കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍റെ വിവാദ മൊഴി കച്ചിത്തുരുമ്പാക്കി പ്രതി പിപി ദിവ്യ കോടതിയില്‍. തനിക്ക് തെറ്റു പറ്റിയെന്ന് യാത്രയയപ്പ് സമ്മേളനത്തിനു ശേഷം നവീന്‍ ബാബു കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ജാമ്യത്തിനായി ദിവ്യയുടെ വാദങ്ങളേറെയും.
നവീന്‍ ബാബു അഴിമതി കാണിച്ചുവെന്ന് സമര്‍ത്ഥിക്കാനായിരുന്നു ഇന്നും ദിവ്യയുടെ നീക്കം. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന വാദം തെളിയിക്കാന്‍ കൂടുതല്‍ വാദങ്ങള്‍ നിരത്തുകയായിരുന്നു ദിവ്യ.
നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിന് പറഞ്ഞ സമയത്ത് എഡിഎമ്മും പ്രശാന്തനും ഒരേ ടവ്വര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു, അതിനു മുമ്പായി ഇരുവരും 26 സെക്കന്‍റ് നേരം ഫോണില്‍ സംസാരിച്ചു, കൈക്കൂലി പണം സംഘടിപ്പിക്കാന്‍ പ്രശാന്തന്‍ തലേദിവസം സഹകരണ ബാങ്കില്‍ സ്വര്‍ണം പണയം വച്ച് ഒരു ലക്ഷം രൂപ വായ്പ എടുത്തു തുടങ്ങിയ വാദങ്ങള്‍ ദിവ്യ കോടതിയില്‍ ഉന്നയിച്ചു.
അതേസമയം യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ സമ്മതിച്ചു.
4 കോടിയുടെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ നടക്കുന്ന വ്യക്തിക്ക് പദ്ധതിയുടെ എന്‍ഒസി സംഘടിപ്പിക്കാന്‍ ഒരു ലക്ഷം രൂപയ്ക്കായി സ്വര്‍ണം പണയംവച്ച് വായ്പ സംഘടിപ്പിക്കേണ്ടി വന്നു എന്നതാണ് ഏറെ കൗതുകകരം.
അതേ വിഷയം ഇന്നും ദിവ്യ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. കൈക്കൂലി കൊടുക്കാന്‍ സ്വര്‍ണം പണയം വച്ച് പ്രശാന്തന്‍ പണം സ്വരൂപിച്ചിരുന്നു എന്നതാണ് കൈക്കൂലിക്ക് തെളിവായി പറഞ്ഞ വാദം.