കേരളം ഏറ്റുപാടിയ പാരഡി പാട്ടിനെ കുറ്റമാക്കുന്ന രാഷ്ട്രീയം ഭരണകൂട അസഹിഷ്ണുതയുടെ നേർച്ചിത്രം. ഗാനത്തിന്റെ ശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയെ അഭിനന്ദനമറിയിച്ച് കെ.സി വേണുഗോപാൽ എംപി. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് നടത്തിയ കൊള്ളയെക്കാൾ, അതിനെ ചോദ്യം ചെയ്ത ശബ്ദങ്ങളാണ് വേട്ടയാടപ്പെടുന്നത്. പാട്ടുകളെ ഭയക്കുന്ന ഭരണകൂടങ്ങൾ ചരിത്രത്തിൽ അധികകാലം നിലനിന്നിട്ടില്ലെന്നും കെ.സിയുടെ മുന്നറിയിപ്പ്

author-image
Arun N R
New Update
KC KUNJABDULLA

തിരുവനന്തപുരം: കേരളം മുഴുവൻ ഏറ്റുപാടുന്ന ഒരു പാരഡി ഗാനം ഇന്ന് രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

Advertisment

സാമൂഹിക വിഷയങ്ങളെ ലളിതമായി, എന്നാൽ ശക്തമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന്റെ ശിൽപ്പിയായ ജിപി കുഞ്ഞബ്ദുള്ളയുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഫോണിൽ സംസാരിച്ചതാണ് വിഷയം കൂടുതൽ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചത്. 


ഗാനത്തിലെ വരികൾ അത്രയേറെ മനസ്സിൽ തട്ടിയെന്നും കലാകാരനോട് അഭിനന്ദനം അറിയിച്ചെന്നും വേണുഗോപാൽ വ്യക്തമാക്കി. കുഞ്ഞബ്ദുള്ള നേരിടുന്ന നിയമനടപടികളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പൂർണ്ണ നിയമസഹായം ഉണ്ടാകുമെന്നും കെ.സി ഉറപ്പുനൽകി.


KC VENUGOPAL

ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന ചോദ്യം കൂടുതൽ ഗൗരവമുള്ളതാണ്. ശബരിമല ശാസ്താവിന്റെ സ്വർണം കൊള്ളയടിച്ചുവെന്ന ആരോപണത്തിൽപ്പെട്ടവർ ഇന്നും പാർട്ടിക്കുള്ളിൽ എല്ലാ പദവികളും നിലനിർത്തിക്കൊണ്ട് അധികാരം ആസ്വദിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്.

ആ സംഭവത്തെ വിമർശിച്ച് പാട്ടാക്കിയവർ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ് കേരളം കാണുന്നത്. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് നടത്തിയ കൊള്ളയെക്കാൾ, അതിനെ ചോദ്യം ചെയ്ത ശബ്ദങ്ങളാണ് വേട്ടയാടപ്പെടുന്നതെന്നതാണ് ഉയരുന്ന വിമർശനം.


പാരഡി എന്ന കലാരൂപം എപ്പോഴും അധികാരത്തോടുള്ള വിമർശനത്തിന്റെ ശബ്ദമായിരുന്നു. സമൂഹത്തിലെ വൈരുധ്യങ്ങളും അനീതികളും തുറന്നുകാട്ടാൻ സാധാരണക്കാരൻ കണ്ടെത്തിയ ആയുധമാണ് പരിഹാസവും സംഗീതവും. 


എന്നാൽ ഇന്ന് ആ ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കാഴ്ചകൾ ഭരണകൂട അസഹിഷ്ണുതയുടെ നേർച്ചിത്രമാണെന്ന് കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു. വിശ്വാസത്തെ വൃണപ്പെടുത്തിയ സംഭവങ്ങളെ ചോദ്യം ചെയ്യുന്ന കലാകാരൻ തന്നെ ‘വിശ്വാസവിരുദ്ധൻ’ ആയി മുദ്രകുത്തപ്പെടുന്നത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം പറയുന്നു.

സിപിഐഎം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്ന ആരോപണത്തിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവർ ഒരുക്കിയ പാരഡി ഗാനം തന്നെ ഏറ്റവും ശക്തമായ തെളിവാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 

KUNJABDU


അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കലാസ്വാതന്ത്ര്യത്തിന്റെയും മേൽ വീഴുന്ന ഓരോ അടിയെയും ജനാധിപത്യത്തിന് നേരെയുള്ള ഭീഷണിയായി കാണേണ്ടതുണ്ടെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകുന്നു.


പാട്ടുകളെ ഭയക്കുന്ന ഭരണകൂടങ്ങൾ ചരിത്രത്തിൽ അധികകാലം നിലനിന്നിട്ടില്ല. ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് പകരം അവ കേൾക്കാൻ തയ്യാറാകുന്ന രാഷ്ട്രീയമാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളം. 

കുഞ്ഞബ്ദുള്ളയുടെ പാരഡി ഗാനം ഇന്ന് ഒരു കലാസൃഷ്ടി മാത്രമല്ല, ഭരണകൂട അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

Advertisment