/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
മാനന്തവാടി: ശബരിമല ശ്രീകോവിലെ സ്വര്‍ണം പോലും മോഷ്ടിക്കാനുള്ള ധൈര്യം ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാര്‍ക്ക് എവിടെ നിന്നുകിട്ടിയെന്നും, രാഷ്ട്രീയ സംരക്ഷമില്ലാതെ മോഷണം നടത്താനാവില്ലെന്നും എ ഐ സി സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വയനാട് വെള്ളമുണ്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പന്റെ സ്വത്തുപോലും കവര്‍ന്നെടുക്കാന്‍ ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമല സ്വര്‍ണക്കൊള്ള ജനങ്ങളാകെ ചര്‍ച്ച ചെയ്യുകയാണ്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് രണ്ട് മുന്‍ദേവസ്വം പ്രസിഡന്റുമാരും ഉദ്യോഗസ്ഥരുമടക്കം അറസ്റ്റിലാകുന്നത്. കൊടുത്തവരുടെ മൊഴി പുറത്തുവന്നത് ശരിയാണെങ്കില്‍ ഇനിയും ഒരുപാട് പ്രഗത്ഭന്മാര്‍ അകത്താകേണ്ടതായിട്ടുണ്ട്.
ദൈവതുല്യരായ ചിലയാളുകള്‍ ഉണ്ടെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് തന്നെ പറഞ്ഞത്. ദൈവതുല്യരായ ആളുകള്‍ ആരാണെന്ന് പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
2019 മുതല്‍ ഇത് നടന്നുകൊണ്ടിരിക്കുകയാണ്. ദേവസ്വംബോര്‍ഡ് അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് നടന്നത്. സി പി എമ്മിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.
സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന, പ്രഗത്ഭരായ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം വന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തതാണ്. ഏറ്റവും കര്‍ശനമായി നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് പാലക്കാട്ടെ നേതാക്കളാണ് നോക്കേണ്ടതാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ 20 കോടി രൂപയുണ്ട്.
അതില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഫണ്ടുണ്ട്. അത് നല്ലരീതിയില്‍ നടക്കട്ടെയെന്നും, സര്‍ക്കാരിന്റെ ഫണ്ടെന്നാല്‍ സി പി എമ്മിന്റെ ഫണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us