കോട്ടയം: അന്‍വറിനെ കുലം കുത്തിയാക്കി സി.പി.എം സൈബറിടങ്ങള്‍, അന്‍വറിന്റെ ആരോണങ്ങള്‍ ഏറ്റെടുത്തും എന്നാല്‍ അന്‍വറിനെ ഉള്‍ക്കൊള്ളാതെയും കോണഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍. അന്‍വര്‍ വിഷയത്തില്‍ കരുതലോടെയുള്ള നീക്കമാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്നത്.
അന്‍വര്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന തിരിച്ചറിവാണ് കരുതലോടെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൈബര്‍ ഗ്രൂപ്പുകള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേ സമയം അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനെതിരെയും കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
രാഹുലിനെതിരായ ഡി.എന്‍.എ പരാമര്‍ശത്തിന് മറുപടിയായി രാഹുല്‍ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ഭയങ്കര ബഹുമാനമാണെന്നു അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തി രാഹുല്‍ ഗാന്ധി, ഇ.ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചതുകൊണ്ടാണ് അന്ന് അത്തരം പരാമര്‍ശം നടത്തേണ്ടി വന്നതെന്ന് അന്‍വര്‍ വിവരിച്ചു.
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അത്തരം പരാമര്‍ശനം നടത്തിയതുകൊണ്ടാണ് രാഹുലിന്റെ ഡി.എന്‍.എ പരിശോധിക്കണമെന്ന് താന്‍ തിരിച്ചടിച്ചതെന്നും അന്‍വര്‍ വിവരിച്ചു.
പക്ഷേ, രാഹുല്‍ ഗാന്ധിയെയും കുടുംബത്തെയും അധിഷേപിച്ച അന്‍വറിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ തയാറല്ല.ഇടത് സൈബറിടത്തെ മുഖ്യപോരളിയായിരുന്ന പി.വി അന്‍വര്‍ വ്യാഴാഴ്ച മുതല്‍ കുലം കുത്തിയും ഉത്തരം താങ്ങുന്ന പല്ലിയും വലതു രഷ്ട്രീയ ശക്തികളുടെ കോടാലിയുമൊക്കെയാണ്. ഇതിനോടകം പല പ്രയോഗങ്ങളും ഹിറ്റായി കഴിഞ്ഞു.
അൻവറിനെതിരെ സി.പി.എം. സൈബറിടത്തില്‍ വന്‍ ചര്‍ച്ച നടക്കുകയാണ്. ഇതിനോടു ഇടതു പക്ഷം വിടാന്‍ അന്‍വര്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്നാണ് സി.പി.എം സൈബറിടങ്ങള്‍ വിശദീകരണം നടത്തുന്നത്. എം. സ്വരാജ് പോലുള്ള യുവ നേതാക്കൾ അൻവറിൻ്റെ ചതി വിശദീകരിച്ചു വീഡിയോയും ഇറക്കിക്കഴിഞ്ഞു.
കഴിഞ്ഞ എട്ടു വര്‍ഷക്കാലം കൊണ്ട് പി.വി.അന്‍വറിനെ സൈബറിടത്തിലെ ഹീറോ ആക്കുന്നതില്‍ സി.പി.എം. സൈബര്‍ സഖാക്കള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇടതുപ്രവര്‍ത്തകരുടെ 'പായും പുലി'യായി അവതരിപ്പിക്കപ്പെട്ട പി.വി.അന്‍വര്‍ എം.എല്‍.എ. വ്യാഴാഴ്ച മുഖ്യമന്ത്രിക്കെതിരേ നടത്തിയ വാര്‍ത്താസമ്മേളനത്തോടെ സി.പി.എമ്മിന്റെ സോഷ്യല്‍ മീഡിയാ പേജുകളില്‍ കുലംകുത്തിയായി മാറി.
2019-ല്‍ കക്കാടംപൊയിലെ തടയണ വിവാദത്തോടെയാണ് അന്‍വറെന്ന പേര് സോഷ്യല്‍ മീഡിയായില്‍ സജീവമായത്. അന്‍വര്‍ എം.എല്‍.എ.യുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കാക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയിണ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നശേഷം സര്‍ക്കാര്‍ അന്‍വറിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന വാര്‍ത്ത മാധ്യമങ്ങള്‍ കൊടുത്തു തുടങ്ങിയതോടെ അന്‍വര്‍ മാധ്യമങ്ങളെ വെല്ലുവിളിച്ച് രംഗത്ത് വന്നു. ഇതോടെയാണ് സി.പി.എമ്മിലെ സോഷ്യല്‍ മീഡിയാ വിഭാഗം അന്‍വറിനെ ഹീറോ പരിവേഷത്തിലേയ്ക്ക് ഉയര്‍ത്തിയത്.
സി.പി.എമ്മിന് വേണ്ടി സോഷ്യല്‍ മീഡിയായില്‍ പോരാട്ടം നടത്തുന്ന പല 'സഖാക്കളും' പ്രൊഫൈല്‍ പിക്ചര്‍ വരെ അന്‍വറിന്റേതാക്കി.പിന്നീട് നിയമസഭയില്‍ ;പതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കോടികളുടെ അഴിമതി ആരോപണം അന്‍വര്‍ ഉയര്‍ത്തിയതോടെ സി.പി.എം സൈബര്‍ സേന വീണ്ടും അന്‍വറിന് പിന്നില്‍ അണിനിരന്നു.
രാഹുല്‍ ഗാന്ധിയെ അന്‍വര്‍ അധിക്ഷേപിച്ചപ്പോഴും സി.പി.എം. സൈബര്‍ ഗ്രൂപ്പുകള്‍ അന്‍വറിനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതേ സൈബര്‍ ഗ്രൂപ്പുകള്‍ അന്‍വറിനെതിരെ ഗുരുതര ആരോപണങ്ങളും ഭീഷണിയുമാണ് ഉയര്‍ത്തുന്നത്. വരും ദിവസങ്ങളിലും സി.പി.എം അന്‍വര്‍ പോര് സൈബറിടത്ത് ട്രെന്‍ഡിങ്ങായിരിക്കും.