/sathyam/media/media_files/LovkILi9KdVgcBMP5jDR.webp)
തിരുവനന്തപുരം : തീവ്രവാദക്കേസിലെ പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കള്ളറിപ്പോർട്ടുണ്ടാക്കി എഡിജിപി എം.ആർ അജിത്കുമാർ സസ്പെൻഡ് ചെയ്യിപ്പിച്ച പി. വിജയൻ സംസ്ഥാന ഇന്റലിജൻസ് മേധാവിയായി എത്തിയത് പോലീസിൽ ചൂടേറിയ ചർച്ചകൾക്ക് വഴിമരുന്നിട്ടു.
അജിത്തിന്റെ റിപ്പോർട്ടിന്റെ പേരിലാണ് വിജയനെ വിശദീകരണം പോലും ചോദിക്കാതെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നത്. ചീഫ്സെക്രട്ടറിയുടെ സമിതിയുടെ അന്വേഷണത്തിൽ ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് വ്യക്തമായതോടെയാണ് വിജയനെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്ത് അഡി.ഡി.ജിപിയായി സ്ഥാനക്കയറ്റം നൽകിയത്.
അന്ന് വിജയനെ പുകച്ചു ചാടിച്ച അജിത്കുമാറിന് ക്രമസമാധാനം നഷ്ടമാവുകയും പോലീസ് അക്കാഡമിയിലേക്ക് ഒതുക്കപ്പെടുകയും, വിജയൻ സുപ്രധാനമായ ഇന്റലിജൻസ് മേധാവിയുടെ കസേരയിലേക്ക് എത്തുകയും ചെയ്തു. ഇതാണ് പോലീസിലെയും പൊതുസമൂഹത്തിലെയും ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
മന്‍ കി ബാത്തിനിടെ പ്രധാനമന്ത്രിയുടെ പ്രശംസ
മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായ ഒഴിവിലാണ് വിജയന്റെ നിയമനം. 1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയൻ പൊലീസ് അക്കാഡമി ഡയറക്ടറായിരുന്നു.
എലത്തൂർ തീവയ്പ്പുകേസിൽ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിനെത്തുടർന്ന് വിജയനെ ആറുമാസം സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നൽകി.
തീവ്രവാദവിരുദ്ധ സേനയുടെ തലവൻ, ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എം.ഡി അടക്കം ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായിട്ടുണ്ട്. പൊലീസിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിച്ചു. സ്റ്റുഡന്റ്സ് കേഡറ്റ്, ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതികൾക്ക് തുടക്കമിട്ടു. പുണ്യം പൂങ്കാവനം പദ്ധതിയെ മൻകീബാത്ത് റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്‌ത്തിയിരുന്നു.
വിജയന് പകരം പൊലീസ് അക്കാഡമി ഡയറക്ടറുടെ ചുമതല എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി എ.അക്ബറിന് നൽകി. തീവ്രവാദക്കേസിലെ പ്രതിയെ പിടിക്കാൻ കേന്ദ്രസഹായം തേടിയതിന്റെ ചൊരുക്കു തീർക്കാനായിരുന്നത്രെ എഡിജിപി ഇടപെട്ട് ആറുമാസമായി സസ്പെൻഷനിലാക്കിയത്. ചീഫ്സെക്രട്ടറി രണ്ടുവട്ടം ശുപാർശ ചെയ്തിട്ടും തിരിച്ചെടുത്തിരുന്നില്ല.
മൂന്നാം വട്ടം ചീഫ്സെക്രട്ടറി ശുപാർശ ചെയ്തപ്പോഴാണ് തിരിച്ചെടുത്തത്. എലത്തൂർ ട്രെയിൻ തീവയ്പ്പുകേസ് പ്രതി ഷാരൂഖ്സൈഫിയെ പിടിക്കാൻ കേന്ദ്രഏജൻസികളെയടക്കം ഇടപെടുത്തിയതിലൂടെ പൊലീസിന്റെ ക്രെഡിറ്റ് നഷ്ടമായെന്ന് ഉന്നതർ ആരോപണമുയർത്തിയതാണ് സസ്പെൻഷനിൽ കലാശിച്ചത്.
പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കുറ്റംചുമത്തി വിശദീകരണം പോലും തേടാതെയായിരുന്നു സസ്പെൻഷൻ.
മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയ്ക്കിടയാക്കിയെന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടായിരുന്നു നടപടിക്കാധാരം. എന്നാൽ ഡി.ജി.പിയായിരുന്ന അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് വിജയൻ കേസിലിടപെട്ടത്.
പ്രതി കേരളം വിട്ടെന്നുറപ്പായതോടെ, കേന്ദ്രകാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് ഡയറക്ടറായ കേരളാകേഡർ ഐ.ജി അനൂപ് കുരുവിള ജോണിന്റെ സഹായം വിജയൻ തേടിയിരുന്നു. പ്രതിയെ പിടിക്കാൻ ഐ.ബി, മഹാരാഷ്ട്ര- കർണാടക ഭീകരവിരുദ്ധ സ്ക്വാഡുകൾ, ഉത്തർപ്രദേശ്, ഡൽഹി പൊലീസുകൾ, ആർ.പി.എഫ് എന്നിവയെ ഏകോപിപ്പിച്ചതിങ്ങനെയായിരുന്നു.
പ്രതിയുടെ ഫോട്ടോയും വീഡിയോയും പുറത്തുവിട്ടത് മഹാരാഷ്ട്ര എ.ടി.എസാണെങ്കിലും ആ കുറ്റവും വിജയന്റെ തലയിലാക്കി. പ്രതിയെ കേരളത്തിലെത്തിച്ച ഡിവൈ.എസ്.പിയെ എ.ഡി.ജി.പി, ഐ.ജി, എസ്.പി, ഡിവൈ.എസ്.പി, ഒരു മാധ്യമ പ്രവർത്തകൻ എന്നിവർ തുടരെ വിളിച്ചെങ്കിലും കുറ്റക്കാരൻ വിജയൻ മാത്രമായി. പ്രതിയുടെ യാത്രാമാർഗ്ഗം പുറത്തായത് തീവ്രവാദികളുടെ ആക്രമണത്തിനിടയാക്കിയേനെയെന്നാണ് എ.ഡി.ജി.പി കുറ്റപ്പെടുത്തിയത്.
സസ്പെൻഷനായി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ കളവാണെന്ന് വിജയൻ സർക്കാരിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ നൂറാംപതിപ്പിന്റെ ആഘോഷചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ വിജയന് ക്ഷണം ലഭിച്ചിരുന്നു.
രാജ്യത്തെ 100 പ്രമുഖരിലൊരാളായിട്ടായിരുന്നു ക്ഷണം. ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയില്ല. പകരം ബി.ജെ.പി ബന്ധമുണ്ടെന്നും രാജിവച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ചിലർ പ്രചാരണം നടത്തി. 1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയന്‍, സംസ്ഥാന പോലീസ് നടപ്പാക്കിയ നിരവധി പദ്ധതികളുടെ ശില്‍പ്പിയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കുമ്പോഴാണ് ജനകീയം-2006 എന്ന പേരില്‍ സ്റ്റുഡന്റ്‌സ് പോലീസിന്റെ ആദിരൂപം പിറക്കുന്നത്. 2008-ല്‍ സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിയായി അത് രൂപാന്തരം പ്രാപിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മൂന്ന് സ്‌കൂളുകളിലാണ് ആദ്യം ആരംഭിച്ചത്.
കുട്ടിപ്പോലീസ്, ഷാഡോ പോലീസ് പദ്ധതികളുടെ ഉപജ്ഞാതാവ്
2010-ല്‍ ഇത് സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിക്കുകയും പി വിജയന്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്റ്റേറ്റ് നോഡല്‍ ഒഫീസറായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് കേരളത്തിന്റെ ചുവടുപിടിച്ച് വിവിധ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കി.
2010ല്‍ പി വിജയന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്നപ്പോഴാണ് ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ എന്ന പരിപാടിക്ക് രൂപം നല്‍കിയത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുകയും മയക്കുമരുന്നിന് അടിമപ്പെടുകയും ചെയ്ത കുട്ടികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായിരുന്നു അത്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്നപ്പോഴാണ് ഷാഡോ പോലീസ് പദ്ധതി ആരംഭിച്ചത്. ഇതും പിന്നീട് മറ്റിടങ്ങളിലും നടപ്പാക്കി. തിരുവനന്തപുരത്ത് ആരംഭിച്ച പിങ്ക് ഓട്ടോ പദ്ധതി നടപ്പാക്കുന്നതിലും കമ്മിഷണറായിരുന്ന വിജയന്റെ പങ്കുണ്ടായിരുന്നു. ശബരിമലയിലെ പുണ്യംപൂങ്കാവനം പദ്ധതയുടെ നോഡല്‍ ഓഫീസറായും പി.വിജയന്‍ ശ്രദ്ധേയനായി. പത്താം ക്ലാസിൽ തോറ്റു പഠനം നിർത്തി കൂലിപണിക്ക് പോയ വിജയൻ പിന്നീട് ചരിത്രം കുറിച്ചു.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും എം ഫില്ലും നേടിയ കോഴിക്കോട് പുത്തൂര്‍ മഠം സ്വദേശിയായ പി വിജയന്‍ 1999-ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയും പാസ്സായി. ഐ എ എസ്സ് ഉദ്യോഗസ്ഥയായ ഡോ. എം ബീനയാണ് ഭാര്യ.