തിരുവനന്തപുരം : കേരളത്തിൽ ബി.ജെ.പിയ്ക്ക് വേരോട്ടമുണ്ടാക്കാനാകില്ലെന്നും താമര വിരിയില്ലെന്നുമുള്ള ഇടത് വലത് മുന്നണികളുടെ ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും അസ്ഥാനത്താക്കി തൃശൂരിൽ ചരിത്ര നേട്ടം കൊയ്ത സുരേഷ് ഗോപി മുന്നാം മോദി സർക്കാരിൽ ഇന്ന് അംഗമാകും. കേരളത്തിന് അഭിമാന മുഹൂർത്തമായ ഈ നിമിഷത്തിന് പ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണെന്ന വിലയിരുത്തലിലാണ് മോദിയുൾപ്പടെയുള്ള കേന്ദ്ര നേതൃത്വം.
സുരേന്ദ്രൻ അദ്ധ്യക്ഷനായതിന് ശേഷം പാർട്ടിയ്ക്ക് സംസ്ഥാനത്ത് അടിത്തറ ശക്തമാക്കാനായെന്നും നേതാക്കൾ വിലയിരുത്തുന്നു. ഇത് സുരേന്ദ്രന് കേന്ദ്രത്തിലേക്കുമുള്ള വാതിൽ തുറക്കുമെന്നാണ് സൂചന. കേരളത്തിലും കേന്ദ്രത്തിലും സുരേന്ദ്രന് ഒരുപോലെ തിളങ്ങാനുള്ള അവസരം പാർട്ടി ദേശീയ നേതൃത്വം ഒരുക്കിയേക്കും.
സുരേന്ദ്രനെ രാജ്യസഭയിലേക്ക് എത്തിച്ച് പാർട്ടി അദ്ധ്യക്ഷന് എം.പി സ്ഥാനം കൂടി നൽകാനുള്ള ചർച്ചകൾ സജീവമാണ്. തിരഞ്ഞെടുപ്പിലെ വോട്ടു ശതമാനം വർദ്ധിപ്പിച്ചതാണ് സുരേന്ദ്രനെ കൂടുതൽ പ്രിയങ്കരനാക്കിയത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി കേന്ദ്രഘടകം നേതാക്കളെ വിലയിരുത്തുന്നത്.
2019ൽ വോട്ട് വിഹിതം 15.64% ആയിരുന്നു. ഇത്തവണ 19.38% ആയി. മൊത്തം വോട്ട് 2019ൽ 31.71ലക്ഷമായിരുന്നു. ഇത്തവണ 38.33 ലക്ഷമായി.
കോൺഗ്രസിന് 35.04% സി.പി.എമ്മിന് 25.8%, സി.പി.ഐയ്ക്ക് 6.15%, മുസ്ലീംലീഗിന് 6.08% വുമാണ് വോട്ട് വിഹിതം. കോൺഗ്രസിന് 69,05,862, സി.പി.എമ്മിന് 50,84,14, മുസ്ലീം ലിഗിന് 11,98,446 എന്നിങ്ങനെ വോട്ട് ലഭിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിൽ 11നിയമസഭാമണ്ഡലങ്ങളിൽ ലീഡും എട്ട് നിയമസഭാമണ്ഡലങ്ങളിൽ രണ്ടാംസ്ഥാനവും മറ്റ് 26 മണ്ഡലങ്ങളിൽ 35000ത്തിലേറെ വോട്ടും പാർട്ടി നേടി. ഇത് ഭാവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജയമാക്കി മാറ്റിയെടുക്കാനാണ് കേന്ദ്രനിർദ്ദേശം.
അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി നിർണ്ണായക സാന്നിദ്ധ്യമായി. തൃശൂരിൽ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ, മുൻകേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, പി.സിജോർജ് തുടങ്ങിയവരെ പാർട്ടിയിലെത്തിച്ചതിലും സുരേന്ദ്രന്റെ ഇടപെടലുണ്ട്.
അതേസമയം അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ അദ്ധ്യക്ഷൻ അണ്ണാമലൈയ്ക്ക് മതിയായ രീതിയിൽ പ്രകടനം കാഴ്ചവയ്്ക്കാനായിലെന്നും നേതാക്കൾ വിലയിരുത്തുന്നു. തമിഴ്നാട്ടിൽ ബിജെപി സമ്പൂർണ്ണ പരാജയമായിരുന്നു. 39 സീറ്റിൽ ഒന്നുപോലും നേടാനായില്ല. 2014 തിരഞ്ഞെടുപ്പിൽ 5.5% വോട്ട് മാത്രമായിരുന്നു ബിജെപി തമിഴ്നാട്ടിൽ നേടിയത്. പിന്നീട് ബിജെപി തുടർഭരണം നേടിയ 2019ൽ വീണ്ടും അവിടെ വോട്ട് ശതമാനം ഇടിഞ്ഞ് 3.67% ആയി. ഈ സാഹചര്യത്തിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപി ഒരുങ്ങിയത്. അവിടെയും കണക്കുകൂട്ടലുകൾ തെറ്റി. അണ്ണാമലയെയും സുരേന്ദ്രനെയും തിരഞ്ഞെടുപ്പിന് മുമ്പ് വരെ താരതമ്യം ചെയ്തിരുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കേരളത്തിൽ പാർട്ടി നടത്തിയതെന്ന് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കളും വിലയിരുത്തുന്നു.