പരസ്യമെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍, വാര്‍ത്തയുടെ രൂപത്തിൽ സർക്കാരിന്റെ തിരഞ്ഞെടുപ്പ് പരസ്യം. ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന പരസ്യം നൽകിയതിന് കേസിന് സാദ്ധ്യതയേറെ. 10വർഷം മുൻപ് ഇതേദിവസം പരസ്യത്തിലുള്ള കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ ഉദ്യോഗസ്ഥർ കുരുങ്ങും. ഖജനാവിലെ കോടികളെടുത്ത് മുൻ സർക്കാരിനെ കരിവാരിത്തേക്കുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പരസ്യത്തിന്റെ കോടികൾ നൽകേണ്ടത് അടുത്ത സർക്കാർ. പിണറായി സർക്കാരിന്റെ തെറ്റിദ്ധരിപ്പിക്കൽ പരസ്യം നിയമക്കുരുക്കിലേക്ക്

New Update
pinarayi

തിരുവനന്തപുരം: ‍യു.ഡി.എഫ് സർക്കാരിനെ കുറ്റപ്പെടുത്തിയും 10വർഷത്തെ പിണറായി സർക്കാരിനെ പുകഴ്ത്തിയും മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ രണ്ടു പേജ് പരസ്യം നൽകിയ പബ്ലിക് റിലേഷൻസ് വകുപ്പ് ഉദ്യോഗസ്ഥർ കുരുക്കിൽ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാവുന്ന സ്ഥിതിയാണിപ്പോൾ. 

Advertisment

Untitled-1

2016ലെ കാര്യങ്ങളാണെന്ന അറിയിപ്പോടെയാണ് ലോഡ് ഷെഡിംഗ്, കെ.എസ്.ആർ.ടി.സി പൂട്ടലിന്റെ വക്കിൽ, മരുന്നില്ലാതെ ആശുപത്രികൾ, പാഠപുസ്കമില്ലാത്തത്, 40ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, എങ്ങുമെത്താതെ ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം മതിയാക്കി അതോറിട്ടി, ടാറിനും കുടിശിക റോഡ് പണി നിലച്ചു, പെൻഷനുകൾ മുടങ്ങിയിട്ട് 18മാസം എന്നിങ്ങനെ വാർത്തകളോടെ പരസ്യം കൊടുത്തത്.


 ദിനപ്പത്രങ്ങളിലാണ് പരസ്യം വന്നതെന്നതിനാൽ പത്തു വർഷം മുൻപേ ഇതേ ദിവസം ഈ കാര്യങ്ങൾ സംഭവിച്ചില്ലെന്ന് തെളിയിക്കാനായാൽ പരസ്യം നൽകിയവർ കുടുങ്ങും.


മനോരമ, മാതൃഭൂമി ഒഴിച്ചുള്ള ഏതാണ്ടെല്ലാ മലയാള പത്രങ്ങളിലും ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്‍പ്രസ് അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളിലും സർക്കാരിന്റെ രണ്ടു പേജ് പരസ്യം വന്നിട്ടുണ്ട്. ഇതിനായി കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് നൽകേണ്ടി വരും.


 രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് മുൻപ് ഈ പരസ്യം പിണറായി സർക്കാർ നൽകിയെങ്കിലും അതിന്റെ പണം അടുത്ത സർക്കാരാവും നൽകേണ്ടി വരിക. അടുത്ത സർക്കാരിന് മേൽ കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യതയാവും ഇതിലൂടെ ഉണ്ടാവുക.


മുഖ്യമന്ത്രിയും മന്ത്രിമാരും മാറുന്നെങ്കിലും സർക്കാർ എന്നത് തുടർച്ചയാണ്. 10വർഷം മുൻപത്തെ സർക്കാരിനെ കരിവാരിത്തേക്കാൻ സർക്കാരിന്റെ വകുപ്പായ പബ്ലിക് റിലേഷൻസ് വകുപ്പ് മനപൂർവം തെറ്റിദ്ധാരണാജനകമായ പരസ്യം നൽകിയെന്ന് കേസുണ്ടായാൽ ഉദ്യോഗസ്ഥർ വിയർക്കും. മാത്രമല്ല, പരസ്യം റിലീസ് ചെയ്ത് ഉത്തരവ് നൽകിയ ഉദ്യോഗസ്ഥൻ കോടതിയിൽ ഇതിന് സമാധാനം പറയേണ്ടി വരും. 

pr

പഴയ സർക്കാരിനെതിരെ സർക്കാരിന്റെ പണം ഉപയോഗിച്ച് പരസ്യം നൽകിയത് ധാർമ്മികതയ്ക്ക് നിരക്കാത്തതും നിയമവിരുദ്ധവുമാണെന്നും വിലയിരുത്തലുണ്ട്. മാത്രമല്ല, നിലവിലെ സർക്കാരിനെ അപമാനിക്കാനാണ് ലോഡ് ഷെഡ്ഡിംഗ് അടക്കം വാർത്തകളോടെ പരസ്യം നൽകിയതെന്നും വ്യാഖ്യാനിക്കാം.


 കാരണം പരസ്യാത്മക ചിത്രീകരണമാണെന്ന് ആരും കാണാത്ത രീതിയിൽ പേജിന്റെ താഴെയാണ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിപ്പ് നൽകിയിട്ടുള്ളത്. തെറ്റായ വാർത്തകൾ മുഴുവൻ വായിച്ച ശേഷമായിരിക്കും ജനങ്ങളുടെ കണ്ണിൽ ഈ അറിയിപ്പ് പെടുക.


 സർക്കാരിന്റെ നല്ലകാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള പബ്ലിക് റിലേഷൻസ് വകുപ്പ് ചുരുക്കത്തിൽ ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണ്.


ഈ പരസ്യം നൽകിയതിന് ഉദ്യോഗസ്ഥരെ കൊണ്ട് ഭാവിയിൽ ഉത്തരം പറയിപ്പിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുന്നത്.   10 വർഷത്തെ എൽഡിഎഫ് സർക്കാരിൻറെ നേട്ടങ്ങളും യുഡിഎഫ് ഭരണകാലത്തിൻറെ ഇരുണ്ട നാളുകളും താരതമ്യം ചെയ്തുകൊണ്ട് ഇന്ന് പത്രങ്ങളിൽ വന്ന പരസ്യത്തിലാണ് സതീശന്റെ പ്രതികരണം. 

satheesan

ഈ പരസ്യം നൽകിയതിന് ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു. പിആർഡി എത്രത്തോളം അധഃപതിച്ചു എന്നതിന് ഉദാഹരണമാണ് പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യമെന്ന് സതീശൻ പറഞ്ഞു.

 പരസ്യമെന്ന് തോന്നിപ്പിക്കാത്ത രീതിയിൽ, വാർത്തയുടെ രൂപത്തിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്നു. ഇതിന് കാരണക്കാരായ പിആർഡി ഉദ്യോഗസ്ഥരെ കൊണ്ട് ഉത്തരം പറയിപ്പിക്കും. പരസ്യമേഖലയിലെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയെന്നാണ് സതീശൻറെ ആരോപണം.
 
പിണറായി സർക്കാരിന്റെ പരസ്യമാണ് പത്രങ്ങളിൽ രണ്ടു പേജുകളിലായി നൽകിയിട്ടുള്ളത്. 10വർഷത്തെ ഭരണ നേട്ടങ്ങൾ അതിനു മുൻപുള്ള കാലത്തേതുമായി താരതമ്യപ്പെടുത്തി നൽകിയിരിക്കുകയാണ്.


ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന, വാർത്തകൾ പോലെ നൽകിയിരിക്കുന്ന ഈ പരസ്യങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലടക്കം പ്രചാരണം ശക്തമാണ്.  സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമാണ് ഈ പരസ്യം നൽകിയിരിക്കുന്നത്.


ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന് വേണ്ടിയുള്ള സർഗാത്മക പരസ്യാവിഷ്കാരമാണിതെന്നും പത്രത്തിന്റെ എഡിറ്റോറിയലുമായി ബന്ധമില്ലെന്നും ഒരു മൂലയിൽ ആരും കാണാത്ത തരത്തിൽ കൊടുത്തിട്ടുണ്ട്. 

ലോഡ് ഷെഡിംഗ് വാർത്തയുള്ള പേജിന്റെ അടിയിലായി പത്തു വർഷങ്ങൾക്ക് മുമ്പ് മലയാള പത്രങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾ കൊണ്ട് രൂപപ്പെടുത്തിയ ഒന്നാം പേജാണിതെന്നും ഇതിലെ വാർത്തകൾ വസ്തുതാപരവും രൂപകൽപ്പന പ്രതീകാത്മകവുമാണെന്നും എഴുതിയിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങൾ വാഴ്‍ത്തുന്ന പേജിന് താഴെയായി ഒന്നും രണ്ടും പിണറായി സർക്കാരുകൾ കേരളത്തെ തിരുത്തിക്കുറിച്ചതിന്റെ നേർചിത്രമാണെന്ന് എഴുതിയിട്ടുണ്ട്.

Advertisment