കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, മർദനം, റാഗിംഗ് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നാണ് പ്രതികളുടെ വാദം. സിദ്ധാർത്ഥ് ക്രൂരമായ റാഗിംഗിനും കൊടിയമർദനത്തിനും ഇരയായെന്ന് സി ബി ഐയുടെ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പ്രതികളുടെ ജാമ്യത്തെ എതിർത്ത് കക്ഷി ചേർന്ന സിദ്ധാർത്ഥിന്റെ അമ്മ എം ആർ ഷീബ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. അതിക്രൂരമായ ആക്രമണമാണ് മകൻ നേരിട്ടത്. വൈദ്യ സഹായം പോലും നൽകാൻ പ്രതികൾ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യവും സി ബി ഐ റിപ്പോർട്ടിൽ വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് സിദ്ധാർത്ഥിന്റെ അമ്മയുടെ ആവശ്യം.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 15ന് വീട്ടിലേയ്ക്ക് പോകുന്നതിനായി സിദ്ധാർത്ഥ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. അന്ന് രാത്രിയോടെ രണ്ട് വിദ്യാർത്ഥികൾ സിദ്ധാർത്ഥിനെ തിരികെ വിളിച്ചു. 16ന് രാവിലെ എട്ടുമണിക്ക് ഹോസ്റ്റലിൽ തിരിച്ചെത്തി. അന്നുരാത്രിയാണ് മർദനം ആരംഭിച്ചത്.