കര്‍ഷകര്‍ നേരിടുന്ന അവഗണനയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് സുശീല; നൃത്ത-സംഗീത അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് ജ്യോതിലക്ഷ്മി; സന്ധ്യയ്ക്ക് പറയാനുണ്ടായിരുന്നത് പി.എസ്.സി റാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍; ആലപ്പുഴ റെയിബാന്‍ ഓഡിറ്റോറിയത്തില്‍ മുഴങ്ങിയത് വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ വേദനകള്‍ ! എല്ലാത്തിനും 'ഇന്ത്യാ മുന്നണി'യിലൂടെ പ്രശ്‌നപരിഹാരം ഉറപ്പുനല്‍കി കെ.സി. വേണുഗോപാല്‍; സാക്ഷിയായി രമേശ് പിഷാരടിയും

പറയുന്നതിനേക്കാൾ ആളുകളുടെ പ്രശ്നങ്ങൾ കേൾക്കാനും അതിന് പരിഹാരം കാണാനും കഴിയുന്ന നേതാവാണ് കെസിയെന്നും അതിനാൽ ആലപ്പുഴയിൽ നിന്ന് അദ്ദേഹത്തിൻ്റെ സാന്നിധ്യം ലോക്സഭയിൽ ഉറപ്പാക്കണമെന്നും രമേശ് പിഷാരടി സംവാദത്തിന്റെ അവസാനം കൂട്ടി ചേർത്തു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kc venugopal ramesh pisharody

ആലപ്പുഴ: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇന്ത്യ മുന്നണിയും മുഖ്യ പരിഗണന നൽകുമെന്ന് കെസി വേണുഗോപാൽ. ആലപ്പുഴ റെയിബാൻ ഓഡിറ്റോറിയത്തിൽ സിനിമാ താരം രമേശ്‌ പിഷാരടിയ്ക്കൊപ്പം വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സ്ത്രീകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍

കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന അവഗണനയായിരുന്നു നെൽക്കർഷകയായ സുശീലയുടെ ആശങ്ക. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് കർഷകർക്ക് പ്രാധാന്യം നൽകിയാണ് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർ വില നിശ്ചയിക്കുന്നത് അടക്കമുള്ള അവകാശങ്ങൾ നൽകി കർഷകരെ സംരക്ഷിക്കുമെന്നും കെസി വേണുഗോപാൽ മറുപടി നൽകി.

kc venugopal ramesh pisharody1

കാർഷിക സ്വയംപര്യാപ്തത നേടിയ ഇന്ത്യയിൽ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ യുഡിഎഫിന് സാധിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു. തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് ഉയർത്തണമെന്നും വേതനം വർധിപ്പിക്കണം എന്നുമായിരുന്നു തൊഴിലുറപ്പ് മേഖലയിൽ നിന്നുള്ളവരുടെ ആവശ്യം. തൊഴിലുറപ്പ് കോൺഗ്രസിന്റെ കുഞ്ഞാണെന്നും അതിനെ സംരക്ഷിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് കെസി ഉറപ്പ് നൽകി.

തൊഴിൽ അവസരങ്ങൾ ഇല്ല

പണ്ട് യുപി ക്ലാസുകളിൽ നൃത്തവും സംഗീതവുമൊക്കെ പഠനത്തിന്റെ ഭാഗം ആയിരുന്നു, നൃത്ത സംഗീത അദ്ധ്യാപകർക്ക് അവസരവും ഉണ്ടായിരുന്നു എന്നാൽ ഇന്ന് അതില്ലാത്തത് മൂലം പലർക്കും തൊഴിൽ അവസരങ്ങൾ ഇല്ലാതെയായെന്ന് ജ്യോതിലക്ഷ്മി ചൂണ്ടിക്കാട്ടി. കലാ കായിക രംഗത്തെ കുട്ടികളുടെ വളർച്ചയ്ക്ക് പ്രാധാന്യം നൽകുമെന്നും അതിന് വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുമെന്നും കെസി മറുപടി നൽകി.

kc venugopal ramesh pisharody2

പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ഒഴിവുകൾ വെളിപ്പെടുത്താതെ താത്കാലിക നിയമനങ്ങൾ നടത്തുന്നതിനാൽ റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതിന്റെ ആശങ്കയാണ് നഴ്സും രണ്ട് റാങ്ക് ലിസ്റ്റിൽ പേരുള്ള സന്ധ്യ പങ്കുവച്ചത്. ഒഴിവുകൾ പി എസ് സി യെ അറിയിക്കുകയും നിയമനം നടത്തുകയും ചെയ്യും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യുക എന്നുള്ളത് മുന്നണിയുടെ പ്രഖ്യാപിത നയമാണെന്നും അത് നടപ്പാക്കുമെന്നും കെ സി പറഞ്ഞു. 

വിദ്യാർത്ഥികൾ വിദേശങ്ങളില്‍ !

വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിൽ ആശങ്ക പങ്കുവെച്ച ഷാഹിനയെന്ന വിദ്യാർത്ഥിയോട് കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തെ കശാപ്പ് ചെയ്തെന്നും അവർ ഉണ്ടാക്കിയ വിദ്യാഭ്യാസ മേഖലയിലെ തകർച്ചയെ സംരക്ഷിച്ചു വിദ്യാർത്ഥികളെ സ്വന്തം രാജ്യത്ത് തുടരാൻ പാകത്തിന് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കെസി പറഞ്ഞു.

ഓട്ടോറിക്ഷ തൊഴിലാളികൾ, ആശ വർക്കർമാർ, അങ്കണവാടി അധ്യാപകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കേട്ട കെസി വേണുഗോപാൽ ഇതിനൊക്കെ പരിഹാരം കാണാൻ യുഡിഎഫിന് കഴിയുമെന്നും അതിന് അവസരം നൽകാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ വിജയിപ്പിക്കണമെന്നും പറഞ്ഞു.

kc venugopal ramesh pisharody3

നര്‍മ്മം ചാലിച്ച് പിഷാരടി

പണിക്കൂലിയും ഇല്ല പണിക്കുറവും ഇല്ല എല്ലാ വിഭാഗങ്ങളിലും ശമ്പളം പ്രശ്നം ആണ്, ഏതെങ്കിലും മേഖല തൃപ്തികരമാണ് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഉള്ളത്. ഇതിന് മാറ്റം വരാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും അല്പം നർമ്മം കലർത്തികൊണ്ട് രമേശ്‌ പിഷാരടി പറഞ്ഞു. 

പറയുന്നതിനേക്കാൾ ആളുകളുടെ പ്രശ്നങ്ങൾ കേൾക്കാനും അതിന് പരിഹാരം കാണാനും കഴിയുന്ന നേതാവാണ് കെസിയെന്നും അതിനാൽ ആലപ്പുഴയിൽ നിന്ന് അദ്ദേഹത്തിൻ്റെ സാന്നിധ്യം ലോക്സഭയിൽ ഉറപ്പാക്കണമെന്നും രമേശ് പിഷാരടി സംവാദത്തിന്റെ അവസാനം കൂട്ടി ചേർത്തു.

സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഗൗരവവും നർമ്മവും ഇടകലർത്തി   കെ സി യും പിഷാരടിയും മറുപടി നൽകിയതോടെ ചർച്ച സജീവമായി മാറി.

Advertisment