/sathyam/media/media_files/y65NqOyIC1SxVvl9XeYt.jpg)
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കെതിരേ അടക്കം അതിരൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ, സർക്കാരിനെ വിമർശിച്ച് നിയമസഭയിൽ ഭരണപക്ഷ എം.എൽ.എമാർ രംഗത്തെത്തിയത് ചർച്ചയാവുന്നു. തിരുവനന്തപുരം ആക്കുളം കായൽ നവീകരണ വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ അതിരൂക്ഷമായി ആക്രമിച്ച് മുൻമന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രനാണ് ആദ്യം രംഗത്ത് വന്നത്. പിന്നാലെ പാറശാല എം.എൽ.എയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ സി.കെ.ഹരീന്ദ്രൻ വ്യവസായ വകുപ്പിനെതിരേ രംഗത്തെത്തി. സ്കൂൾ കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകുന്ന പദ്ധതി പരിതാപകരമാണെന്നായിരുന്നു മന്ത്രി പി.രാജീവിനെതിരേ ഹരീന്ദ്രന്റെ കുറ്റപ്പെടുത്തൽ.
ഒന്നാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു സ്കൂൾ കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം പദ്ധതി. എന്നാൽ ഇപ്പോൾ പദ്ധതിയിൽ കൂലി പോലും നൽകുന്നില്ലെന്നും നിയമസഭയിൽ അതിരൂക്ഷമായി ഹരീന്ദ്രൻ വിമർശിച്ചു.
ഇക്കൊല്ലം തീരെ കുറച്ച് ഓർഡറുകൾ മാത്രമാണ് കിട്ടിയതെന്നും കൈത്തറിയുടെ കേന്ദ്രമായ ബാലരാമപുരം കൂടി ഉൾപ്പെടുന്ന തലസ്ഥാനത്തെ എം.എൽ.എയായ ഹരീന്ദ്രൻ തുറന്നടിച്ചു. എന്നാൽ പദ്ധതി പരിതാപകരമാണെന്ന പ്രസ്താവന ശരിയല്ലെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ തിരുത്തി. കഴിഞ്ഞ സർക്കാരിന്റെ പദ്ധതി അതേപടി തുടരുകയാണ്. സ്കൂൾ തുറക്കും മുമ്പ് കൈത്തറി യൂണിഫോം കുട്ടികൾക്ക് വിതരണം ചെയ്തു. കൂലിയിനത്തിലെ കുടിശിക ഉടൻ നൽകും. കൈത്തറി സംഘങ്ങൾക്ക് നൂൽ ലഭിക്കാൻ നടപടിയെടുക്കും. ഒറ്റത്തവണ ധനസഹായമായി ഒരു കോടി വീതം നൽകി. അസംസ്കൃത വസ്തു സബ്സിഡിക്കായി 75ലക്ഷം അനുവദിച്ചെന്നും ഹരീന്ദ്രന് മന്ത്രി മറുപടി നൽകി.
മന്ത്രി മുഹമ്മദ് റിയാസും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായ ഭിന്നത നിയമസഭയിൽ പരസ്യമായി മറനീക്കിയതും ഇരുവരും തമ്മിൽ വാക്പോര് നടന്നതും അടുത്തിടെയാണ്. തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡ്, ആക്കുളം കായൽ നവീകരണം എന്നീ വിഷയങ്ങളിലായിരുന്നു ഇരുവരുടെയും ഏറ്റുമുട്ടൽ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ പാർട്ടി ജില്ലാ കമ്മിറ്റി യോഗങ്ങളിൽ വിമർശനം ഉയരുന്നതിനിടെയാണ് ടൂറിസം വകുപ്പിന്റെ കെടുകാര്യസ്ഥത ഉന്നയിച്ച് റിയാസിനെതിരെ ഭരണകക്ഷി എംഎൽഎ തന്നെ നിയമസഭയിൽ രംഗത്തെത്തിയത്.
തന്റെ മണ്ഡലത്തിലെ ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിക്കുകയാണെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് തന്ന ഉറപ്പ് പാലിക്കുന്നില്ലെന്നും കടകംപള്ളി സഭയിൽ തന്നെ തുറന്നടിക്കുകയായിരുന്നു.
കിഫ്ബി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന മറുപടി മാത്രമാണ് മന്ത്രി റിയാസ് നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ പോലും ടൂറിസം വകുപ്പ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന കടകംപള്ളിയുടെ വിമർശനം സഭയെ അമ്പരപ്പിച്ചിരുന്നു. നിക്ഷിപ്ത താൽപര്യങ്ങൾക്കു വിധേയമായി ഒരു അനുമതിയുമില്ലാതെ 4 ലക്ഷം രൂപ പ്രതിഫലത്തിൽ സ്വകാര്യ കൺസൾട്ടൻസിയെ നിയമിച്ചുവെന്ന കടകംപള്ളിയുടെ ആരോപണം ടൂറിസം വകുപ്പിനെയും മന്ത്രിയെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതായിരുന്നു.
2018ൽ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് കരാറിൽ ഏർപ്പെടാതെ ടൂറിസം വകുപ്പ് നീട്ടിക്കൊണ്ടുപോകുന്നതാണ് കടകംപള്ളിയെ ചൊടിപ്പിച്ചത്. 2022 ഒക്‌ടോബറിൽ തിരഞ്ഞെടുത്ത കരാർ കമ്പനി ബാങ്ക് ഗ്യാരന്റി ഉൾപ്പെടെ ആറു കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പിന് എന്തോ ബുദ്ധിമുട്ടുണ്ടെന്നാണു മനസിലാക്കുന്നതെന്നും കടകംപള്ളി വിമർശനം ഉന്നയിക്കുന്നു.
നേരത്തേ സ്മാർട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനെ കടകംപള്ളി സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചപ്പോൾ പിന്തുണച്ചെത്തിയത് മുഹമ്മദ് റിയാസായിരുന്നു. പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയ കരാറുകാരനെ പിരിച്ചുവിട്ടതിൽ ചിലർക്കു പൊള്ളിയിട്ടുണ്ടെന്നും അവരുടെ ദേഹത്തെ പൊള്ളൽ ഇതുവരെ ഉണങ്ങിയിട്ടില്ലെന്നും റിയാസ് തുറന്നടിച്ചത് കടകംപള്ളിയെ ലക്ഷ്യമിട്ടാണെന്ന് അഭ്യൂഹമുണ്ടായി.
എന്നാൽ താൻ ഉദ്ദേശിച്ചത് കടകംപള്ളിയെ അല്ലെന്ന് പിന്നീട് റിയാസ് വിശദീകരിച്ചു. മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞതോടെയാണ് അന്നു പ്രശ്‌നം തീർന്നത്. പിന്നാലെയാണ് റിയാസിനെ രൂക്ഷമായി വിമർശിച്ച് കടകംപള്ളി വീണ്ടും രംഗത്തെത്തിയത്.
225 ഏക്കറിലെ ആക്കുളം കായലും അനുബന്ധ തോടുകളും നവീകരിക്കാനാണ് 185 കോടിയുടെ പദ്ധതി. പ്രഖ്യാപനം കഴിഞ്ഞ് പല കടമ്പകൾ പിന്നിട്ട് 96.13 കോടി രൂപയ്ക്ക് ആദ്യഘട്ട പണി തീർക്കാൻ കരാറുകാരനുമെത്തി. പക്ഷെ കരാറിൽ ഒപ്പിട്ട് തുടർ നടപടികൾ ഉറപ്പാക്കാൻ നടത്തിപ്പ് ഏജൻസിയായ വാപ്‌കോസോ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ല. ടൂറിസം വകുപ്പ് നാല് ലക്ഷം രൂപ ചെലവിൽ ഒരു കൺസൾട്ടൻസിയെ നിയോഗിച്ചതെന്തിനെന്നാണ് കടകംപള്ളി നിയമസഭയിൽ ചോദിച്ചത്.