പിണറായിയെ 'കപ്പിത്താനാ'ക്കിയ ശേഷം 'നിലപാട് വേണം' പ്രസംഗവുമായെത്തിയ മന്ത്രി വീണാ ജോർജിനെ എയറിലാക്കി വി.ഡി. സതീശന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡന ശ്രമത്തിലെ സാക്ഷിയെ ഇടുക്കിയ്ക്ക് സ്ഥലം മാറ്റിയ മന്ത്രിയാണ് വീണ. 12 ക്രിമിനൽ കേസിലും കാപ്പയിലും പ്രതിയായ ക്രിമിനലിനെ മാലയിട്ട് സ്വീകരിച്ച മന്ത്രി 'നിലപാടി'നെക്കുറിച്ച്  പഠിപ്പിക്കുന്നു. പൊളിച്ചടുക്കി സതീശൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ff.1.2077377
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളമെന്ന ആടിയുലയാത്ത കപ്പലിന്റെ കപ്പിത്താനാക്കിയ നിയമസഭയിലെ പ്രസംഗത്തിനു ശേഷം 'നിലപാട് വേണം സാർ' പ്രസംഗം നടത്തി താരമാകാന്‍ ശ്രമിച്ച മന്ത്രി വീണാ ജോർജിനെ വെറും 2 മിനിറ്റുകൊണ്ട് എയറിലാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
Advertisment
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകളെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയവേ ആണ് മന്ത്രിയുടെ മറുപടിയും ഒടുവില്‍ മന്ത്രിയെ എയറിലാക്കി പ്രതിപക്ഷ നേതാവിന്‍റെ കുറിയ്ക്കുകൊള്ളുന്ന തിരിച്ചടിയും ഉണ്ടായത് .
അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുമ്പോള്‍ പ്രതിപക്ഷത്തിന് 'നിലപാട് വേണം സാർ' എന്ന് പറഞ്ഞ് പഴയ ചാനല്‍ ചര്‍ച്ചകളിലെ അവതാരികയുടെ റോളില്‍ ഒന്ന് കത്തിക്കയറാന്‍ ശ്രമിച്ചതായിരുന്നു വീണാ ജോര്‍ജ്. സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിലെ പ്രതികളെ രക്ഷിക്കാനും അവർക്ക് അനുകൂലമായും സർക്കാർ നടത്തിയ ശ്രമങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മന്ത്രിയുടെ നീക്കം. കെ.കെ.ശൈലജയെ ആർഎംപി നേതാവ് അപമാനിച്ചതു ചൂണ്ടിക്കാട്ടിയാണു വീണാ ജോർജ്ജ് മറുപടി നൽകിയത്. 
ശൈലജയെ അപമാനിച്ചിട്ടും ആരും പ്രതികരിക്കാതിരുന്നതും പി.കെ. ശ്രീമതിയെ തയ്യൽ ടീച്ചറെന്നു വിളിച്ച് അപമാനിക്കുന്നതും അടക്കം വീണ അക്കമിട്ടു നിരത്തി.  അരൂരിൽ യുവതിക്കെതിരേയുള്ള അതിക്രമത്തിൽ കേസെടുക്കാനാണു പാർട്ടി നിർദേശിച്ചത്. ഇതിലെ രണ്ടു പ്രതികളെ പിടികൂടി. സർക്കാരിന് ഒറ്റ നിലപാടേ ഉള്ളുവെന്നും അതു സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കുന്ന നിലപാടാണെന്നും മന്ത്രി പറഞ്ഞു. 
കുറ്റവാളികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതികളെ സി.പി.എം പിന്തുണയ്ക്കുന്നില്ലെന്നും ആവർത്തിച്ചു പറഞ്ഞും എന്നാല്‍ പ്രതിപക്ഷത്തിനൊരു നിലപാടില്ലെന്നും പറഞ്ഞായിരുന്നു പ്രതിപക്ഷത്തെ നോക്കി മന്ത്രിയുടെ  'നിലപാട് വേണം സാർ' പരാമർശം. 
തൊട്ടു പിന്നാലെ തിരിച്ചടിയുമായി എഴുന്നേറ്റ വി.ഡി സതീശൻ പിന്നെ മന്ത്രിയെ പൊളിച്ചടുക്കി എയറില്‍ തൂക്കി നിര്‍ത്തുന്ന കാഴ്ചയാണ് നിയമസഭയില്‍ കണ്ടത്.  സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സതീശന്റെ ആ പ്രസംഗം.
എന്നാൽ അരൂരിലെ പെൺകുട്ടി വീഡിയോ സഹിതം നൽകിയ പരാതിയിൽ 48 മണിക്കൂർ കഴിഞ്ഞിട്ടും കേസെടുക്കാതിരുന്ന അരൂർ പൊലീസ് സ്റ്റേഷൻ അടച്ചുപൂട്ടണമെന്നു പറഞ്ഞുതുടങ്ങിയ വി.ഡി സതീശൻ സര്‍ക്കാരിന്‍റെ നിലപാട് കേട് ഓരോന്നായി എണ്ണിപ്പറഞ്ഞായിരുന്നു കത്തിക്കയറിയത്.
'നിലപാടുകള്‍' എണ്ണിപ്പറഞ്ഞുള്ള സതീശന്റെ പ്രസംഗത്തിന്റെ പൂ‌ർണരൂപം ഇങ്ങനെ
ആരോഗ്യ മന്ത്രി പറഞ്ഞതു പോലെ ഒരു നിലപാട് നമുക്ക് എല്ലാവർക്കും ആവശ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലപാടെടുക്കണം. നമ്മുടെ മക്കളെ പോലെയും കുടുംബാംഗങ്ങളെ പോലെയും അവരെ കാണാനാകണം. അരൂരിൽ 19 വയസുകാരിയായ ദളിത് പെൺകുട്ടി പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ല. 
പ്രതികളുടെ ഭാഗത്ത് നിന്നും കുടുംബത്തിനുൾപ്പെടെ ഭീഷണിയുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു പരാതി. പരാതി നൽകി 48 മണിക്കൂർ കഴിഞ്ഞിട്ടും ഒരു അന്വേഷണവുമുണ്ടായില്ല. 19 വയസുകാരിയായ ദളിത് പെൺകുട്ടി നേരിട്ട് പോയി പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയാറാകാത്ത പൊലീസ് സ്റ്റേഷൻ അടച്ചു പൂട്ടണം. ആരെ സംരക്ഷിക്കാനാണ് പൊലീസ് ?
 19 വയസുകാരിയായ പെൺകുട്ടിയെ മകളെ പോലെ കണ്ട് അപ്പോൾ തന്നെ പോയി അന്വേഷിക്കേണ്ടേ. അന്വേഷിക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ വാർത്തയായപ്പോഴാണ് കേസെടുത്തതും രണ്ടു പേരെ അറസ്റ്റു ചെയ്തതും. എന്നാൽ പ്രധാനപ്പെട്ട പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. 
 അയാൾ സി.പി.എം പ്രവർത്തകനാണ്. വേണമെങ്കിൽ നടപടി എടുത്തോളാൻ പാർട്ടി ലോക്കൽ കമ്മിറ്റി പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. അതിൽ വലിയ സന്തോഷം. പാർട്ടി പ്രാദേശിക നേതൃത്വം അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രിയാണ് നിയമസഭയിൽ പറഞ്ഞത്. ഇത് വലിയ അനുവാദമാണ്. തെരുവിലാണ് ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടതും അവരുടെ വസ്ത്രം വലിച്ചു കീറിയതും. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ ഇരകൾക്ക് നീതി ലഭ്യമാക്കണം. 
കൊച്ചിൻ സർവകലാശാലയിൽ നടന്ന സംഭവത്തെ കുറിച്ച് എന്തു രസമായിട്ടാണ് മന്ത്രി പറഞ്ഞത്. കമ്മിറ്റിക്ക് പരാതി നൽകിയപ്പോൾ തന്നെ അത് പൊലീസിന് കൈമാറിയെന്നാണ് മന്ത്രി പറഞ്ഞത്. മാർച്ച് ഒന്നിന് രാത്രിയിലാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. സി.പി.എം അനുകൂല അധ്യാപക സംഘടന സർക്കിൾ ഇൻസ്‌പെടർക്ക് ഒരു പരാതി നൽകി. 
'വിഷയം മാപ്പ് പറയലോടെ തീർന്നു എന്ന് കരുതിയെങ്കിലും പിന്നീടത് വിഷയമായി. ഒരു സംഘം അധ്യാപകനായ ബേബിയുടെ വീട് അന്വേഷിച്ച് നടക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് ഒരു ജീപ്പ് നിറയെ ആളുകൾ ആലുവ ഭാഗത്ത് നിന്നും കാമ്പസിലെത്തി. അന്വേഷണത്തിൽ ആലുവ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. 
അതുപ്രകാരം ഓഫീസിലെത്തിയ ഡോ. ബേബിയെ യൂത്ത് വെൽഫെയർ ഓഫീസിൽ തള്ളിക്കയറിയ എസ്.എഫ്.ഐ നേതാക്കളടങ്ങിയ സംഘം ക്രൂരമായി ആക്രമിച്ചു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എത്തിയ ഗുണ്ടാ സംഘവും പ്രശ്‌നവുമായി ബന്ധപ്പെട്ട പെൺകുട്ടിയും അക്രമത്തിൽ പങ്കാളിയായി.'- ഇങ്ങനെയാണ് പരാതിയിൽ പറയുന്നത്.  
 ഈ സംഭവം നടന്നതിന്റെ പിറ്റേ ദിവസം വെളുപ്പിന് എസ്.എഫ്.ഐക്കാർ ഇയാൾക്ക് അടികൊടുത്തു. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും  കേസെടുത്തില്ല. കുട്ടികളുടെ ക്ഷേമം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ബേബി. കറക്ട് ആളിന്റെ കയ്യിലാണ് കുട്ടികളുടെ ക്ഷേമം അന്വേഷിക്കാൻ കൊടുത്തിരിക്കുന്നത്. വ്യാജ പരാതി നൽകിയ പെൺകുട്ടിക്കും ഡോ. ബേബിയെ ആക്രമിച്ച ഗുണ്ടകൾക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നിങ്ങളുടെ അധ്യാപക സംഘടന നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 'നിലപാട് വേണം സർ, നിലപാട്. ഇതാണ് നിലപാട്'- പ്രതിപക്ഷ നേതാവ് പറഞ്ഞു.
ക്ലാർക്കിന് മുകളിലുള്ള പോസ്റ്റിൽ എത്തിയ ബേബി ഒരു അർഹതയുമില്ലാതെ സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടറായി. കുറെക്കാലം കഴിഞ്ഞപ്പോൾ ആ പോസ്റ്റ് ടീച്ചിങ് പോസ്റ്റാക്കണമെന്ന് ബേബി ആവശ്യപ്പെട്ടു. അപ്പോൾ തന്നെ സർവകലാശാല സ്റ്റാറ്റിയൂട്ട് ഭേഗദതി വരുത്തി നോൺ ടീച്ചിങ് പോസ്റ്റ് ടീച്ചിങ് പോസ്റ്റാക്കി മാറ്റി. എന്നിട്ട് 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യു.ജി.സി ശമ്പളം നൽകി. അയാളാണ് ഈ പ്രതി. 'നിലപാട് വേണം സർ, നിലപാട്' - സതീശന്‍ തുടര്‍ന്നു.
കാലടി ശ്രീശങ്കര കോളജിൽ  20 പെൺട്ടികളുടെ ഫോട്ടോയാണ് അശ്ലീല ഹാൻഡിലുകളിൽ ഇട്ടത്. പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷനിലെത്തിയ പ്രതിയെ 15 മിനിട്ട് പോലും ഇരുത്താതെ ജാമ്യത്തിൽ വിട്ടയച്ചു. അത് നിലപാടാണ് സർ, നിലപാട്. 
മക്കളെ പോലെയുള്ളവരുടെ ചിത്രം അശ്ലീല സൈറ്റുകളിൽ ഇട്ടവനെയാണ് 15 മിനിട്ട് പോലും ഇരുത്താതെ നടപടിക്രമം വേഗം പൂർത്തിയാക്കി ജാമ്യം നൽകിയത്. 'അതാണ് സർ നിലപാട്'. 
കെ.കെ രമയെ അധിക്ഷേപിച്ചതു പോലെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കപ്പെട്ട വേറെ ഏതെങ്കിലും ഒരു സ്ത്രീയുണ്ടോ ? രമയെ അധിക്ഷേപിച്ച് ഇട്ട കമന്റുകൾ എന്റെ കയ്യിലുണ്ട്. പക്ഷെ വായിക്കാൻ പറ്റില്ല. 51 വെട്ടു വെട്ടി ടി.പിയെ കൊന്നിട്ടും നിങ്ങളുടെ വാശി തീരാതെ കെ.കെ രമയെ നിങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ കൊന്നുകൊണ്ടിരിക്കുകയാണ്. 'അത് നിങ്ങളുടെ നിലപാടാണോ ?'
 തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ഇട്ടൊരു കമന്റുണ്ട്. മുൻ എം.എൽ.എയായ അമ്മയുടെ പോസ്റ്റിൽ കയറിയാണ് ഈ മകൻ കമന്റിട്ടിരിക്കുന്നത്. അത് വായിക്കാൻ പറ്റില്ല. കാരണം അതൊക്കെ 'നിലപാടാണ്'. 
കോഴിക്കോട് മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് പെൺകുട്ടിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. പരാതി നൽകിയപ്പോൾ ആ ജീവനക്കാരൻ അവിടെ ഉണ്ടായിരുന്നുവെന്ന് ഒരു ജീവനക്കാരി മൊഴി നൽകി. അതിന്റെ പേരിൽ ആ ജീവനക്കാരിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ആളാണ് ഈ ആരോഗ്യമന്ത്രി.  ഹൈക്കോടതി ഇടപെട്ടിട്ടാണ് ഈ ജീവനക്കാരിയെ വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി നിയമിച്ചത്. കോടതി ഉത്തരവുമായി വന്ന ജീവനക്കാരിയെ ഏഴ് ദിവസം മെഡിക്കൽ കോളജിന് മുന്നിൽ ഇരുത്തിയ ആരോഗ്യ മന്ത്രിയാണിത്.
12 ക്രിമിനൽ കേസിലും കാപ്പ കേസിലും പ്രതിയായ ക്രിമിനലിനെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച ആരോഗ്യമന്ത്രിയാണ് നിലപാടിനെക്കുറിച്ച്  പഠിപ്പിക്കുന്നത്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റിനെ അധിക്ഷേപിക്കുകയും കേട്ടാൽ അറയ്ക്കുന്ന തെറി പറയുകയും ചെയ്ത ആളെ നിങ്ങൾ എന്ത് പ്രമോഷൻ നൽകിയാണ് എസ്.എഫ്.ഐ സെക്രട്ടറിയാക്കിയത്. അത് 'നിലപാടാണ്'. 
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം. പ്രധാനപ്പെട്ട കേസുകളിലൊക്കെ പാർട്ടിക്കാരും പാർട്ടി ബന്ധുക്കളും പ്രതികളാണ്. അവരെ സംരക്ഷിക്കരുത്. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ പൊലീസ് സംരക്ഷിച്ചു.
Advertisment