Advertisment

മാതാപിതാക്കളെയും സഹോദരിയെയും ഉറ്റബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ ഭ്രാന്ത് അഭിനയിച്ച രക്ഷപെടാനുള്ള കേഡൽ ജിൻസണിന്റെ തന്ത്രം പാളി; കേസ് വിചാരണ നേരിട്ട് മനസ്സിലാക്കാനുള്ള  മാനസിക ആരോഗ്യം ഉണ്ടെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; കുറ്റപത്രം 22 ന് വായിക്കും; മാനസിക നിലയിൽ തകരാറുണ്ടായെന്നും അപ്പോൾ സംഭവിച്ച കൊലയാണ് എന്നും വിടുതൽ വേണമെന്നുമുള്ള പ്രതിയുടെ ആവശ്യം തള്ളി കോടതി; കേരളത്തെ നടുക്കിയ നന്ദൻകോട് കൂട്ടക്കൊലക്കേസ് വിചാരണയിലേക്ക്

നന്ദൻകോട് ബെയിൻസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കോടികൾ വിലയുള്ള വീടും ഒപ്പം തിരുവനന്തപുരം ജില്ലയിലെ മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട്ടിലുമായുള്ള കോടികളുടെ സ്വത്തുക്കളും ഇന്ന് നോക്കാൻ ആളില്ലാതെ കിടക്കുകയാണ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kedal jinson raja

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേഡൽ ജിൻസൺ രാജ രക്ഷപെടാൻ നടത്തിയ ശ്രമമെല്ലാം പൊളിച്ചടുക്കി കോടതി. സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ഉറ്റബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തിയ കേസാണിത്. മാനസിക വിഭ്രാന്തി അഭിനയിച്ച് കേസിൽ നിന്ന് രക്ഷപെടാൻ കേഡൽ ശ്രമിച്ചിരുന്നു. എന്നാൽ

കേസ് വിചാരണ നേരിട്ട് മനസ്സിലാക്കുവാനുള്ള  മാനസിക ആരോഗ്യം ഉണ്ടെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതോടെ അത് പൊളിഞ്ഞു. റിപ്പോർട്ട്‌ അംഗീകരിച്ച കോടതി വിചാരണ നടപടികളുടെ ഭാഗമായി ഈ മാസം 22 ന് കുറ്റപത്രം വായിക്കും.

Advertisment

മനോരോഗിയായ പ്രതിയുടെ മാനസിക ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ മെഡിക്കൽ ബോർഡിനോട്‌ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോക്ടറെ കോടതി വിസ്തരിച്ചു. പ്രതിയോടും കേസ് വിചാരണ നേരിടാൻ സന്നദ്ധനാണോ എന്ന് കോടതി ചോദിച്ചു. അതെ എന്നായിരുന്നു കേഡലിന്റെ മറുപടി. തുടർന്ന് കുറ്റപത്രം വായിക്കാൻ ഈ മാസം 22 തീരുമാനിക്കുകയായിരുന്നു. തന്റെ മാനസിക നിലയിലുള്ള തകരാറിൽ സംഭവിച്ച കൊലയാണ് എന്നും അതുകൊണ്ട് കേസിൽ നിന്നും തന്നെ വിടുതൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് കേഡൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കേഡലിന്റെ ഈ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ  സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

2017 ഏപ്രിൽ ഒമ്പതിനാണ് തിരുവനന്തപുരം നഗരത്തിൽ നടന്ന ആ കൂട്ടക്കൊലപാതകം കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചത്. ക്ലിഫ് ഹൗസിന് വിളിപ്പാടകലെയുള്ള സ്വന്തം വീട്ടിൽ വെച്ച് പ്രൊഫസർ രാജതങ്കം, ഭാര്യയും ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീൻ പത്മ, മകൾ കരോലിന ഇവരുടെ ഒരു ബന്ധുവായ ലളിത എന്നിങ്ങനെ നാലംഗ കുടുംബം അരംകൊലയ്ക്ക് ഇരയായി.

മകൻ കേഡൽ ജിൻസൻ രാജയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ കൊലപാതകങ്ങൾക്ക് പിന്നിൽ. കേഡൽ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. പ്രതി കേഡൽ വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.കൊലക്കുറ്റം, വീടിനു തീയിടൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ കെ.ഇ.ബൈജു സമർപ്പിച്ച കുറ്റപത്രത്തിൽ 92 സാക്ഷികളുണ്ട് കേസിന് അനുബന്ധമായി 151 രേഖകളും സമർപ്പിച്ചിട്ടുണ്ട്.


തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ ഏകാന്ത തടവിലായിരിക്കെ കേഡലിനെ കടുത്ത മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ ഇടയക്ക് ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി മാറ്റിയിരുന്നു.


 മറ്റ് തടവുകാരെ ആക്രമിക്കാനുള്ള പ്രവണത ഇടയ്ക്ക് ഇടയ്ക്ക് പ്രകടിപ്പിക്കുന്നത് കൊണ്ടാണ് കേഡലിനെ മറ്റ് അന്തേവാസികൾക്കൊപ്പം പാർപ്പിക്കാത്തത്. പെരുമൺ ദുരന്തം നടന്ന ദിവസം ജനിച്ച കേഡൽ ചെറുപ്പം മുതൽ തന്നെ പ്രത്യേക സ്വഭാവത്തിനുടമയായിരുന്നു. കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെയാണ് രാജതങ്കം മകനെ എംബിബിഎസ് പഠനത്തിനായ് ഫിലിപ്പീൻസിലേക്ക് അയച്ചത്. എന്നാൽ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ പഠനം ഉപേക്ഷിച്ച് കേഡൽ മടങ്ങി വന്നു. പിന്നീട് കമ്പ്യൂട്ടർ എഞ്ചിനീയറിങ് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് അയച്ചു. അവിടെയും പഠനം പാതി വഴിയിൽ ഉപേക്ഷിച്ച തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരികെയെത്തി. പിന്നീട് വീട്ടിലെ മുകളിലത്തെ നിലയിലുള്ള മുറിയിൽ കമ്പ്യൂട്ടറുകൾക്ക് മുന്നിലായി കേഡലിന്റെ ജീവിതം.

ആസ്ട്രൽ പ്രൊജക്ഷൻ ചാത്തൻ സേവ തുടങ്ങിയവയിൽ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന കേഡൽ വീഡിയോ ഗെയിം നിർമ്മിക്കുകയായിരുന്നു മുറിയിലെ കമ്പ്യൂട്ടറുകൾക്ക് മുന്നിൽ. എല്ലാ വീഡിയോ ഗെയിമുകളിലും യുദ്ധവും കൊലപാതകവും ചോരയും നിറഞ്ഞ് നിൽക്കുന്നവയായിരുന്നു. താൻ നിർമ്മിച്ച ഒരു വീഡിയോ ഗെയിം കാണിക്കാനെന്ന് പറഞ്ഞ് താഴത്തെ നിലയിൽ നിന്ന് അമ്മയെ മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി കമ്പ്യൂട്ടറിന് മുന്നിലിരുത്തിയ ശേഷം പിന്നിൽ നിന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തിയ മഴു ഉപയോഗിച്ച് വെട്ടി നുറുക്കി ശുചിമുറിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ താഴേക്ക് വന്ന കേഡൽ അച്ഛനും സഹോദരിക്കും ഒപ്പം ഒന്നും സംഭവിക്കാത്തത് പോലെയിരുന്ന ഭക്ഷണം കഴിച്ചു. അമ്മ എവിടേയെന്ന് തിരക്കിയപ്പോൾ താൻ നിർമിച്ച ഗെയിം കാണുന്നുവെന്നാണ് കേഡൽ പറഞ്ഞത്. പിന്നീട് ഇതേ രീതിയിൽ അച്ഛനേയും സഹോദരിയേയും മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപതാക വിവരം ബന്ധുവായ ലളിത മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞപ്പോൾ അവരേയും കൊലപ്പെടുത്തി.


പിന്നീട് മുകളിലത്തെ നിലയിലെ ശൗചാലയത്തിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ കത്തിക്കാനുള്ള ശ്രമം നടത്തി. ഇതിനിടെ വീടിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട സമീപവാസികൾ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. അപകടം മനസ്സിലാക്കിയ കേഡൽ ഉടനെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഓടി. അന്ന് വീടിന് പുക പിടിക്കുമ്പോൾ കേഡൽ സമീപത്തെ വീടിന് മുന്നിലൂടെ ഓടി മറയുന്നത് കണ്ടതിന് ദൃക്‌സാക്ഷികളുമുണ്ട്.


 കൊല നടത്തിയ ശേഷം ഇയാൾ ചെന്നൈയിലേക്കാണ് രക്ഷപ്പെട്ടത്. പിന്നീട് തിരിച്ചുവന്നപ്പോൾ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസിന്റെ പിടിയിലായി. തുടർന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലുമാണ് കൊലയ്ക്ക് പിന്നിൽ ആസ്ട്രൽ പ്രൊജക്ഷൻ ആണെന്നു പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽനിന്ന് ആത്മാവു വേർപെട്ടുപോകുന്നതു കാണുന്ന ആസ്ട്രൽ പ്രൊജക്ഷനാണ് താൻ നടത്തിയതെന്ന് കേഡൽ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. സ്‌കീസോ ഫ്രീനിയ എന്ന മാനസികരോഗത്തിന് കേഡൽ ജിൻസൺ രാജ ചികിത്സയിലായിരുന്നെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കൺസൾട്ടന്റ് ഡോക്ടർ കെ.ജെ.നെൽസൺ നേരത്തേ കോടതിയിൽ മൊഴിനൽകിയിരുന്നു.

പ്രതി കേഡൽ ജിൻസൻ രാജയ്ക്ക് കൊലപാതകത്തിനു മുൻപ് മാനസിക പ്രശ്‌നമുണ്ടായിരുന്നോയെന്നു അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഇത്. അന്വേഷണ ഉദ്യോഗസ്ഥരോടാണ് അനുബന്ധ റിപ്പോർടായി ഇക്കാര്യം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലുള്ള കേഡലിനെ കാണാൻ ഒരേയൊരു സന്ദർശകൻ മാത്രമാണ് ആദ്യ ആറ് വർഷത്തിനുള്ളിൽ ജയിലിൽ എത്തിയത്. അമ്മ ജീൻ പത്മയുടെ സഹോദരൻ ജോസ് ആയിരുന്നു ആ സന്ദർശകൻ. എന്നാൽ പിന്നീട് കുറച്ച് കാലമായി ഇയാളും എത്താറില്ല.

മാനസിക രോഗം കാരണമാണ് കൊലപാതകം ചെയ്തതെന്നും ചികിത്സയ്ക്ക് പോകുന്നതിനായി ജാമ്യം അനുവദിക്കണമെന്നും കേഡൽ ആവശ്യപ്പെട്ടെങ്കിലും ഈ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേഡലിന് നിലവിൽ നൽകി വരുന്ന ചികിത്സ തുടർന്നും ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നാണ് ജാമ്യാപേക്ഷ നിഷേധിച്ച കോടതി നിർദേശിച്ചത്. കടുത്ത മാനസിക രോഗമുള്ളതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് കേഡലിന്റെ അഭിഭാഷകർ പറയുന്നത്. മാനസിക രോഗമുണ്ടായിരുന്നതിനാൽ കേസിൽ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കണമെന്നാണ് കേഡൽ ആവശ്യപ്പെടുന്നത്.  

കേഡലിനെ ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറുണ്ടോയെന്ന് കോടതി അന്വേഷിച്ചിരുന്നു, പക്ഷേ അതിന് തയ്യാറായി ആരും മുന്നോട്ട് വന്നില്ല. നന്ദൻകോട് ബെയിൻസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കോടികൾ വിലയുള്ള വീടും ഒപ്പം തിരുവനന്തപുരം ജില്ലയിലെ മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട്ടിലുമായുള്ള കോടികളുടെ സ്വത്തുക്കളും ഇന്ന് നോക്കാൻ ആളില്ലാതെ കിടക്കുകയാണ്. ഈ സ്വത്തിന്റെയെല്ലാം അവകാശിയായ കേഡൽ ഇനി കൂട്ടക്കൊലക്കേസിൽ വിചാരണയും നേരിടുന്നു.

Advertisment