അറസ്റ്റ്, കീഴടങ്ങൽ - പിപി ദിവ്യയും സിപിഎമ്മും രണ്ടു തട്ടിൽ ? ഇനി നിയമ നടപടിക്ക് കീഴടങ്ങുകയല്ലാതെ മാർഗമില്ലെന്ന് പാർട്ടി, ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ദിവ്യ. നിഷേധിച്ചു സിപിഎം. രക്തസമ്മർദ്ദം കൂടുകയും ദിവ്യയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് ഇന്നലെ പാർട്ടിയുടെ കീഴടങ്ങൽ സന്ദേശം എത്തിയ പിന്നാലെ

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിവ്യ നിയമനടപടിക്ക് വിധേയയാകണം എന്ന സന്ദേശം സിപിഎം നേതൃത്വം ദിവ്യയ്ക്ക് കൈമാറിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
pp divya
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂര്‍: അറസ്റ്റ്, കീഴടങ്ങല്‍ എന്നീ കാലങ്ങളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയും സിപിഎമ്മും രണ്ടു തട്ടിലേയ്ക്ക്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിവ്യ നിയമനടപടിക്ക് വിധേയയാകണം എന്ന സന്ദേശം സിപിഎം നേതൃത്വം ദിവ്യയ്ക്ക് കൈമാറിയിരുന്നു.

Advertisment

എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും വരെ അറസ്റ്റിന് സാവകാശം അനുവദിക്കണമെന്ന് ദിവ്യ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.


കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍തന്നെ കീഴടങ്ങണമെന്ന സന്ദേശം ഇന്നലെ തന്നെ പാര്‍ട്ടി നേതൃത്വം ദിവ്യയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ദിവ്യ അതിനോട് വഴങ്ങിയില്ല. മാത്രമല്ല, ദിവ്യയുടെ രക്തസമ്മര്‍ദം ഉയരുകയും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അവര്‍ ചികിത്സ തേടുകയും ചെയ്യുകയായിരുന്നു.


എന്നാലും കീഴടങ്ങലല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് പാര്‍ട്ടി ദിവ്യയോട് നിര്‍ദേശിച്ചതായാണറിവ്. പ്രത്യേകിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇനിയും ദിവ്യയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭരണ നേതൃത്വം.


അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പാര്‍ട്ടിയേയും അറിയിച്ചിരുന്നു. ഇതോടെ ദിവ്യ സമ്മര്‍ദത്തിലാണ്. ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ദിവ്യ നടത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം പാര്‍ട്ടി നിലപാട് കടുപ്പിച്ചതോടെ ദിവ്യ ഉടന്‍ കീഴടങ്ങും എന്നാണ് അവരോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയെ അനുസരിച്ചില്ലെങ്കില്‍ അത് കേസിന്‍റെ മുന്നോട്ടുള്ള വഴിയില്‍ ദോഷം ചെയ്യുമെന്ന് ദിവ്യ കരുതുന്നു.  

Advertisment