തിരുവനന്തപുരം: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട, കോൺഗ്രസ് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് സി.പി.എം നിയന്ത്രണത്തിലുള്ള താത്കാലിക ഭരണസമിതിയെ നിയോഗിച്ച നടപടി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതാണെന്ന് ആക്ഷേപമുയരുന്നു.
നാലു വര്‍ഷത്തെ കാലാവധി നിലനില്‍ക്കെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. ബജറ്റ് പാസാക്കിയില്ലെന്നാരോപിച്ചാണ് ഭരണസമിതി പിരിച്ചുവിട്ടത്. മുൻവർഷത്തെ കണക്കും നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റും പാസാക്കാൻ കഴിയാതെ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണം പ്രതിസന്ധിയിലാണെന്നായിരുന്നു ആരോപണം.
എന്നാൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകളായി കൃഷിയും ഭൂമിയും നഷ്ടപ്പെട്ട 42 പേരുടെ 1.07 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാനുള്ള നിര്‍ദേശവും സപ്ലിമെന്ററി ബജറ്റും പ്രധാന അജന്‍ഡയാക്കിയ വാർഷിക പൊതുയോഗം സി.പി.എം അംഗങ്ങള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു.
സർക്കാരിന് തിരിച്ചടി ഉറപ്പ് !
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഏതുവിധേനയും അട്ടിമറിക്കുകയായിരുന്നു ശ്രമമെന്ന് വ്യക്തമാണ്. പിരിച്ചുവിടൽ കോടതിയിലെത്തുമെന്നും സർക്കാരിന് തിരിച്ചടിയാവുമെന്നും ഉറപ്പാണ്
അഡ്വ.സി.കെ.ഷാജിമോഹൻ പ്രസിഡന്റായ ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്. ഇവർക്കു പകരം സി.പി.എം. അംഗങ്ങളുൾപ്പെട്ട താൽക്കാലിക ഭരണസമിതി ചുമതലയേറ്റു. നിലവിലുള്ള ഡയറക്ടർ ബോർഡിലെ സർക്കാർ നോമിനികളായ മാവേലിക്കരയിൽ നിന്നുള്ള ജി.ഹരിശങ്കർ, പീരുമേടിൽ നിന്നുള്ള തിലകൻ, തളിപ്പറമ്പിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗമായ കരുണാകരൻ എന്നിവരടങ്ങുന്ന താൽക്കാലിക ഭരണസമിതിയാണ് ചുമതലയേറ്റത്.
കഴിഞ്ഞ വാർഷിക പൊതുയോഗം ആരംഭിപ്പോൾ ചില ബാങ്ക് പ്രതിനിധികൾ പല വിധത്തിലുള്ള തടസ്സവാദവുമായി എഴുന്നേറ്റതോടെഅജണ്ടയിൽ ഉൾപ്പെടുത്തിയിരുന്ന കാര്യങ്ങൾ പരിഗണിക്കാനായിരുന്നില്ല.
വരുന്ന സാമ്പത്തികവർഷം 3,500 കോടി രൂപയുടെ കാർഷികവായ്പ വിതരണം ചെയ്യുന്നതിന് ബാങ്ക് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പൊതുയോഗത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ നടപ്പാക്കാനായിട്ടില്ല. ഇത്തരത്തിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്ന വായ്പയുടെ ഭൂരിഭാഗത്തിന്റെയും പലിശ 10 ശതമാനത്തിൽ താഴെയാണ് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് ജനാധിപത്യ വിരുദ്ധമാണെന്ന് വ്യക്തമാണ്. യോഗം അലങ്കോലപ്പെടുത്തിയ സി.പി.എമ്മുകാരെ അഡ്മിനിട്രേറ്റര്‍മാരാക്കിയ സഹകരണ വകുപ്പിന്റെ നടപടി അപഹാസ്യവുമാണ്. ഏതൊക്കെ കാരണങ്ങളാലാണ് ഭരണസമിതി പിരിച്ചുവിട്ടത് എന്ന് ഇതുവരെ ഔദ്യോഗികമായി വകുപ്പ് അറിയിച്ചിട്ടില്ല.
വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന എൽഡിഎഫ് ഭരിക്കുന്ന വൈത്തിരി പ്രാഥമിക ബാങ്കിന്റെ ശുപാർശ സംസ്ഥാന ബാങ്കിന്റെ ഭരണസമിതി അംഗീകരിച്ച് യോഗത്തിൽ അവതരിപ്പിച്ചിരുന്നു.
പക്ഷേ, എൽഡിഎഫ് അംഗങ്ങൾ ബഹളം വച്ച യോഗം പ്രസിഡന്റ് പിരിച്ചുവിട്ടതോടെ ഈ നടപടി പ്രതിസന്ധിയിലായി. യോഗത്തിന് എത്തിയ പ്രാഥമിക കാർഷിക വികസന ബാങ്കുകളിലെ 77 പ്രതിനിധികളിൽ ഭൂരിപക്ഷമായ 39 പേർ ഒപ്പമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് പ്രതിഷേധം. ഇതിനു പിന്നാലെയാണു സഹകരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ രജിസ്ട്രാർ ഭരണസമിതിയെ പിരിച്ചുവിട്ടത്.
സഹകരണ രജിസ്ട്രാറായ ഐഎഎസ് ഉദ്യോഗസ്ഥൻ കാശ്മീരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരിക്കെയാണു നടപടി. മന്ത്രി ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരമാണു നടപടി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുംമെന്നും പിരിച്ചുവിടൽ ചൂണ്ടിക്കാട്ടി അറിയിപ്പ് നൽകാത്തത് നിയമനടപടി വൈകിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും സി.കെ ഷാജി മോഹൻ വ്യക്തമാക്കി.
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി നിയമസഭയിലും കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. നടപടി ജനാധിപത്യ വിരുദ്ധവും സഹകരണ നിയമത്തിന്റെ നഗ്നമായ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത് സഹകരണ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് സര്‍ക്കാര്‍ മറക്കരുത്.
സഹകരണ രംഗം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാലത്ത് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് യു.ഡി.എഫ് ഭരണത്തിലുള്ള ബാങ്കുകള്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ നിയമവിരുദ്ധമായി പിടിച്ചെടുന്നത്. കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പൊതുയോഗം നടന്നില്ലെന്ന വാദം ഉയര്‍ത്തിയാണ് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്.
സി.പി.എം പ്രതിനിധികളാണ് യോഗം അലങ്കോലപ്പെടുത്തിയത്. സി.പി.എം നേതാക്കള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് യോഗം അലങ്കോലപ്പെടുത്തിയതും അഡീഷണല്‍ രജിസ്ട്രാര്‍ ഭരണസമിതിയെ പിരിച്ചുവിട്ടതും.
സി.പി.എം അനുകൂലിയായ അഡീഷണല്‍ രജിസ്ട്രാര്‍ അമിതാധികാരം പ്രയോഗിച്ചു. യോഗം അലങ്കോലപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ മൂന്നു പേരെ അഡ്മിനിസ്ട്രേറ്റര്‍മാരാക്കി ഭരണച്ചുമതല ഏല്‍പ്പിച്ചത് നിയവിരുദ്ധവും അപഹാസ്യവുമാണ്.
സഹകരണ മേഖലയെ സംരക്ഷിക്കേണ്ട സഹകരണ മന്ത്രിയുടെ കൂടി പിന്തുണയിലാണ് സി.പി.എം അട്ടിമറി നടത്തിയത്
18 അംഗ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 13 സീറ്റിലും വിജയിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഭരണസമിതിയെ നിയമവിരുദ്ധമായി പിരിച്ചു വിട്ടതിനെ യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നേരിടും- സതീശൻ വ്യക്തമാക്കി.
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടെങ്കിലും ഇപ്പോഴും ഭൂരിപക്ഷം യുഡിഎഫിനാണ്. ആകെയുള്ള 18 അംഗ ഭരണസമിതിയിലേക്കു തിരഞ്ഞെടുപ്പ് നടന്ന 17 സീറ്റിൽ 13 യുഡിഎഫിനും 4 എൽഡിഎഫിനുമാണു ലഭിച്ചത്.
ഈ ഭരണസമിതിയെ തിരഞ്ഞെടുത്ത 77 പ്രാഥമിക സഹകരണ ബാങ്ക് പ്രതിനിധികളിൽ യുഡിഎഫിനായിരുന്നു അക്കാലത്തു ഭൂരിപക്ഷം. അതിൽ മാറ്റം വന്ന് എൽഡിഎഫിന് മേൽക്കൈ വന്നതാണ് പൊതുയോഗത്തിൽ പ്രതിഫലിച്ചത്.