/sathyam/media/media_files/abygacxY5pgpMkgsg0Ae.jpg)
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി മുഴുവന്‍ തുകയും പിരിച്ചു. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു.
ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. എംബസി വഴി പണം കൈമാറാനുള്ള നടപടികള്‍ ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.
നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ നിരവധി പേരാണ് റഹീമിന്റെ മോചനത്തിന് പണം അയച്ചത്.
2006 ലാണ് മനഃപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരൻ മരിച്ചത്. ഈ കേസിലാണ് അബ്ദുല്‍ റഹീം 18 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15കാരൻ അനസ് അൽശഹ്‌രിയാണ് മരിച്ചത്.
ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു റഹീമിന്റെ ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് 15കാരന് ആഹാരവും വെള്ളവും നല്‍കിയിരുന്നത്. വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ 15കാരന്റെ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതാണ് മരണകാരണം.
സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. 34 കോടി രൂപ ദയാധനമെന്ന ഉപാധിയിലാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.