കണ്ണൂർ: അനുയോജ്യമായ രീതിയിൽ സ്ഥലം ലഭിച്ചില്ലെങ്കിലും കൃഷി ചെയ്യുവാന്‍ ഏറെ താല്പര്യമുള്ളവർക്ക് മട്ടുപ്പാവില്‍ പത്ത് സ്‌ക്വയര്‍ മീറ്റര്‍ ഏരിയയില്‍ ഏത് കാലാവസ്ഥയിലും വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനായി മിനി പോര്‍ട്ടബിള്‍ മഴമറ വികസിപ്പിച്ച് പിണറായിയിലെ കാര്‍ഷിക കര്‍മസേന.
ഇതിന്റെ ഓരോ ഭാഗവും ഊരിമാറ്റുവാനും ഘടിപ്പിക്കാനും സാധിക്കുന്നതിനാല്‍ സ്ഥലസൗകര്യം അനുസരിച്ച് എവിടെയും സ്ഥാപിക്കാം. കൃഷി സമൃദ്ധിയുമായി ബന്ധപ്പെട്ട് എല്ലാവീടുകളിലും ജൈവകൃഷി സാധ്യമാക്കുന്നതിനാണ് മിനി പോര്‍ട്ടബിള്‍ മഴമറ നടപ്പിലാക്കിയത്. ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പാണ് മിനി പോര്‍ട്ടബിള്‍ മഴമറയെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
എല്ലാവീടുകളിലും ജൈവകൃഷി സാധ്യമാക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഇങ്ങനെ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി പത്ത് പേരടങ്ങുന്ന പിണറായി ചെങ്ങായീസ് എന്ന കൃഷിക്കൂട്ടം കൂണ്‍ ഉപയോഗിച്ച് ഇരുപത്തഞ്ചോളം വിഭവങ്ങള്‍ തയ്യാറാക്കി സ്റ്റാളുകളില്‍ വില്‍പ്പന നടത്തി.
ചെറിയ പരിപാടികള്‍, ബേക്കറികള്‍, തട്ടുകടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഗ്രൂപ്പ് പ്രധാനമായും വിപണനം നടത്തുക. പിസ, ബര്‍ഗര്‍, മഷ്‌റൂം കിഴി, മഷ്‌റൂം പത്തല്‍, പാസ്ത തുടങ്ങിവയാണ് പ്രധാന വിഭവങ്ങള്‍.