണ്ടുവരുന്ന മൃതദേഹത്തിൽ പാർട്ടി നേതാക്കൾ ആദരാഞ്ജലി അർപ്പിക്കും. കൂട്ടത്തിൽ ജില്ലാ കമ്മിറ്റി അംഗമായ എം.വി നികേഷ് കുമാറും ആദരാഞ്ജലി അർപ്പിച്ചേക്കാം.
അപ്പോൾ കാലചക്രത്തിൻെറ കറക്കം ഒരുവൃത്തം പൂർത്തിയാക്കും. നികേഷ് കുമാറിൻെറ പിതാവും സഹകരണ മന്ത്രിയും ആയിരുന്ന എം.വി. രാഘവന് നേരെ കരിങ്കൊടി കാണിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന വെടിവെയ്പിലാണ് പുഷ്പനും വെടിയേറ്റത്. തലയ്ക്ക് പിന്നിൽ വെടിയേറ്റ പുഷ്പൻ നീണ്ട 30 കൊല്ലമാണ് തളർന്ന ശരീരവുമായി സഹനജീവിതം നയിച്ചത്.
വെടിവെയ്പിന് കാരണമെന്ന് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിക്കുന്ന എം.വി.രാഘവൻെറ മകൻ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിൽ എത്തുന്നത് കൂടി കണ്ടാണ് പുഷ്പൻ ജീവൻ വെടിഞ്ഞത്.
പുഷ്പൻെറ ചേതനയറ്റ ശരീരത്തിൽ എം.വി. രാഘവൻെറ മകൻ എം.വി.നികേഷ് കുമാർ ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ ആദരാഞ്ജലി അർപ്പിക്കുമ്പോൾ കാലത്തിൻെറ തിരുത്ത് പൂർണമാകുമെന്നാണ് കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്ത ജില്ലയിലെ പാർട്ടി പ്രവർത്തകർ പറയുന്നത്.
എം.വി.രാഘവൻെറ മകൻ സി.പി.എമ്മിൽ എത്തിയത് മാത്രമല്ല ഇക്കാലത്തിനിടയിൽ പാർട്ടിയുടെയും പോഷകസംഘടനകളും എല്ലാം സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റവും വന്നു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ വാളെടുത്ത് നിന്ന സി.പി.എമ്മും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും എല്ലാം അതിനോട് പൊരുത്തപ്പെടുക മാത്രമല്ല, പാർട്ടി തന്നെ സഹകരണ മേഖലയിൽ സ്വാശ്രയ സ്ഥാപനങ്ങൾ വരെ തുടങ്ങി. കൂത്തുപറമ്പിൽ വീണ ചോരയോട്, രക്തസാക്ഷികളായവരോട് സി.പി.എം നീതികാട്ടിയത് ഈ വിധമൊക്കെയാണ്.
അതുകൊണ്ടാണ് 30 കൊല്ലം തളർന്ന് കിടന്ന് ജീവിതം ഹോമിച്ച പുഷ്പൻെറ ചേതന അറ്റ ശരീരത്തിൽ എം.വി.നികേഷ് കുമാർ കൂടി പുഷ്പചക്രം അർപ്പിക്കുമ്പോൾ കാലചക്രം ഒരു വൃത്തം പൂർത്തിയാക്കിയെന്ന് പാർട്ടി അംഗങ്ങൾ തന്നെ അടക്കം പറയാൻ കാരണം.
5 പേരുടെ രക്തസാക്ഷിത്വത്തിന് ഇടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പിന് കാരണക്കാരനായ എം.വി.രാഘവൻെറ മകന് 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം സീറ്റ് നൽകിയിരുന്നു. എന്നാൽ അഴിക്കോട് മണ്ഡലത്തിൽ കെ.എം.ഷാജിയോട് കനത്ത തോൽവിയായിരുന്നു ഫലം.
പാർട്ടി അണികൾക്കിടയിൽ ഉണ്ടായ എതിർപ്പാണ് നികേഷ് കുമാറിൻെറ പരാജയത്തിന് കാരണമായത്. 2021ൽ കെ.വി. സുമേഷ് മത്സരിക്കാൻ എത്തിയതോടെ അഴീക്കോട് തിരിച്ചുപിടിക്കാനായത് ഈ വിലയിരുത്തലിന് അടിവരയിടുകയും ചെയ്തു.
വളരെ പാവപ്പെട്ട കുടൂംബത്തിൽ ജനിച്ച് തൊഴിലാളിയായി ബംഗലരുവിൽ ജോലി ചെയ്യുന്നതിന് ഇടയിൽ അവധിക്ക് എത്തിയപ്പോഴാണ് പുഷ്പൻ കൂത്തുപറമ്പിൽ നടന്ന കരിങ്കൊടി സമരത്തിൽ പങ്കെടുക്കാൻ പോയത്. മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്ന സമരം സംഘർഷ ഭരിതമായപ്പോഴാണ് പൊലിസ് യുവജന സമരത്തിന് നേരെ നിറയൊഴിച്ചത്.
1994 നവംബർ 25 ന് വൈകുന്നേരം നടന്ന വെടിവെയ്പിൽ 5 പേരാണ് മരണത്തിന് കീഴടങ്ങിയത്. കെ.കെ.രാജീവൻ, കെ.വി.റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവരാണ് കൂത്തുപറമ്പിൻെറ മണ്ണിനെ സ്വന്തം ചോരകൊണ്ട് ചുവപ്പിച്ച് രക്തസാക്ഷികൾ ആയത്.
ചൊക്ളി മേനപ്രത്ത് പുതുക്കുടി പുഷ്പന് അവിടെ വെച്ച് തലക്ക് പിന്നിൽ വെടിയേറ്റു. വെടിയേറ്റ് ശരീരമാകെ തളർന്നുപോയ പുഷ്പന് നീണ്ടകാലത്തെ ആശുപത്രി വാസം വേണ്ടിവന്നിരുന്നു.
30 കൊല്ലത്തെ സഹന ജീവിതത്തിന് കൊടിപ്പടം താഴ്ത്തി പുഷ്പൻ ഇന്ന് വിടപറഞ്ഞപ്പോൾ കേരളത്തിൻെറ സമരചരിത്രത്തിൽ സുപ്രധാന കണ്ണിയായിരുന്ന ഒരാളെയാണ് നഷ്ടമാകുന്നത്.