കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തെ വേണ്ടപ്പെട്ടവര്‍ ഭയക്കുന്നു എന്നതിനു തെളിവാണ് കുടുംബത്തിന്‍റെ ആവശ്യം തള്ളിയ സിപിഎം നിലപാട്.
സിബിഐ അന്വേഷണത്തില്‍ സിപിഎമ്മും പ്രതിഭാഗത്തുള്ള സിപിഎം നേതാവ് പിപി ദിവ്യയും അടക്കം ഭയക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
ഒന്ന്, നവീന്‍ ബാബുവിന്‍റെ ആത്മഹത്യാ കുറിപ്പിനെ സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമോ ? ഉണ്ടെങ്കില്‍ കത്ത് മുക്കിയത് കണ്ടെത്തുമോ.
രണ്ട്, വിവാദ പെട്രോള്‍ പമ്പ് ഇടപാടില്‍ യഥാര്‍ഥ ബനാമി ആര്, അവരുടെ സമ്പാദ്യത്തിന്‍റെ സോഴ്സ് എന്ത് ? അതിനു പുറമെ മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയെന്ന് പറയുന്ന പരാതിയുടെ ആധികാരികതയും കള്ള ഒപ്പും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍, അതിനു പിന്നിലെ ഗൂഢാലോചന എന്നിവയൊക്കെ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന വിഷയങ്ങളാണ്.
/sathyam/media/media_files/2024/11/27/JlGNIiNdAwzrJzIdp7g1.jpg)
തലേദിവസം തനിക്കെതിരെ ഉണ്ടായ അതീവ ഗുരുതരമായ ഒരു ആരോപണത്തില്‍ മനംനൊന്ത് സത്യസന്ധനായ ഒരുദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യും മുമ്പ് തന്‍റെ നിരപരാധിത്വം വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ഉണ്ടാകും എന്ന സംശയം ശക്തമാണ്.
പക്ഷേ മരണശേഷം ആത്മഹത്യ നടന്ന ക്വാര്‍ട്ടേഴ്സിലെത്തിയ പോലീസ് ഈ കത്ത് മാറ്റിയിട്ടുണ്ടെന്ന സംശയമാണ് നവീന്‍ ബാബുവിന്‍റെ കുടുംബത്തിനുള്ളത്. അതിനാലാണ് അവര്‍ സിബിഐ അന്വേഷണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.
4 കോടിയോളം മുടക്കി പെട്രോള്‍ പമ്പ് തുടങ്ങാനായി ഇറങ്ങിത്തിരിച്ച പ്രശാന്തന് നവീന്‍ ബാബുവിന് 'കൈക്കൂലി' കൊടുക്കാന്‍ പണം കണ്ടെത്താന്‍ ഭാര്യയുടെ സ്വര്‍ണം പണയം വെയ്ക്കേണ്ടിവന്നെന്ന മറ്റൊരു കഥയും സംശയമുനയിലാണ്.
/sathyam/media/media_files/2024/11/27/Cg7ArEY0Jxc7brfPHP4H.jpg)
അങ്ങനെ ആകെക്കൂടി ദുരൂഹതകള്‍ നിറഞ്ഞതാണ് ദിവ്യയുടെ ഇടപെടലുകളും പ്രശാന്തന്‍റെ പരാതി കഥകളും പോലീസ് എടുത്ത നടപടികളുമൊക്കെ. അതിനാല്‍ തന്നെയാണ് നിലവിലെ അന്വേഷണത്തോട് നവീന്‍ ബാബുവിന്‍റെ കുടുംബം സഹകരിക്കാത്തതും.
ഇപ്പോള്‍ സിബിഐ അന്വേഷണ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി തള്ളിയതോടെ ഇക്കാര്യത്തില്‍ സിപിഎം പ്രതിക്കൊപ്പമാണെന്ന വിലയിരുത്തല്‍ പുറത്തുവന്നുകഴിഞ്ഞു. ഇനി നവീന്‍റെ കുടുംബത്തിന് ഇതുവരെ വിശ്വസിച്ച പാര്‍ട്ടിയെ അവഗണിച്ച് കോടതിയെ സമീപിക്കാം.