നാലുദിവസമായി ട്രഷറി കാലി. എന്നിട്ടും സർക്കാരിന്റെ ഹെലികോപ്ടറിന് വാടകയായി നൽകിയത് 2.4കോടി. പോലീസിന്റെ ആവശ്യപ്രകാരം ട്രഷറി നിയന്ത്രണം ഇളവു ചെയ്തു. മാർച്ചിലെ ചെലവിന് വേണ്ടത് 25000 കോടി. റിസർവ് ബാങ്ക് 1670കോടി നൽകും. 15000കോടി വായ്പയെടുക്കാൻ കേന്ദ്രാനുമതി തേടും. ചെലവിനുള്ള പണത്തിന് വഴികാണാതെ പകച്ച് സർക്കാർ. ധൂർത്തും കെടുകാര്യസ്ഥതയും കേരളത്തെ വിഴുങ്ങുമ്പോൾ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pinarai vijayan kn balagopal

തിരുവനന്തപുരം: ട്രഷറി കാലിയാണെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാരിന്റെ വാടക ഹെലികോപ്ടറിന് 2.4 കോടി വാടക കുടിശിക അനുവദിച്ച് ധനവകുപ്പ്. 

Advertisment

അടുത്തിടെ 83.8ലക്ഷം അനുവദിച്ചിരുന്നു. ഇനിയും മൂന്നു കോടിയോളം രൂപ വാടക കുടിശികയുണ്ട്. 2024 ഒക്ടോബർ 20മുതൽ 2025 ജനുവരി 20 വരെയുള്ള കുടിശികയാണ് ഇപ്പോൾ അനുവദിച്ചത്. 


വാടക കുടിശിക ആവശ്യപ്പെട്ട് സംസഥാന പോലീസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് പണം അനുവദിക്കാൻ മുഖ്യമന്ത്രി ധനവകുപ്പിനോട് നിർദ്ദേശിക്കുകയായിരുന്നു. 


ഹെലികോപ്ടർ ഉടമയായ ചിപ്‌സൺ ഏവിയേഷനാണ് തുക അനുവദിച്ചിട്ടുള്ളത്. 80ലക്ഷമാണ് കോപ്ടറിന്റെ മാസവാടക. 25മണിക്കൂറേ പറക്കൂ. അധികമുള്ള മണിക്കൂറൊന്നിന് 90,000 രൂപ വീതം നൽകണം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന ട്രഷറി കഴിഞ്ഞ മൂന്നു ദിവസമായി ഓവർ ഡ്രാഫ്റ്റിലാണ്. ഓവർ ഡ്രാഫ്‍റ്റിലാവുന്നതിന് തൊട്ടു മുൻപാണ് ഹെലികോപ്ടറിന് പണം നൽകിയത്.  വർഷാന്ത്യമായതോടെ വൻ ചെലവുകളാണ് അടുത്ത ദിവസങ്ങളിൽ കാത്തിരിക്കുന്നത്. 

അവശേഷിക്കുന്ന 605കോടിരൂപയുടെ വായ്പ ചൊവ്വാഴ്ച എടുക്കും. അത് കിട്ടുന്നതോടെ താൽക്കാലിക ആശ്വാസമാകുമെങ്കിലും ചെലവുകൾക്ക് പണം കണ്ടെത്തിയില്ലെങ്കിൽ പ്രതിസന്ധി കടുക്കും. 


സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞാലുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തും. കൂടുതൽ വായ്പയെടുക്കാൻ അനുവദിക്കണമെന്നാവും പ്രധാന ആവശ്യം.


ട്രഷറി അക്കൗണ്ടിൽ പണം ഇല്ലാതെ വരുമ്പോൾ, റിസർവ് ബാങ്ക് വെയിൽസ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കാനാകും. ഇത് താൽക്കാലിക സഹായമാണ്. 

കേരളത്തിന് 1670 കോടിയാണിങ്ങനെ വെയ്സ് ആൻഡ് മീൻസായി കിട്ടുക. അത് തീർന്നാൽ ഒരുതവണ കൂടി 1670 കോടിയെടുക്കാം. ഇത് രണ്ടാഴ്ചക്കുള്ളിൽ തിരിച്ചടയ്ക്കണം. 

അതിനായില്ലെങ്കിൽ ട്രഷറി നിറുത്തി വയ്ക്കേണ്ടിവരും. ഇതിന്റെ പരിധിയും കടുക്കുന്നതോടെയാണ് ഓവർ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നത്. അത് പരിഹരിച്ചില്ലെങ്കിൽ ട്രഷറിയുടെ പ്രവർത്തനം അവതാളത്തിലാകും. ഈ ഗുരുതര സാഹചര്യമൊഴിവാക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാ‌ർ ഇപ്പോൾ.


നാലുദിവസമായി വളരെ കുറച്ചു ബില്ലുകളേ മാറി നൽകുന്നുള്ളൂ. തിങ്കളാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം അധ്യാപകർ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും ട്രഷറി കടക്കെണിയിലായതിന്റെ ഭാഗമായിട്ടാണെന്നു പറയപ്പെടുന്നു. 


ഇന്നും നാളെയും അവധിയായതിനാൽ ട്രഷറിയിൽ നിന്നുള്ള ഇടപാടുകളുണ്ടാകില്ല. മാർച്ച് മാസത്തെ ചെലവുകൾ നിയന്ത്രിക്കാൻ 25000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. 

വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.5% വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം നേരത്തെ ഉറപ്പ് നൽകിയിട്ടുണ്ട്.

അത് അനുവദിച്ചാൽ 5500കോടി ലഭിക്കും. ഇതിന് പുറമെ ട്രഷറിയിലെ നീക്കിയിരുപ്പിന്റെ ഉറപ്പിൽ 10000 കോടിയോളം എടുക്കാനാകും. 

ഇതിന് അപേക്ഷ നൽകിയെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല.  കഴിഞ്ഞ മാർച്ചിൽ 26000 കോടി രൂപയാണ് വേണ്ടിവന്നത്. ഇക്കൊല്ലത്തെ ‌ചെലവുകൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ധനവകുപ്പും സർക്കാരും.

Advertisment