കൊമ്പ് കുലുക്കി കേരള കോൺഗ്രസ് എം. വനനിയമ ഭേദഗതിക്കെതിരെ കേരള കോൺഗ്രസ് എം രംഗത്തിറങ്ങി. മുഖ്യമന്ത്രിയെ കണ്ട് നിലപാടറിയിച്ച് ജോസ് കെ.മാണി. ആക്ഷേപം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. നിയമഭേദഗതിയിൽ മന്ത്രിക്ക് ധാരണയില്ലെന്നും ആക്ഷേപം. മന്ത്രിമാറ്റത്തിന് പിന്നാലെ ശശീന്ദ്രന് കുരുക്കായി ഭേദഗതി ബില്ലും

New Update
jose k mani pinarai vijayan

തിരുവനന്തപുരം: വനിയമഭേദമതിക്കെതിരെ എതിർപ്പുമായി കേരളകോൺഗ്രസ് എം രംഗത്തിറങ്ങിക്കഴിഞ്ഞു.

Advertisment

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള കോണ്‍ഗ്രസ് എം ആശയവിനിമയം നടത്തി. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കര്‍ശന നിലപാട് സംഘം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 

നിയമഭേദഗതി സംബന്ധിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രന് രൂക്ഷ വിമർശനമാണ് കേരളകോൺഗ്രസിൽ നിന്നും ഉയരുന്നത്.


വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിധിവിട്ടുള്ള അധികാരങ്ങൾ വനാർത്തിർത്തിയോട് ചേർന്നുള്ള കർഷക കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പാർട്ടിയുടെ വിലിരുത്തൽ.


jose k mani pinarai vijayan-2

പുതിയ നിയമഭേദഗതിയനുസരിച്ച് വനത്തിനുള്ളിൽ വനാതിർത്തിയിൽ താമസിക്കുന്നവർ വിറക് ശേഖരിക്കാനും മറ്റുമായി പ്രവേശിച്ചാൽ കർശന നടപടിയാണുണ്ടാവുക. 

നിത്യജീവിതവുമായി ബന്ധപ്പെട്ട് കന്നുകാലികളെയടക്കം വളർത്താൻ കര്‍ഷകര്‍ വനപ്രദേശം ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. 


അതിനെ തടയുന്ന പുതിയ നിയമഭേദഗതിക്കെതിരെ ഇടുക്കിയടക്കമുള്ള മലയോര ഗ്രാമങ്ങളിൽ അമർഷം പുകയുന്നുണ്ട്.


കർഷകരുടെ പ്രശ്‌നമായത് കൊണ്ട് തന്നെ ഇടുക്കി, കോതമംഗലം, കാഞ്ഞിരപ്പള്ളി, താമരശ്ശേരി അതിരൂപതകള്‍ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കി രംഗത്ത് വന്ന് കഴിഞ്ഞു.

വനത്തിനുള്ളിൽ പ്രവേശിക്കുന്നവരെ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കടക്കം അറസ്റ്റ് ചെയ്ത് മേൽനടപടകൾ സ്വീകരിക്കാനും നിലവിലെ നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്. 

ak saseendran


വനം ഉദ്യോഗസ്ഥർ നിലവിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുമെന്നും തങ്ങളുടെ ജീവിതോപാധികളെ തന്നെ ഇത് ബാധിക്കുമെന്നുമാണ് വനാതിർത്തിയോട് ചേർന്ന് സ്ഥിരതാമസമാക്കിയിട്ടുള്ള കർഷകരുടെ ആക്ഷേപം. 


എന്നാൽ പുതിയ നിയമഭേദഗതിയിൽ കർഷക വിരുദ്ധമായി യാതൊന്നുമില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. വനത്തിനുള്ളിലെ അതിർത്തി തിരിക്കുന്ന ജണ്ട പൊളിക്കുന്നവർ കർഷകരല്ലെന്നും അവർ കയ്യേറ്റക്കാരാണെന്നും അവർക്ക് തക്കതായ ശിക്ഷയാണ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമാണ് മന്ത്രിയുടെ വാദം. 

നിലവിൽ തയ്യാറാക്കിയിരിക്കുന്ന നിയമഭേദഗതിയെപ്പറ്റി കൃത്യമായി മനസിലാക്കാൻ മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിമര്‍ശനം. ഉദ്യോഗസ്ഥർ വഴിവിട്ട് തയ്യാറാക്കിയിരിക്കുന്ന നിയമത്തെ മന്ത്രി കണ്ണടച്ച് പിന്താങ്ങുകയാണ്. 


മന്ത്രിക്ക് സ്വന്തം വകുപ്പിലെ കാര്യങ്ങളെപ്പറ്റി വേണ്ടത്ര അറിവില്ലെന്നും കാര്യങ്ങൾ പഠിക്കാതെയാണ് അദ്ദേഹം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതെന്നും കേരള കോൺഗ്രസിനും അദ്ദേഹത്തിന്‍റെ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കു തന്നെയും ആക്ഷേപമുണ്ട്. 


നിലവിൽ മന്ത്രിമാറ്റത്തെ ചൊല്ലി വലിയ കലഹം എൻസിപിക്കുള്ളിൽ നിലനിൽക്കുന്നതിനിടെ വനനിയമഭേദഗതി സംബന്ധിച്ച എതിർപ്പ് എ.കെ ശശീന്ദ്രന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

Advertisment