ഓരോ ഫയലും ഓരോ ജീവിതമെന്ന പിണറായി സർക്കാരിന്റെ നയം പൊളിച്ചടുക്കി ഉദ്യോഗസ്ഥ‌ർ. ഭരണചക്രം തിരിക്കേണ്ട സിവില്‍ സര്‍വീസുകാരുടെ തമ്മിലടിയിൽ പകച്ച് സർക്കാർ. ജനങ്ങളുടെ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാതെ ഭരണം മുടന്തി നീങ്ങുന്നു. ഐഎഎസ്, ഐപിഎസ് തലത്തിൽ അസംതൃപ്തി രൂക്ഷം. വകുപ്പുകളിൽ ലക്ഷക്കണക്കിന് ഫയലുകൾ കുമിഞ്ഞുകൂടുന്നു.  ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനാവാതെ സർക്കാർ

ഓരോ ഫയലും ഓരോ ജീവിതമാണെന്ന നയം പിന്തുടരുന്ന പിണറായി സർക്കാരിന്റെ ഭരണം പിന്നോട്ടടിച്ച് സിവിൽ സർവീസുകാരുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മെല്ലെപ്പോക്ക്

New Update
secretariat file

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന നയം പിന്തുടരുന്ന പിണറായി സർക്കാരിന്റെ ഭരണം പിന്നോട്ടടിച്ച് സിവിൽ സർവീസുകാരുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മെല്ലെപ്പോക്ക്.

Advertisment

ഉപതിരഞ്ഞെടുപ്പുകൾക്കായി പ്രചാരണത്തിന് മന്ത്രിമാരൊന്നും തലസ്ഥാനത്തില്ല. ഇതിനിടയിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരസ്യപ്പോര്. ഐ.പി.എസ് തലത്തിലെ അടി തെല്ല് ശമിച്ചപ്പോഴാണ് ഐ.എ.എസിൽ മൂത്തത്. മുതിർന്ന ഉദ്യോഗസ്ഥനെ മനോരോഗിയെന്ന് പരസ്യമായി വിളിക്കുന്നിടം വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ.


എന്നിട്ടും ഈ ഉദ്യോഗസ്ഥരെ ഒരു തരത്തിലും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. ഓരോ ദിവസവും തമ്മിലടി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു. ജനങ്ങളെ ബാധിക്കുന്ന ഫയലുകളിൽ തീരുമാനങ്ങളെടുക്കാതെയും ജനോപകാരപ്രദമായ നടപടികളെടുക്കാതെയും ഭരണം ഇഴഞ്ഞുനീങ്ങുകയാണ്.


രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ ഭരണത്തെക്കുറിച്ച് പാർട്ടിക്കും മുന്നണിക്കും പോലും അത്ര മതിപ്പില്ല. അതിനാലാണ് ഭരണപരിചയമുണ്ടാക്കാൻ മന്ത്രിമാർക്ക് ചരിത്രത്തിലാദ്യമായി ഐ.എം.ജിയിൽ പരിശീലനം നൽകിയത്. മുൻ മന്ത്രിമാരെയടക്കം പങ്കെടുപ്പിച്ചായിരുന്നു മന്ത്രിമാരെ ഭരണം പഠിപ്പിച്ചത്.

മന്ത്രിമാരിൽ ഭൂരിഭാഗവും പുതുമുഖങ്ങളായതിനാൽ പ്രൈവറ്റ് സെക്രട്ടറിമാരും പേഴ്സണൽ സ്റ്റാഫുകളും വകുപ്പു സെക്രട്ടറിമാരുമാണ് ഭരണം നടത്തുന്നത്. ഈ ഭരണപരിചയമില്ലായ്മ മുതലെടുത്താണ് ഐ.എ.എസുകാർ പരിധി വിട്ട് പെരുമാറുന്നത്.


ഭരണത്തിനു വേഗം പോരെന്നും മന്ത്രിസഭാ തീരുമാനങ്ങളുടെ ഫയലുകൾ പോലും ഉദ്യോഗസ്ഥതല അലസത മൂലം ഇഴയുകയാണെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പറഞ്ഞിരുന്നു.


സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാനുണ്ടായിരിക്കെയാണ് ഐ.എ.എസുകാർ സ്വന്തം പണി ചെയ്യാതെ തമ്മിലടിയുമായി രംഗത്തെത്തിയത്. ഭരണസംവിധാനത്തിൽ മുമ്പെങ്ങുമില്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടായിട്ടും സർക്കാ‌ർ ഇതുവരെ അനങ്ങിയിട്ടില്ല.

Prasanth Jayathilak

അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ സോഷ്യൽ മീഡിയയിൽ പരിഹാസം കലർത്തി വിമർശിച്ച കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും വെറുതേ വിട്ടില്ല.

ഹിന്ദു, മുസ്ലീം അടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഡൽഹിയിൽ അറിയിച്ച്, കേന്ദ്ര സർവീസിൽ നിർണായക കസേര പിടിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണൻ ശ്രമിച്ചതിന് പിന്നാലെയാണ് പ്രശാന്തിന്റെ കൊട്ടാരവിപ്ലവം. ഭരണ ചക്രം മുന്നോട്ടു കൊണ്ടുപോകേണ്ട ഉദ്യോഗസ്ഥർ എല്ലാ സീമകളും ലംഘിക്കുമ്പോഴും മന്ത്രിമാരടക്കം മിണ്ടുന്നില്ല.

സംസ്ഥാനത്താകെ മൂന്ന് ലക്ഷത്തോളം ഫയലുകൾ തീർപ്പാവാനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പലവട്ടം ഓർമ്മിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ കർമ്മ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.


സെക്രട്ടേറിയറ്റിലും വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31വരെ തീവ്രയജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 90 ദിവസത്തിനകം ഫയലുകളെല്ലാം തീർക്കുമെന്ന ഉറപ്പ് പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി.


ഫയൽനീക്കം മാത്രമല്ല, ഭരണമാകെ മുടന്തി നീങ്ങുകയാണ്. പല വികസന പ്രവർത്തനങ്ങൾക്കും  വിഹിതം കൊടുത്തിട്ടില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം തുടരുകയാണ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുക പാസാവണമെങ്കിൽ ധനവകുപ്പിന്റെ അനുമതി വേണം. ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി.

വയനാട് ദുരന്തമുണ്ടായി 100 ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരിതബാധിതരുടെ കാര്യത്തിൽ കൃത്യമായ തീർപ്പുണ്ടായിട്ടില്ല. കേന്ദ്രസഹായം നേടിയെടുക്കാനുള്ള തുടർ നടപടികൾ ചെയ്യേണ്ടതും ഐ.എ.എസ് ഉദ്യോഗസ്ഥരാണ്.


കോടതി നിർദേശിക്കുന്ന ഫയലുകളിൽ ഉദ്യോഗസ്ഥർ അലസത കാട്ടുന്നതിനാൽ ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരാകേണ്ടി വരുന്നു. ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുകയും തുക വകയിരുത്തുകയും ഭരണാനുമതി നൽകുകയും ചെയ്താലും പലതും നടപ്പാകുന്നില്ല.  ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്മയാണ് കാരണം.


വകുപ്പുകളിൽ ചെയ്യേണ്ട കാര്യങ്ങളിൽ ഉപദേശം തേടി ധനവകുപ്പിലേക്ക് അയയ്ക്കുന്ന രീതി വർധിച്ചുവരുന്നു. ധനവകുപ്പ് ഉപദേശം കൊടുക്കുന്നതിനു പകരം അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കുന്നു. കാലതാമസത്തിന്റെ പ്രധാന കാരണം ഇതാണ്. പദ്ധതി നിർവഹണം പ്രായോഗികതലത്തിലേക്കു നീങ്ങണമെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം വിളിക്കണമെന്ന സ്ഥിതിയുണ്ട്.

സർക്കാർ സർവീസിൽ എത്തുന്നവരെ നിശ്ചിത കാലംകൊണ്ടു സമർഥരായി വാർത്തെടുക്കുന്ന സംസ്‌കാരം ഉയർന്ന ഉദ്യോഗസ്ഥരിൽ മുൻപ് ഉണ്ടായിരുന്നു. അതിന് ഇപ്പോൾ മാറ്റം വന്നു. പുതിയവർ സ്വയം പഠിക്കട്ടെയെന്ന മനോഭാവം ഉണ്ട്. ജീവിക്കുന്ന ഫയലുകൾക്കൊപ്പം നിലനിൽക്കുന്നതു കുറെ മനുഷ്യരുടെ ജീവിതം തന്നെയാണ് എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഇനിവേണം ഉദ്യോഗസ്ഥർ ചെവിക്കൊള്ളാൻ.

Advertisment