Advertisment

മുന്നണി കൺവീനറുടെ കസേര തെറിച്ച ഇപി ജയരാജന്‍റെ ഇനിയുള്ള രാഷ്ട്രീയ വഴിയെന്ത് ? 'പാപിയുമായി ശിവൻ കൂടിയാൽ ശിവനും പാപിയായിടും' എന്ന പിണറായിയുടെ മുന്നറിയിപ്പ് സത്യമായോ? ഇ.പിയും പാപിയായോ? ഇപിയുടെ പോക്ക് ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹം ശക്തം. ലക്ഷ്യമിടുന്നത് ഗവർണർ, കേന്ദ്രമന്ത്രി പദവികളിലൊന്നത്രെ? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ നായകനാവുമെന്നും അഭ്യൂഹം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ep jayarajan1

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തുകയും അക്കാര്യം തുറന്നു പറഞ്ഞ് പാർട്ടിയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തതിന് ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ ഇ.പി ജയരാജന്റെ ഇനിയുള്ള രാഷ്ട്രീയ വഴിയെക്കുറിച്ച് ചർച്ചകൾ മുറുകുന്നു. 

Advertisment

ബി.ജെ.പിയിലേക്ക് അദ്ദേഹം ചേക്കേറുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ നായകനാവും എന്നൊക്കെ തലസ്ഥാനത്ത് അഭ്യൂഹങ്ങൾ അലയടിക്കുന്നുണ്ട്. എന്നാൽ സി.പി.എം ഉന്നതനേതാവും കണ്ണൂരിലെ പാർട്ടിയുടെ വിശ്വസ്തനും പാര്‍ട്ടി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനുമായ ഇ.പിയെ ഒറ്റയടിക്ക് കൈയ്യൊഴിയാൻ സി.പി.എം തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്. 

മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും കേന്ദ്രകമ്മിറ്റി അംഗമായ ഇ.പിക്കെതിരേ പാർട്ടിയിൽ എന്ത് നടപടിയുണ്ടാവുമെന്നാണ് ഇനിയുള്ള ചോദ്യം. അതേസമയം, നാളെ മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ, അതിനു മുൻപ് തലേദിവസം തിരക്കിട്ട് ഇ.പിയെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് അപ്രതീക്ഷിത നടപടിയായി മാറി.

വെട്ടിലാക്കിയ പുകമറ !

ബി.ജെ.പിയിൽ ചേരാൻ നേതാക്കളുമായി ഇ.പി ചർച്ച നടത്തിയെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് ശോഭാ സുരേന്ദ്രൻ പുറത്തുവിട്ട വിവരം. ജാവദേക്കറുമായി തിരുവനന്തപുരം ആക്കുളത്തെ മകന്റെ വീട്ടിൽ ചർച്ച നടത്തിയത് ഇ.പി തുറന്നു സമ്മതിച്ചതോടെ, ഇതിന് രാഷ്ട്രീയ മാനങ്ങളേറി.


ബി.ജെ.പിയിൽ ചേരാൻ 90 ശതമാനത്തിലേറെ നീക്കങ്ങൾ പൂർത്തിയാക്കിയതായും ഈ രഹസ്യനീക്കം മണത്തറിഞ്ഞ് സി.പി.എം നേതൃത്വം ഇ.പിയെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയായിരുന്നെന്നുമാണ് അന്ന് പുറത്തുവന്ന വിവരം. 


എന്നാൽ ജാവദേക്കറുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും തികച്ചും സ്വകാര്യ സന്ദ‌ർശനം മാത്രമായിരുന്നെന്നും ഇ.പി വിശദീകരിച്ചു. പക്ഷേ ഇത് പാർട്ടി മുഖവിലയ്ക്കെടുത്തില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ പുറത്താക്കൽ. ഇ.പിക്ക് തിരഞ്ഞെടുപ്പ് കാലത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി നേതൃത്വം തുറന്നുസമ്മതിച്ചെങ്കിലും മുന്നണിയുടെ കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കടുത്ത നടപടിയിലേക്ക് പോയതോടെയാണ് ഇ.പി പാർട്ടിവിടുമെന്ന അഭ്യൂഹവും ശക്തമായിരിക്കുന്നത്.

പിന്നാമ്പുറത്തെ കൂടിക്കാഴ്ച 

പിണറായിക്കൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ സി.പി.എം നേതാവ് ബി.ജെ.പിയിലെത്താൻ കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ ചർച്ച നടത്തിയെന്നാണ് ശോഭാ സുരേന്ദ്രൻ ആദ്യം വെടിപൊട്ടിച്ചത്. ആരോപണം ഇ.പിയെ ലക്ഷ്യമാക്കിയാണെന്ന് ശ്രുതി പടർന്നിരുന്നു. ഇതിനു പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തുറന്നുസമ്മതിച്ച് ഇ.പി എത്തുന്നത്. അതും തിരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ. 

ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ദല്ലാൾ നന്ദകുമാറിന്റെ സാന്നിദ്ധ്യത്തിൽ താൻ കൂടിക്കാഴ്ച നടത്തിയെന്ന്  ഇ.പി.ജയരാജൻ വോട്ടെടുപ്പ് ദിനത്തിൽ തുറന്നുസമ്മതിച്ചത് പാർട്ടിക്കും എൽ.ഡി.എഫിനും അപ്രതീക്ഷിത പ്രഹരമായിരുന്നു. സി.പി.എം- ബി.ജെ.പി അന്തർധാരയെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ചയെന്നും കോൺഗ്രസ് ആരോപണം കടുപ്പിച്ചതോടെ പരുങ്ങലിലായ പാർട്ടിക്ക് മുഖം രക്ഷിക്കാൻ ഇ.പിക്കെതിരെ നടപടിയെടുത്തേക്കാതെ തരമില്ലായിരുന്നു. തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും നടപടിക്ക് ആക്കം കൂട്ടി.

അഭ്യൂഹങ്ങള്‍ യാദാര്‍ഥ്യമായാല്‍ 

തിരുവനന്തപുരം ആക്കുളത്തുള്ള തന്റെ മകന്റെ ഫ്ളാറ്റിൽ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇ.പി സമ്മതിച്ചത്. ഇ.പിയുടെ നോട്ടം ബി.ജെ.പിയാണെന്നും ഗവർണർ, കേന്ദ്രമന്ത്രി പദവികളിലൊന്നാണ് ലക്ഷ്യമെന്നുമുള്ള ആരോപണത്തിനും ഇത് ബലമേകി. ജാവദേക്കർ തന്നെ പരിചയപ്പെടാൻ എത്തിയതാണെന്നും കൂടിക്കാഴ്ച വ്യക്തിപരമാണെന്നുമുള്ള ഇ.പിയുടെ വാദം വിലപ്പോയില്ല. 


സി.പി.എം- ബി.ജെ.പി ബന്ധമെന്ന യു.ഡി.എഫ് ആരോപണം ശക്തിപ്പെടുകയും ചെയ്തു. ഇതോടെ പാർട്ടി വെട്ടിലായി. തെറ്റായ കൂട്ടുകെട്ടുകളിൽ ഇ.പി ജാഗ്രത പുലർത്താറില്ലെന്ന പിണറായിയുടെ കുറ്റപ്പെടുത്തൽ ഇ.പിക്കെതിരേ കടുത്ത നടപടി വരുമെന്ന സൂചനയായിരുന്നു.  "പാപിയുമായി ശിവൻ കൂടിയാൽ ശിവനും പാപിയായിടും" എന്ന തത്വം ഉദ്ധരിച്ച് ഇ.പിക്ക് ശക്തമായ മുന്നറിയിപ്പും പിണറായി നൽകിയിരുന്നു.


ഇ‌പിയും പാപിയാകിടുമോ ?

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വോട്ടെടുപ്പ് നാളിൽ തുറന്ന് സമ്മതിച്ച് പ്രതിസന്ധി സൃഷ്ടിക്കുകയും, യു.ഡി.എഫിന് ആയുധം നൽകുകയും ചെയ്ത ഇ.പി.ജയരാജനെതിരെ  മുന്നണിയിലും അമർഷമായിരുന്നു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്  സി.പി.ഐ രംഗത്തുണ്ടായിരുന്നു.


തുടർച്ചയായ വിവാദങ്ങളിലൂടെ സി.പി.എമ്മിന് അവമതിപ്പുണ്ടാക്കുന്ന ഇ.പിയോട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതൃത്വം പുലർത്തുന്ന മൃദു സമീപനമാണ് പാർട്ടിക്ക് വെല്ലുവിളിയായതെന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെയും അണികളുടെയും വികാരം. കമ്മ്യൂണിസ്റ്റ് നേതാവിന് ചേരാത്ത ഇ.പിയുടെ പല പ്രവൃത്തികളും ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് ദോഷകരമാവുമെന്നും പാർട്ടി വിലയിരുത്തി.


ഇ.പിക്ക് പാർട്ടി പരസ്യ പിന്തുണ നൽകുന്നതിൽ സി.പി.ഐയ്ക്ക് പുറമെ കേരള കോൺഗ്രസ് എമ്മും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തെറ്റായ സന്ദേശമാവും ജനങ്ങൾക്ക് നൽകുകയെന്നാണ് അവരുടെ നിലപാട്. ബി.ജെ.പി നേതാവുമായുള്ള മുന്നണി കൺവീനറുടെ കൂടിക്കാഴ്ചയിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇ.പിയുടെ നടപടി നിഷ്കളങ്കമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ന്യായീകരിച്ചതിലാണ് അവർക്ക് ആശങ്കയുണ്ടായിരുന്നത്. ഘടകകക്ഷികളുടെ കൂടി സമ്മർദ്ദം കടുത്തതോടെയാണ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ മാറ്റിയത്.

 നിയമ നടപടികള്‍ ഏത് വഴി 

ബി.ജെ.പിയിലേക്ക് പോകുമെന്ന് ആരോപിച്ചവർക്കും ദല്ലാൾ നന്ദകുമാറിനും എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഇ.പിയോട് പാർട്ടി സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് നോട്ടീസ് അയയ്ക്കാനുള്ള നടപടി ഇന്നലെ അദ്ദേഹം കൈക്കൊണ്ടെങ്കിലും ദല്ലാളിന്റെ കാര്യത്തിൽ ധർമ്മ സങ്കടത്തിലാണ്. 

തനിക്കെതിരെ ആരോപണം ഉന്നയിക്കാത്ത നന്ദകുമാറിനെതിരെ എങ്ങനെ നോട്ടീസ് അയയ്ക്കുമെന്നതാണ് പ്രശ്നം. നന്ദകുമാറുമായുള്ള മൊബൈൽ ഫോൺ ബന്ധം ഉൾപ്പെടെ ഉപേക്ഷിക്കണമെന്നാണ് ജയരാജനോട് പാർട്ടി ആവശ്യപ്പെട്ടത്. എന്നാൽ താനുമായുള്ള ഫോൺ ബന്ധം അദ്ദേഹം വിഛേദിച്ചിട്ടില്ലെന്നാണ് നന്ദകുമാർ വെളിപ്പെടുത്തിയത്.

 

Advertisment