മന്ത്രിസ്ഥാനം വീതം വെയ്പ് പ്രതിസന്ധിയിൽ വീർപ്പുമുട്ടി എൻ.സി.പി. രാജി നിർദ്ദേശം പാലിക്കാത്ത മന്ത്രി എ.കെ.ശശീന്ദ്രനെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വത്തിൻെറ ഇടപെടൽ തേടി പി.സി.ചാക്കോയും തോമസ് കെ.തോമസും മുംബൈക്ക്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ എം.എൽ.എ സ്ഥാനവും രാജിവെക്കുമെന്ന നിലപാടിലുറച്ച് ശശീന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
സര്‍ക്കാര്‍ മുട്ടുമടക്കില്ല; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുടെ സമരം നേരിടുമെന്ന് ഗതാഗതമന്ത്രി
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് വീതം വെയ്പിനെ ചൊല്ലിയുളള തർക്കം രൂക്ഷമായതോടെ ദേശീയ നേതൃത്വത്തിൻെറ ഇടപെടൽ തേടി എൻ.സി.പി സംസ്ഥാന നേതൃത്വം. ദേശിയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും തോമസ്.കെ. തോമസ് എം.എൽ.എയും മുംബൈക്ക് പോകും. 

Advertisment

മന്ത്രിസ്ഥാനം  രാജിവെക്കണമെന്ന നി‍ർദ്ദേശം നൽകിയിട്ടും എ.കെ.ശശീന്ദ്രൻ അത് അനുസരിക്കാൻ കൂട്ടാക്കാത്തതിനാലാണ് ഇടപെടൽ അഭ്യർത്ഥിച്ച് ദേശിയ നേതൃത്വത്തെ സമീപിക്കുന്നത്. ഇന്നലെ പാലക്കാട്ടെ പാർട്ടി നേതാവിൻെറ കുടുംബത്തിലെ വിവാഹ ചടങ്ങിൽ വെച്ച് കണ്ട പി.സി.ചാക്കോയും തോമസ്.കെ.തോമസും അവിടെവെച്ചാണ് ശരത് പവാറിനെ കാണാൻ തീരുമാനിച്ചത്.


ശരത് പവാറുമായി വർഷങ്ങളുടെ ബന്ധമുളള ശശീന്ദ്രനോട് അദ്ദേഹം ആവശ്യപ്പെട്ടാൽ വഴങ്ങുമെന്ന കണക്കുകൂട്ടലിലാണ് തോമസ്.കെ.തോമസിനെ കൂട്ടി മുംബൈക്ക് പോകുന്നത്. മന്ത്രിസ്ഥാനം  വീതം വെയ്ക്കുന്നത് കേരളത്തിൽ തന്നെ തീരുമാനിച്ചോളു എന്നതാണ് ശരത് പവാർ നേരത്തെ സ്വീകരിച്ചിരുന്ന സമീപനം. മന്ത്രിസ്ഥാനം മോഹിക്കുന്ന തോമസ്.കെ. തോമസിനെയും മന്ത്രിസ്ഥാനത്തുളള എ.കെ.ശശീന്ദ്രനെയും മുംബൈക്ക് വിളിപ്പിക്കാനുളള തീരുമാനം മാറ്റിവെച്ചാണ് പവാ‍ർ ഇങ്ങനെ ഒരു സമീപനം സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ നിലപാടും വിലങ്ങുതടി 

എങ്കിലും പവാറിനെ കാണാൻ മുംബൈക്ക് പോകാൻ തയാറായിരുന്ന തോമസ്.കെ.തോമസ് അദ്യം 5 നും പിന്നെ 7 നും യാത്ര നിശ്ചയിച്ചിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന കാര്യം പറയാനാണെന്ന് മനസിലാക്കിയ ശശീന്ദ്രൻ പവാറുമായുളള കൂടിക്കാഴ്ചക്ക്  പോകാൻ കൂട്ടാക്കിയതുമില്ല. പി.സി.ചാക്കോയുമായുളള കൂടിക്കാഴ്ചയിൽ തോമസ് കെ.തോമസിനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രി ചിലസംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. 


ഇതോടെയാണ് ചാക്കോയുടെ നിര്‍ദേശ പ്രകാരം ശരത് പവാറുമായുളള കൂടിക്കാഴ്ച മാറ്റി വെച്ച് തോമസ്.കെ.തോമസ് മുഖ്യമന്ത്രിയെ കാണാൻ പുറപ്പെട്ടത്. രണ്ട് ദിവസം ശ്രമിച്ചിട്ടാണ് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചക്ക് തോമസിന് അവസരം ലഭിച്ചത്. ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ട തോമസ്.കെ. തോമസിനോട് മന്ത്രി സ്ഥാനം എൻ.സി.പി തീരുമാനിച്ച് അറിയിച്ചാൽ മുന്നണി നേതൃത്വം പരിഗണിക്കുമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.


എന്നാൽ തോമസിനെ മന്ത്രിയാക്കുന്നതിലുളള മുഖ്യമന്ത്രിയുടെ ആശങ്ക നീങ്ങിയോ എന്നതിൽ വ്യക്തയില്ല. മുതിർന്ന രാഷ്ട്രീയ നേതാവായ എ.കെ.ശശീന്ദ്രനെ മന്ത്രിയായി നിലനിർത്തുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്നാണ് സൂചന. രാഷ്ട്രീയത്തിൽ 4 കൊല്ലത്തെ പരിചയം മാത്രമുളള തോമസ്.കെ.തോമസിനെ മന്ത്രിയാക്കിയാൽ വിവാദം ഒഴിയില്ലെന്നതാണ് മുഖ്യമന്ത്രിയുടെ ആശങ്കയെന്നാണ് സൂചന.

ആയുധം 'ഗ്രേസ്ഫുള്‍ എക്സിറ്റ്' !

 രണ്ടാം പിണറായി സർക്കാരിൻെറ അവശേഷിക്കുന്ന കാലം തോമസ്.കെ.തോമസിനെ മന്ത്രിയാക്കണമെന്ന പാ‍ർട്ടി തീരുമാനം നടപ്പിലാക്കാൻ ദേശിയ നേതൃത്വത്തെ സമീപിക്കുന്നതിനൊപ്പം സംസ്ഥാന നേതൃത്വം മറ്റുവഴികളും തേടുന്നുണ്ട്. ജില്ലാ കമ്മിറ്റികൾ വിളിച്ച് ചേർത്ത് എ.കെ.ശശീന്ദ്രൻെറ രാജി ആവശ്യപ്പെടുക എന്നതാണ് ഒരു തന്ത്രം


ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന് മേൽ കനത്ത സമ്മർദ്ദം ഉണ്ടാക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ പ്രതീക്ഷ. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാൽ എം.എൽ.എ സ്ഥാനവും രാജിവെക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എ.കെ.ശശീന്ദ്രൻ. തനിക്ക് 'ഗ്രേസ്ഫുള്‍ എക്സിറ്റ്' വേണമെന്നാണത്രേ ശശീന്ദ്രന്‍റെ ആവശ്യം. 


തന്നെ ഒഴിവാക്കാനുളള സംസ്ഥാന നേതൃത്വത്തിൻെറ തന്ത്രത്തെ നേരിടാനുളള മറുതന്ത്രം എന്ന നിലയിലാണ് ശശീന്ദ്രൻ ഈ സമീപനം സ്വീകരിച്ചത്. പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്ന കാര്യം കുറച്ച് നാളുകളായി പാർട്ടി സംസ്ഥാന അധ്യക്ഷനെ അറിയിച്ചിരുന്നുവെന്നും ഇപ്പോൾ മന്ത്രി സ്ഥാനം ഒഴിയുമ്പോൾ അതിന് ഏറ്റവും ഉചിതമായ സമയമാണെന്നുമാണ് ശശീന്ദ്രൻ ഉന്നയിക്കുന്ന വാദം.

എന്നാൽ എം.എൽ.എ സ്ഥാനം രാജിവെച്ചാൽ അത് എൻ.സി.പി സംസ്ഥാന ഘടകത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും. അത് തിരിച്ചറിഞ്ഞാണ് സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ നീക്കം.

Advertisment