ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വത്തിൽ നിന്ന് കെ. പ്രകാശ് ബാബുവിനെ വെട്ടിയത് സി.പി.ഐ സംസ്ഥാന നേതൃത്വത്തിലെ കാനം പക്ഷത്തിൻെറ പ്രതികാരം. പ്രകോപനമായത് രാജ്യസഭാ സീറ്റ് നിഷേധത്തിന് എതിരെ സംസ്ഥാന കൗൺസിലിൽ നടന്ന രൂക്ഷവിമർശനം. ആനിരാജയുടെ പേര് നിർ‍ദ്ദേശിച്ചത് പ്രകാശ് ബാബുവിനെ ഒഴിവാക്കാൻ. കാനം ഗ്രൂപ്പുകാരനായ കെ. പി. രാജേന്ദ്രനെ ദേശിയ എക്സിക്യൂട്ടിവിലേക്ക് ശുപാർശ ചെയ്ത് ബിനോയ് വിശ്വത്തിൻെറ ഗ്രൂപ്പ് സ്നേഹം.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
annie, prakash

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കെ.പ്രകാശ് ബാബുവിന് ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വവും നിഷേധിച്ച് സി.പി.ഐ സംസ്ഥാന നേതൃത്വം. കാനം രാജേന്ദ്രന്‍റെ ഒഴിവില്‍  സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക്  കെ.പ്രകാശ് ബാബു എത്തുന്നത് തടയാൻ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത്  ആനിരാജയുടെ പേര്.ദേശിയ കൗൺസിൽ ക്വാട്ടയിൽ ദേശിയ എക്സിക്യൂട്ടിവ് അംഗമായ ആനിരാജയുടെ പേര് നിർദ്ദേശിച്ചത് പ്രകാശ് ബാബു ദേശിയി സെക്രട്ടേറിയറ്റിൽ എത്താതിരിക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന നേതൃത്വത്തിൻെറ നീക്കങ്ങൾ.

Advertisment

തന്നെ ആര്‍ക്കും അവഗണിക്കാന്‍കഴിയില്ലെന്നും ഒന്നിന്‍റെയും പിറകെപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതികരിച്ച പ്രകാശ് ബാബു വരികൾക്കിടയിലൂടെ  അതൃപ്തി വ്യക്തമാക്കി. എന്നാൽ പ്രകാശ് ബാബുവിനെ ഒഴിവാക്കുന്ന നീക്കത്തിന് നേതൃത്വം നൽകിയ സി.പി.ഐ  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാ‍‍ർത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.

കഥയറിയാതെ ആട്ടം കാണുകയാണ് മാധ്യമങ്ങളെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ പ്രതികരണം. കാനം രാജേന്ദ്രന്‍റെ വിയോഗത്തോടെ ദേശിയ എക്സിക്യൂട്ടീവിൽ ഉണ്ടായ ഒഴിവിലേക്ക്  എ.ഐ.ടി.യു.സി  ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനെ സംസ്ഥാന നേതൃത്വം ശുപാർശ ചെയ്തു.

സംസ്ഥാനത്തെ സി.പി.ഐയിലെ കാനം പക്ഷത്തെ പ്രധാന നേതാവാണ് കെ.പി.രാജേന്ദ്രൻ. പഴയകാല ട്രേഡ് യൂണിയൻ നേതാക്കളുടെ മക്കൾ എന്ന നിലയിൽ കെ.പി. രാജേന്ദ്രനും ബിനോയ് വിശ്വവും വലിയ അടുപ്പക്കാരുമാണ്. സി.പി.ഐ സംസ്ഥാന ഘടകത്തിൽ ശക്തമായിരിക്കുന്ന വിഭാഗീയതയുടെ ബാക്കിപത്രമാണ് ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വത്തിൽ നിന്നുളള കെ. പ്രകാശ് ബാബുവിൻെറ ഒഴിവാക്കൽ.പാർട്ടിയുടെ ഏറ്റവും താഴെ തലം മുതൽ ദേശിയ എക്സിക്യൂട്ടിവ് വരെ മികച്ച പ്രവർത്തനം കാഴ്ചവെച്ച പ്രകാശ് ബാബുവായിരുന്നു കേരളത്തിൽ നിന്ന് ദേശിയ സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെടാൻ ഏറ്റവും അർഹനായ നേതാവ്.

അതുകൊണ്ടുതന്നെ കാനത്തിൻ്റെ പകരക്കാരനായി ദേശിയ സെക്രേട്ടേറിയേറ്റ് അംഗമാകും എന്നാണ് എല്ലാവരും കരുതിയിരുന്നത്. കാനം പക്ഷക്കാരായ നേതാക്കൾ പോലും ഇത് പലരോടും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ നടന്ന  ദേശിയ എക്സിക്യൂട്ടിവ് യോഗത്തിൽ പ്രതീക്ഷക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടന്നത്. പ്രകാശ് ബാബുവിന് പകരം ആനിരാജയുടെ പേരാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദ്ദേശിച്ചത്. മലയാളി ആണെങ്കിലും ദേശിയ കൗൺസിലിൻ്റെ ക്വാട്ടയിൽ ദേശിയ എക്സിക്യുട്ടിവിൽ എത്തിയ നേതാവാണ് ആനി രാജ.

മാത്രമല്ല ബിനോയ് വിശ്വത്തിന് വ്യക്തിപരമായി അത്ര പഥ്യമുളള നേതാവല്ല ആനിരാജ. ഇതിൽ നിന്ന് തന്നെ പ്രകാശ് ബാബുവിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏത് മാനദണ്ഡം അനുസരിച്ചും യോഗ്യനായ പ്രകാശ് ബാബുവിന് രാജ്യസഭാ സീറ്റ് നിഷേധത്തിന് പിന്നാലെ ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വവും നിഷേധിച്ചത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു.

കാനം പക്ഷത്ത് നിൽക്കുന്ന നേതാക്കൾക്ക് പോലും പ്രകാശ് ബാബുവാണ് അർഹൻ എന്നകാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. പാർട്ടിയിൽ ഉരുണ്ടുകൂടുന്ന വിഭാഗീയതയ്ക്ക് അന്ത്യം കുറിക്കാൻ പ്രകാശ് ബാബുവിന് ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വം നൽകുന്നതായിരുന്നു ഉചിതമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാർട്ടി സമ്മേളനങ്ങൾ വരാനിരിക്കെ എതിർപക്ഷത്തെ വെട്ടിനിരത്തിയേ മതിയാകൂ എന്ന വാശിയിലാണ് കാനം പക്ഷത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ. പ്രകാശ് ബാബുവിന് രാജ്യ സഭാ സീറ്റ് നൽകാത്തത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം  അവസാനിച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതൃത്വത്തിന് എതിരെ  രൂക്ഷ വിമർശനം ഉയർന്നിരുന്നു.

സംസ്ഥാന എക്സിക്യൂട്ടിവും സെന്ററും പുന:സംഘടിപ്പിക്കണമെന്ന ആവശ്യം ഉയർത്തിയ കാനം വിരുദ്ധപക്ഷം പ്രധാന വിഷയമായി ഉന്നയിച്ചത്  പ്രകാശ്ബാബുവിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതായിരുന്നു. മന്ത്രി ജി. ആർ. അനിലിൻെറ ഭാര്യയും മുൻ എം.എൽ.എയുമായ ആർ. ലതാദേവി, ഇടുക്കിയിലെ മുൻജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, കൊല്ലത്ത് നിന്നുളള സംസ്ഥാന കൗൺസിൽ അംഗം ലാലു, മുൻമന്ത്രിമാരായ കെ. രാജു, വി.എസ്.സുനിൽ കുമാർ എന്നിവരാണ് പ്രകാശ് ബാബുവിന് സീറ്റ് നിഷേധിച്ചതിനെ എതിർത്ത് രൂക്ഷ വിമർശനം ഉന്നയിച്ചത്.ഈ വിമർശനങ്ങളാണ്  കാനം പക്ഷക്കാരായ സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചതതെന്നാണ് സൂചന.

വനിതാ പ്രതിനിധി എന്ന നിലയിൽ ആനിരാജയെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന വിജയവാഡ പാർട്ടികോൺഗ്രസ് തീരുമാനം ഓർമ്മിപ്പിച്ച് ദേശിയ സെക്രട്ടേറിയേറ്റിലേക്ക് അവരുടെ പേര് നിർദ്ദേശിക്കുക എന്നതന്ത്രമാണ് കാനം പക്ഷക്കാരുടെ ഇപ്പോഴത്തെ നേതാവായ ബിനോയ് വിശ്വം ചെയ്തത്.

ആനിരാജയെ ദേശിയ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തണമെങ്കിൽ അടുത്തിടെ അന്തരിച്ച നേതാവ് അതുൽ കുമാർ അൻ‍ജാൻെറ ഒഴിവും ഉണ്ടായിരുന്നു. അപ്പോൾ പ്രകാശ് ബാബുവിനെ ഒഴിവാക്കിയത് മനപൂർവമാണെന്നാണ് സി.പി.ഐയിൽ നിന്ന് ഉയരുന്ന ആക്ഷേപം.ദേശിയ സെക്രട്ടേറിയേറ്റ് അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രകാശ് ബാബുവിന് കടുത്ത അതൃപ്തിയുണ്ട്. മാധ്യമങ്ങളോടുളള ഇന്നത്തെ പ്രതികരണത്തിൽ അത് വ്യക്തമാണ്.'' തന്നെ അവഗണിക്കാൻ അങ്ങനെ ആർക്കും കഴിയില്ല. 

അവഗണിക്കുകയും വേണ്ട പ്രത്യേകിച്ച് പരിഗണിക്കുകയും വേണ്ട.ഒന്നിന്റെയും പുറകെ പോകാൻ ഉദ്ദേശിക്കുന്നില്ല, പാർട്ടി അംഗമാണ് അതേപോലെ തുടരും. പാർട്ടി എക്സിക്യൂട്ടീവ് ഐക്യകണ്ഠേന എടുത്ത തീരുമാനമാണ്.  കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ തീരുമാനമാണ് ആനിരാജയെ ദേശീയ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തുക എന്നത്. ഇപ്പോൾ ഒഴിവ് വന്നപ്പോൾ ആനി രാജയെ എടുത്തു. അത് നല്ല കാര്യം, താൻ പൂർണമായി അനുകൂലിക്കുന്നു. സന്തോഷം മാത്രം.അർഹതപ്പെട്ടതാണ്  ആനി രാജയ്ക്ക് ലഭിച്ചത്'' പ്രകാശ് ബാബു പ്രതികരിച്ചു.

Advertisment