New Update
/sathyam/media/media_files/FfqQPspsE4lZ64JvsIWw.jpg)
Listen to this article
0.75x1x1.5x
00:00/ 00:00
തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തെ അറിയിച്ചത്, എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മാത്രമാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതെന്ന്. നിലവിലെ ചുമതല മാറ്റിയാലും സുപ്രധാനമായ മറ്റൊരു ചുമതലയിലേയ്ക്ക് അജിത്തിനെ നിയോഗിക്കും എന്ന കാര്യത്തില്‍ സിപിഐയുടെ സംശയം തുടരുകയാണ്.
Advertisment
അക്കാര്യത്തിലുള്ള നിലപാട് അപ്പോള്‍ പറയാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ സിപിഐ നിലപാട് നടപ്പിലാക്കുന്നതില്‍ ബിനോയ് വിശ്വം വിജയിച്ചില്ലെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയരുമെന്ന സൂചനകളും യോഗത്തിലുണ്ടായി.
സംഘ പരിവാർ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസ്ഥാന പൊലിസ് മേധാവി നടത്തുന്ന അന്വേഷണത്തിൻെറ റിപോർട്ട് ലഭിച്ചാലുടൻ തീരുമാനം വരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായാണ് ബിനോയ് വിശ്വം നേതൃയോഗത്തെ അറിയിച്ചത്. അജിത്തിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മെല്ലെപ്പോക്കില്‍ സംശയമുള്ള സിപിഐ അതുവരെ നിയമസഭയ്ക്കകത്തും പാര്‍ട്ടി നിലപാട് തുടരാന്‍ തീരുമാനിച്ചതും ശ്രദ്ധേയമായ നീക്കമായി.
/sathyam/media/media_files/pvrJzid2vEgNUQ5FXyql.jpg)
മറ്റ് പോംവഴിയില്ലെന്ന് ബിനോയ് വിശ്വം
സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ പൊതു രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച റിപോർട്ടിങ്ങ് നടത്തുമ്പോഴാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചകാര്യം അറിയിച്ചത്. ഇക്കാര്യം ഇന്നലെ വൈകീട്ട് തന്നെ സത്യം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്ന് സ്ഥിരീകരിച്ചതോടെ എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെ സർക്കാരിന് മുന്നിൽ വഴികളില്ല.
അതുകൊണ്ടുതന്നെ എ.ഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുകതന്നെ ചെയ്യുമെന്നും ബിനോയ് വിശ്വം പാർട്ടി നേതൃയോഗത്തിൽ പറഞ്ഞു. എന്തുവന്നാലും സംഘപരിവാർ നേതാക്കളുമായി ഊഴംവെച്ച് കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരായ നിലപാടിൽ വിട്ടവീഴ്ചയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. നിയമ സഭയ്ക്കകത്തും സമാന നിലപാട് തന്നെ സ്വീകരിക്കാനാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിൻെറ തീരുമാനം./sathyam/media/media_files/Q2mVdNngkx9b7m8zI9Jo.webp)
/sathyam/media/media_files/Q2mVdNngkx9b7m8zI9Jo.webp)
പ്രകാശ് ബാബുവിനെതിരെ ഒളിയമ്പ്
പൂരം കലക്കലിലും സംഘപരിവാർ നേതാക്കളുമായുളള കൂടിക്കാഴ്ചയിലും പ്രതി സ്ഥാനത്തുളള എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിൽ നേതൃത്വത്തിന് എതിരെ സംസ്ഥാന എക്സിക്യൂട്ടിവിൽ കാര്യമായ വിമർശനം ഉയർന്നില്ല.
ആർ.എസ്.എസ് കൂടിക്കാഴ്ചാ വിവാദത്തിൽ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടും അതിന് മുകളിൽ എന്ന പോലെ ചില നേതാക്കൾ അഭിപ്രായം പറഞ്ഞ് ആളാകാൻ നോക്കുകയാണെന്നാണ് യോഗത്തിൽ ഉയർന്ന ഉള്‍പ്പാര്‍ട്ടി വിമർശനം. പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും ഭിന്നതയുണ്ടെന്നുമുളള പ്രതീതീ ജനിപ്പിക്കാനേ ഇത്തരം അഭിപ്രായങ്ങൾ ഉപകരിക്കുകയുളളുവെന്നും പഴയ കാനം പക്ഷക്കാരായ നേതാക്കൾ വിമർശിച്ചു.
എ.ഡി.ജി.പി - ആർ.എസ്.എസ് കൂടിക്കാഴ്ചാ വിവാദത്തിൽ ഏറ്റവും കർശന നിലപാട് എടുത്ത ദേശിയ എക്സിക്യൂട്ടിവ് അംഗം കെ. പ്രകാശ് ബാബുവിനെ ലക്ഷ്യം വെച്ചുളളതായിരുന്നു വിമർശനം. ഇതോടെ കാനം രാജേന്ദ്രന്‍ അന്തരിച്ചുവെങ്കിലും കാനത്തിന്‍റെ അനുയായികള്‍ പ്രകാശ് ബാബുവിനെ വിടാതെ പിന്തുടരുന്നതിന്റെ സൂചനകള്‍ ഇന്നലത്തെ യോഗത്തിലും വെളിവായി./sathyam/media/media_files/S1VihPQb86EAp0CMHKzV.jpg)
/sathyam/media/media_files/S1VihPQb86EAp0CMHKzV.jpg)
എല്ലാം സെക്രട്ടറിയുടെ അറിവോടെ
നീക്കം തനിക്കെതിരാണെന്ന് മനസിലാക്കിയ പ്രകാശ് ബാബു തൻെറഭാഗം വിശദീകരിക്കാൻ മുന്നോട്ടുവന്നു. ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി,.പിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ പൊലീസ് മേധാവിയുടെ രാഷ്ട്രീയബോധ്യം മതിയെന്ന് ജനയുഗത്തിൽ ലേഖനം എഴുതിയത് പാർട്ടി സെക്രട്ടറിയോട് പറഞ്ഞിട്ടാണ്. സെക്രട്ടറി അമേരിക്കൻ പര്യടനത്തിന് പോകുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചപ്പോൾ ലേഖനം എഴുതുന്നതിനെ കുറിച്ച് സംസാരിച്ചത്.
ലേഖനം പുറത്തുവന്നശേഷം മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോഴാണ് അതേപ്പറ്റി പരസ്യ പ്രതികരണം നടത്തിയതെന്നും പ്രകാശ് ബാബു വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം ഉൾക്കൊളളുന്ന സമീപനമല്ല സംസ്ഥാന നേതൃത്വം പിന്നീട് സ്വീകരിച്ചത്. ഭരണവുമായും സംഘടനാപരവുമായ നിർണായക വിഷയങ്ങളിൽ പാർട്ടി സെക്രട്ടറി മാത്രം അഭിപ്രായ പ്രകടനം നടത്തിയാൽ മതിയെന്ന എക്സിക്യൂട്ടിവ് തീരുമാനമാണ് ഇതിൻെറ തെളിവ്.
സെക്രട്ടറി പ്രകടിപ്പിച്ച നിലപാട് പോലും മറ്റ് നേതാക്കൾ ആവർത്തിക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്. കൃത്യവും ശക്തവുമായ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുന്ന ദേശിയ എക്സിക്യൂട്ടിവ് അംഗം കെ.പ്രകാശ് ബാബുവിന് അടുത്തകാലത്തായി ലഭിക്കുന്ന മാധ്യമശ്രദ്ധക്ക് തടയിടാനാണ് ഈ നീക്കമെന്ന് വ്യക്തമാണ്. വിരുദ്ധ പക്ഷത്തെ അമർച്ച ചെയ്യാനുളള പഴയ കാനം പക്ഷത്തിൻെറ ശ്രമമായിട്ടാണ് ഇത് വിലിയരുത്തപ്പെടുന്നത്.
അതേസമയം പൊലിസിനെയും സർക്കാരിനെയും ബാധിക്കുന്ന വിവാദങ്ങളിൽ ഏതെങ്കിലും ഉദ്യോഗസ്ഥനെ മാറ്റിയിട്ട് കാര്യമില്ല, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടുകയാണ് വേണ്ടതെന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു. എന്നാൽ നേതൃത്വം അതിനോട് കാര്യമായി പ്രതികരിച്ചില്ല.
/sathyam/media/media_files/Izu9ntV7DoVuOZkYvh20.jpg)
പാർട്ടിയുടെ സ്ഥാപക ദിനത്തില്‍ പുതിയ എം എന്‍ സ്മാരകം
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഡിസംബർ 26 ന് പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകം ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന എക്സിക്യൂട്ടിവിൽ തീരുമാനമായി. കാനം രാജേന്ദ്രൻ സെക്രട്ടറിയായിരിക്കുമ്പോഴാണ് എം.എൻ.സ്മാരകം നവീകരിക്കാൻ തീരുമാനമെടുത്തത്.10കോടി രൂപ ചെലവിലുളള നവീകരണത്തിനുളള തുക മുഴുവൻ ജില്ലാ കൗൺസിലുകൾ പിരിച്ച് നൽകിയിരുന്നു.
1 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും പലകാരണങ്ങളാൽ അറ്റകുറ്റപ്പണി വൈകി. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാനം മരിച്ചപ്പോൾ അദ്ദേഹത്തിൻെറ ഭൗതിക ശരീരം എം.എൻ സ്മാരകത്തിൽ കൊണ്ടുവരാനായില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക ദിനമായ ഡിസംബർ 26ന് നവീകരിച്ച എം.എൻ സ്മാരകം ഉൽഘാടനം ചെയ്ത് സംസ്ഥാന കൗൺസിൽ ഓഫീസ് ഇവിടേക്ക് മാറ്റാനാണ് എക്സിക്യൂട്ടിവ് തീരുമാനം. പാർട്ടിയുടെ സംസ്ഥാന സമ്മേളനം 2025 സെപ്റ്റംബറിൽ ആലപ്പുഴയിൽ വെച്ച് നടത്താനും എക്സിക്യൂട്ടിവിൽ ധാരണയായി.