കാര്യവട്ടം സ്റ്റേഡിയത്തിന് 37 ഏക്കർ ഭൂമി നൽകിയ കേരള സർവകലാശാലയ്ക്ക് 82 കോടിയുടെ പാട്ടകുടിശിക. രാഷ്ട്രീയം കളിച്ച് യൂണിവേഴ്സിറ്റിക്ക് കിട്ടേണ്ട കോടികൾ കളയുന്നു. 15വ‌ർഷം കഴിഞ്ഞ് സ്റ്റേഡിയം യൂണിവേഴ്സിറ്റിക്ക് തിരിച്ചെടുക്കാം. കാലിക്കറ്റിൽ 500 കോടിയുടെ 42 ഏക്കർ നൽകാനും വഴിവിട്ട നീക്കം. യൂണിവേഴ്സിറ്റികളുടെ കോടാനുകോടികളുടെ ഭൂമി അന്യാധീനപ്പെടുമ്പോൾ

New Update
s

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനായി 37 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയ കേരള സർവകലാശാലയ്ക്ക് പാട്ടക്കുടിശികയായി കിട്ടാനുള്ളത് 82കോടി രൂപ.

Advertisment

സ്റ്റേഡിയം കരാറുകാരാണ് ഈ തുക നൽകേണ്ടത്. വൈസ്ചാൻസലർ ചെയർമാനായി സ്റ്റേഡിയം മേൽനോട്ട കമ്മിറ്റിയുണ്ടെങ്കിലും പാട്ടകുടിശ്ശിക ഈടാക്കുന്നതിന് നടപടികളില്ല.


കാര്യവട്ടം സ്പോർട്ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജൻസിയുമായും സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ഗെയിംസ് സെക്രട്ടറിയേറ്റുമായാണ് സർവകലാശാല കരാറിൽ ഒപ്പു
വച്ചിട്ടുള്ളത്.


സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല മാത്രം ക്രിക്കറ്റ് അസോസിയേഷന് നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തോട് അനുബന്ധമായി സിനിമാ തിയേറ്ററുകൾ, റസ്റ്റോറൻറ്, സ്വിമ്മിംഗ് പൂൾ, കോൺഫറൻസ് ഹാളുകൾ, വിവാഹങ്ങൾ നടത്താൻ സൗകര്യമുള്ള ആഡിറ്റോറിയം, ഐടി ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്.

2010ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് സ്റ്റേഡിയത്തിന് ഭൂമി കൈമാറാൻ തീരുമാനിച്ചത്. 2012ൽ ഉമ്മൻചാണ്ടി സർക്കാർ ഭൂമി പാട്ടവ്യവസ്ഥയിലാണ് കൈമാറേണ്ടതെന്ന് തീരുമാനിച്ചു.


ആറുകോടി രൂപ മാത്രമാണ് പാട്ടതുകയായി സർവകലാശാലയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പാട്ടത്തുക വാങ്ങാതെ കഴിഞ്ഞ 10 വർഷമായി സ്റ്റേഡിയം പ്രവർത്തിക്കാൻ അനുവദിച്ചതെന്ന് ആക്ഷേപമുണ്ട്.


15വർഷ പാട്ട കാലാവധിക്കാണ് സർവകലാശാലയുടെ ഭൂമി സ്റ്റേഡിയം നിർമ്മാണത്തിന് കൈമാറിയത്. 15 വർഷം കഴിഞ്ഞാൽ സ്റ്റേഡിയം സർവകലാശാല നേരിട്ട് നടത്തുകയോ കരാർ പുതുക്കി നൽകുകയോ ചെയ്യാനാവും.

കാര്യവട്ടത്ത് പാട്ടത്തുക കിട്ടാതിരിക്കുമ്പോഴും കാലിക്കറ്റ് സർവകലാശാലോട് സ്റ്റേഡിയം നിർമ്മാണത്തിന് 42 ഏക്കർ ഭൂമി സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.  500 കോടി രൂപ മതിപ്പുള്ള ഭൂമിയാണിത്.

ദേശീയപാതയോട് ചേർന്നുള്ള ഭൂമിയാണിത്. ഫുട്ബാൾ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, ഷോപ്പിംഗ് കോംപ്ലക്സ് എന്നിവ നിർമ്മിക്കും. സിൻഡിക്കേറ്റ് ഉപസമിതി മന്ത്രിയുമായി ചർച്ച നടത്തി ഭൂമി നൽകാൻ സന്നദ്ധതയറിയിച്ചു. 


കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ക്യാമ്പസ്സിനുള്ളിലുള്ളപ്പോൾ മറ്റൊരു സ്റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചോദിക്കുന്നത്.


ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി നൂതന കോഴ്സുകൾ ആരംഭിക്കുന്നതിന് കൂടുതൽ സ്ഥലം ആവശ്യമാണ്. 400 കോടി വില വരുന്ന കേരള സർവകലാശാലയുടെ 37 ഏക്കർ ഭൂമി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയിൽ വിട്ടു കൊടുത്തതിന് സമാനമായാണ് കാലിക്കറ്റിലെയും ഭൂമിയിടപാട്.

2022 ഡിസംബർ വരെ പാട്ടത്തുകയായി കേരള സർവകലാശാലയ്ക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ട്. നിലവിൽ 84 കോടിയാണ് കുടിശിക. സിനിമ തീയേറ്ററുകൾ, റസ്റ്റോറൻറ്, നീന്തൽ കുളം, വിവാഹ മണ്ഡപം, കോൺഫറൻസ് ഹാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയ സ്റ്റേഡിയത്തോട് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്.

കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകളോട് അനുബന്ധമായി സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ സയൻസ് പാർക്കുകൾ ആരംഭിക്കുന്നതിനും സർവകലാശാലകളുടെ ഭൂമി വിട്ടു നൽകുന്നുണ്ട്.

കേരള സർവകലാശാലയുടെ കാര്യവട്ടത്തെ നൂറു കോടി വില വരുന്ന പത്തേക്കർ ഭൂമി സയൻസ് പാർക്കിനു സൗജന്യമായി വിട്ടുകൊടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.

Advertisment