/sathyam/media/media_files/2025/03/02/casa-2-897x538-333457.jpg)
തിരുവനന്തപുരം:ബി.ജെ.പി - സംഘപരിവാർ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന കാസയുടെ രാഷ്ട്രീയപ്പാർട്ടി രൂപീകരണ തീരുമാനേത്താട് ക്രൈസ്തവ വിശ്വാസികൾ മുഖം തിരിക്കുന്നുവെന്ന് സൂചന. ഒരു കാലത്തും തങ്ങളെ പിന്തുണയ്ക്കാത്ത വർഗീയ കക്ഷികളോട് എങ്ങനെ ചേർന്ന് നിൽക്കുമെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കും വിധം വർഗീയ കാഴ്ച്ചപ്പാടുകൾ പ്രചരിപ്പിക്കുന്ന കാസയോട് തന്നെ ഭൂരിപക്ഷം സഭാ വിശ്വാസികൾക്കും താൽപര്യമില്ല. തന്നെയുമല്ല സഭാ നേതൃത്വങ്ങളെ തള്ളി കാസയോട് ഒപ്പം നിൽക്കാനാവില്ലെന്ന വികാരവും അവർ പ്രകടിപ്പിക്കുന്നു.
തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാമ്പ്ലാനി നേരത്തെ കാസക്കെതിരെ ആഞ്ഞടിച്ചത് സംഘടനയുടെ ബിജെപി വത്കരണം മുന്‍കൂട്ടി കണ്ടുതന്നെയായിരുന്നു.
മണിപ്പൂരിൽ നടന്ന കലാപങ്ങളിൽ നിരവധി ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടിട്ടും നിരവധി വിശ്വാസികളെ വധിക്കുകയും വൈദികരടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും ഇതിനെതിരെ പ്രതികരിക്കാൻ കാസ തയ്യാറായിരുന്നില്ല.
ബി.ജെ.പി അനുകൂല നറേറ്റീവുകൾ പ്രചരിപ്പിക്കുന്ന സംഘടന വിശ്വാസികളെ ആക്രമിക്കുന്ന സംഘപരിവാറിന്റെ നിലപാടുകളിൽ മൗനം പാലിക്കുകയായിരുന്നു. കേരളത്തിൽ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പാലക്കാട് ഹിന്ദു ഐക്യവേദി സ്‌കൂളിൽ കയറി പുൽക്കൂട് നശിപ്പിച്ചിരുന്നു.
എന്നാൽ വിശ്വാസസംബന്ധിയായ ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടാൻ മടിക്കുന്ന കാസ എപ്പോഴും ബി.ജെ.പിയെയും ആർ.എസ്.എസ് അടക്കമുള്ള സംഘപരിവാർ സംഘടനകളെയും പിന്തുണയ്ക്കുന്നതിൽ വ്യാപൃതരാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കുഷ്ഠരോഗികളെ പരിപാലിച്ച മദർ തെരേസ മതപരിവർത്തനം നടത്തുന്നുകയായിരുന്നുവെന്ന ആക്ഷേപം ഉന്നയിച്ച സംഘപരിവാർ അതിൽ നിന്നും ഇതേവരെ പിന്നാക്കം പോയിട്ടില്ല.
ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധിത നിയമപ്രകാരം ക്രൈസ്തവ പുരോഹിതരെയടക്കം ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ചിട്ടും കാസയ്ക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല.
സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് കാസ ശ്രമിക്കുന്നതെന്നും സംഘപരിവാറിന്റെ ഉൽപ്പന്നം മാത്രമായ സംഘടനയെ വിശ്വസിക്കരുതെന്നുമാണ് സാധാരണ ക്രൈസ്തവ വിശ്വാസികൾ വ്യക്തമാക്കുന്നത്.
ഇടതുപക്ഷത്തിന്റെ തുടർ ഭരണം നിലനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ വിരുദ്ധ വികാരമുള്ള വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ജെ.പി - സി.പി.എം സഖ്യത്തിന്റെ ഭാഗമായി കാസ മാറിയെന്നുമാണ് പ്രധാനമായുള്ള ആക്ഷേപം.