Advertisment

കാര്യവട്ടം കാമ്പസിൽ ഇടിമുറിയില്ല ! സംഘർഷത്തിൽ എസ്.എഫ്.ഐയെ വെളളപൂശി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്; കെ.എസ്.യു നേതാവിനെ ഇടിമുറിയിൽ കൊണ്ടുപോയി മർദ്ദിച്ചിട്ടില്ലെന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ; ഇടിമുറിയെന്ന് ആരോപിക്കുന്ന ഗവേഷണ വിദ്യാർത്ഥിയുടെ മുറി സംഘർഷദിവസം അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് രജിസ്ട്രാർ; റിപ്പോർട്ടിൻെറ വിശ്വാസ്യത ചോദ്യം ചെയ്ത് കെ.എസ്.യു

കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ സംഘർഷത്തില്‍ എസ്.എഫ്.ഐയെ കുറ്റവിമുക്തരാക്കികൊണ്ട് രജിസ്ട്രാർ  റിപ്പോര്‍ട്ട് നൽകി

New Update
kariavattom campus

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ സംഘർഷത്തില്‍ എസ്.എഫ്.ഐയെ കുറ്റവിമുക്തരാക്കികൊണ്ട് രജിസ്ട്രാർ  റിപ്പോര്‍ട്ട് നൽകി. കെ.എസ്.യു നേതാവിനെ ഇടിമുറിയില്‍ കൊണ്ട് പോയി മർദിച്ചിട്ടില്ലെന്നാണ് സർവകലാശാല രജിസ്ട്രാർ കെ.എസ്.അനിൽ കുമാർ വൈസ് ചാൻസലർക്ക് നൽകിയിരിക്കുന്ന റിപ്പോർട്ട്. സർവകലാശാല കാമ്പസിൽ ഇടിമുറിയുണ്ടെന്ന ആക്ഷേപത്തിൽ നിന്നും എസ്.എഫ്.ഐയെ  യൂണിവേഴ്സിറ്റി രജിസ്ട്രാർ കുറ്റവിമുക്തരാക്കുന്നുണ്ട്.

Advertisment

കാമ്പസിൽ ഇടിമുറിയില്ലെന്നാണ് രജിസ്ട്രാറുടെ റിപ്പോർട്ടിലെ നിഗമനം. മർദ്ദനവും ഇടിമുറിയും ഒന്നുമില്ലെന്ന് പറയുന്ന രജിസ്ട്രാറുടെ റിപ്പോർട്ട് പക്ഷേ  കാമ്പസിൽ സംഘർഷമുണ്ടായെന്ന് സ്ഥിരീകരിക്കുന്നുണ്ട്. സംഘർഷത്തിന് തുടക്കമിട്ടത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് പരാമർശിച്ചുകൊണ്ട് നിഷ്പക്ഷത നടിക്കാനും രജിസ്ട്രാർ വിഫലശ്രമം നടത്തിയിട്ടുണ്ട്.


എന്നാൽ സംഘടനാ നേതാവായ സാൻജോസിനെ  ഇടിമുറിയില്‍ കൊണ്ടു പോയിട്ടില്ലെന്ന രജിസ്ട്രാറുടെ റിപ്പോർട്ട് തളളിക്കളഞ്ഞ് കൊണ്ട് കെ.എസ്.യു രംഗത്തെത്തി.


കാര്യവട്ടം കാമ്പസിലെ മെന്‍സ് ഹോസ്റ്റലിലെ 121-ാം  നമ്പർ മുറിയില്‍ കൊണ്ടുപോയി സാന്‍ജോസിനെ ക്രൂരമായി മർദിച്ചുവെന്നായിരുന്നു കെ.എസ്.യുവിന്‍റെ ആരോപണം. ഇതിന് കടകവിരുദ്ധമാണ് സർവകലാശാലാ രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്.

ഹോസ്റ്റലിലെ 121-ാം  നമ്പർ മുറി ഗവേഷക വിദ്യാർത്ഥിക്കാണ്  അനുവദിച്ചിട്ടുളളത്. സംഘർഷം നടന്ന ദിവസം ഈ മുറി പൂട്ടിക്കിടക്കുകയായിരുന്നവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇടി മുറിയിൽ കൊണ്ടുപോയി തല്ലിയെന്ന ആക്ഷേപം നിരാകരിക്കുന്നതിനായി  കാമ്പസില്‍ ഇടിമുറിയേയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

രജിസ്ട്രാറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻെറ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടാണ് കെ.എസ്.യു റിപ്പോർട്ടിലെ എസ്.എഫ്.ഐ അനുകൂല നിലപാടുകളെ തളളിക്കളയുന്നത്. ഇടത് അധ്യാപകർ മാത്രമാണ്  അന്വേഷണ സമിതിയിൽ ഉൾപ്പെട്ടിട്ടുളളത്. രാഷ്ട്രീയ താൽപര്യം സംരക്ഷിച്ച് കൊണ്ട്  കുറ്റക്കാരായ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാനാണ് അന്വേഷണ സമിതി ശ്രമിച്ചതെന്നാണ് കെ.എസ്.യുവിൻെറ വിമർശനം.


വൈസ് ചാൻസലർക്ക് സമർപ്പിച്ച ഈ റിപ്പോർട്ടിന് അതുകൊണ്ടുതന്നെ ഒരു വിശ്വാസ്യതയുമില്ലെന്നാണ് കെ.എസ്.യു നേതാക്കളുടെ നിലപാട്.


 കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന് തുടക്കം കുറിച്ചത് എസ്.എഫ്.ഐ ആണെന്നത് മാത്രമാണ് റിപ്പോർട്ടിലുളള കെ.എസ്.യുവിന് ആശ്വാസകരമായ ഏക കാര്യം. സംഭവ ദിവസം കെ.എസ്.യു നേതാവ് കാര്യവട്ടം കാമ്പസിൽ എത്തിയിരുന്നു. കെ.എസ്.യു പ്രവർത്തകയും കാമ്പസിലെ ഹോസ്റ്റലിലെ താമസക്കാരിയുമായ സഹോദരിയുമായി ബൈക്കിലാണ് എത്തിയത്. വലിയബാഗുകളുമായി എത്തിയ വിദ്യാർത്ഥിനിയെ ഹോസ്റ്റലിലാക്കുന്നതിനായി കാമ്പസിലേക്ക് പ്രവേശിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരൻ കെ.എസ്.യു നേതാവിനെ അനുവദിച്ചിരുന്നു.

മടങ്ങി വരുമ്പോഴാണ്   എസ്എ.ഫ്.ഐ പ്രവർത്തകർ ഇയാളെ  തടഞ്ഞുനിർത്തുകയും ബൈക്കിന്‍റെ താക്കോലൂരിയെടുക്കുകയും ചെയ്തത്. ബൈക്കിൻെറ താക്കോലുമായി ഹോസ്റ്റലിലേക്ക് പോയ എസ്.എഫ്.ഐ പ്രവർത്തകർക്ക് പിന്നാലെ കെ.എസ്.യു പ്രവർത്തകരും സംഘടിച്ച് ഹോസ്റ്റലിന് മുന്നിലേക്ക് വന്നു.

തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് രജിസ്ട്രാറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. രജിസ്ട്രാർക്ക്  സമർപ്പിച്ച റിപ്പോർട്ടിൽ വൈസ് ചാൻസലർ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി അറിയാനുളളത്.

വി.സിയുടെ അധിക ചുമതല വഹിക്കുന്ന ഡോ. മോഹൻ കുന്നുമ്മൽ സംസ്ഥാന സർക്കാരിൻെറ വരുതിക്ക് നിൽക്കുന്നയാളല്ല. ചാൻസലറായ ഗവർണറുടെ നിലപാടുകളോട് ആഭിമുഖ്യം പുലർ‍ത്തുന്നയാളാണ് വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ.

സർവകലാശാലാ രജിസ്ട്രാറുടെ റിപോർട്ട് പൊലീസ് അന്വേഷണത്തെ സ്വാധീനിക്കുമോയെന്നതും പ്രധാനമാണ്. കെ.എസ്.യു നേതാവ് സാൻജോസിനെ മർ‍ദ്ദിച്ച സംഭവത്തിൽ ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായിട്ടില്ല. പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർ ഒളിവിലാണെന്ന കാരണം പറഞ്ഞാണ് പൊലീസ് അറസ്റ്റ് വൈകിക്കുന്നത്.

സർവകലാശാല റിപോർട്ട് എസ്.എഫ്.ഐക്ക് അനുകൂലമായ സ്ഥിതിക്ക് ഇനി അറസ്റ്റിലേക്ക് കടക്കാൻ പൊലീസ് തയാറാകുമോയെന്നും കെ.എസ്.യു പ്രവർത്തകർക്ക് ആശങ്കയുണ്ട്.

റിസർച്ചേഴ്സ് യൂണിയൻ ചെയർ മാനും എസ്.എഫ്.ഐ നേതാവുമായ അജിന്ത് അജയ് , എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്  അഭിജിത് എന്നിവരടക്കം കണ്ടാലറിയുന്ന 21 പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞുവെയ്ക്കൽ, മർദ്ദനം. ആയുധം കാട്ടി ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയുളള കേസിലാണ് പൊലീസിൻെറ ഈ കളളക്കളി.

Advertisment