കേരള സർവകലാശാലയുടെ അന്തസ് ഇടിച്ച് പീഡന വിവാദം. ബംഗ്ലാദേശി വിദ്യാർത്ഥിയെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി പീഡിപ്പിച്ചു. അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി. അധ്യാപകൻ സ്ഥിരമായി ക്യാമ്പസിൽ വരുന്നത് മദ്യപിച്ച്. മദ്യലഹരിയിൽ കാർ ഓടിച്ച് അപകടം വരുത്തി. നിലമറന്ന അദ്ധ്യാപകനെതിരേ കർശന നടപടികളുമായി സർവകലാശാല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
d

തിരുവനന്തപുരം: കേരള സർവകലാശാലയുടെ അന്തസ് ഇടിച്ച് ഒരു പീഡനവിവരം പുറത്തുവന്നു. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ  ബംഗ്ലാദേശ് സ്വദേശിയായ നാലുവർഷ ബിരുദ വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന്  അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്. എം. റാഫിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

Advertisment

സർവകലാശാലാ അദ്ധ്യാപകൻ വിദേശ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമാണ്. റാഫിയെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.


ഐ.സി.സി.ആർ സ്കോളർഷിപ്പോടുകൂടി ഇൻറർനാഷണൽ റിലേഷൻ സ്റ്റഡീസിന് പഠിക്കുന്ന വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാമ്പസ്‌ ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.


ക്യാമ്പസ് യൂണിയൻ ചെയർമാനും ഈ അധ്യാപകൻ സ്ഥിരമായി മദ്യപിച്ച് ക്യാമ്പസിൽ വരാറുണ്ടെന്നും,  ക്യാമ്പസില്‍ മദ്യപിച്ച് കാർ ഓടിച്ച് അപകടം വരുത്തിയിട്ടുണ്ടെന്നും പരാതിപ്പെട്ടിട്ടുണ്ട്.  

ഇന്ന് കൂടിയ സിൻഡിക്കേറ്റിൽ വിസി ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജണ്ടയായി ഈ വിഷയം ചർച്ചചെയ്ത ശേഷമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യുവാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും തീരുമാനിച്ചത്.


മൂന്നുവർഷം മുമ്പ് സർവ്വകലാശാല റാഫിയെ അസോസിയേറ്റ് പ്രൊഫസറായി നേരിട്ട് നിയമിക്കുകയായിരുന്നു.


അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ മൂന്ന് അംഗ ഉപസമിതിയെ നിയോഗിക്കുവാനും, അക്വാട്ടിക് ബയോളജി പ്രൊഫസർ എ. ബിജു കുമാറിന് വകുപ്പ് മേധാവിയുടെ ചുമതല നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.

പീഡന വിവരം പോലീസിന് കൈമാറിയേക്കും. വിദ്യാർത്ഥിക്ക് 18വയസ് കഴി‍ഞ്ഞതിനാൽ പോക്സോ വകുപ്പ് ചുമത്താനാവില്ല.  

അന്താരാഷ്ട്ര വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിച്ച് ഉന്നത വിദ്യാഭ്യാസ ഹബ് ആവാനാണ് കേരളത്തിന്റെ ശ്രമം. അതിനിടയിലാണ് സർവകലാശാലയിൽ ഇത്തരം സംഭവങ്ങളുണ്ടാവുന്നത്.

നേരത്തേ ഹിന്ദി വിഭാഗത്തിലെ അദ്ധ്യാപകൻ വിദ്യാ‌ർത്ഥിനികളോട് മോശമായി പെരുമാറുകയും ഇന്റേണൽ മാർക്ക് നൽകാതിരിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. മോശം പെരുമാറ്റത്തിന് ഈ അദ്ധ്യാപകനെ 2 വട്ടം സസ്പെൻഡ് ചെയ്തിരുന്നു.

Advertisment