/sathyam/media/media_files/kjhGLCQRiNyaUYwUS2jq.jpeg)
തിരുവനന്തപുരം: വിദേശ വിദ്യാർത്ഥികൾക്ക് താമസ സൗകര്യമൊരുക്കാനെന്ന പേരിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ കണ്ണായ സ്ഥലങ്ങൾ സ്വകാര്യ ബിൽഡർമാർക്ക് നൽകാൻ രഹസ്യനീക്കം.
കേരളത്തിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഭാഗമായാണ് വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പാർപ്പിടസൗകര്യങ്ങൾ സ്വകാര്യമേഖലയുടെ കൂടി സഹകരണത്തോടെ ഒരുക്കാനുള്ള നീക്കം.
കേരള, എം.ജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളുടെ കണ്ണായ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാനുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. കേരള സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികൾക്കായി ഇന്റർനാഷണൽ ഹോസ്റ്റൽ വരുന്നുണ്ട്.
മറ്റിടങ്ങളിലും അത്യാവശ്യം സൗകര്യമൊക്കെയുണ്ടായിരിക്കെയാണ് സ്വകാര്യ വ്യക്തികൾക്ക് യൂണിവേഴ്സിറ്റികളുടെ ഭൂമി തീറെഴുതാനുള്ള രഹസ്യനീക്കം. ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് സ്റ്റഡി ഇൻ കേരള പദ്ധതി തയ്യാറാക്കിയത്. ഇത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
കേരള സർവകലാശാലയിൽ പഠിക്കാൻ 64 രാജ്യങ്ങളിൽ നിന്ന് 2,600 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 60 രാജ്യങ്ങളിൽ നിന്നുള്ള 1,600 അപേക്ഷകളാണുണ്ടായിരുന്നത്. 2021ൽ 35 രാജ്യങ്ങളിലെ 1,100, 2022 ൽ 1,400, 2023 ൽ 1,600 വിദേശ വിദ്യാർത്ഥികളുണ്ടായിരുന്നു. ഇക്കൊല്ലം 39ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അപേക്ഷകരുണ്ട്.
ഇറാൻ, ഇറാഖ്, യെമൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, തുർക്ക്‌മെനിസ്ഥാൻ, താജിക്കിസ്ഥാൻ, പെറു, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നും അപേക്ഷകരുണ്ട്. അപേക്ഷകൾ ഭൂരിഭാഗവും കൊമേഴ്സ്, മാനേജ്‌മെന്റ് കോഴ്സുകളിലാണ്. സാമ്പത്തിക ശാസ്ത്രം, സോഷ്യോളജി, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് സാഹിത്യം എന്നിവയിലും അപേക്ഷകരുണ്ട്.
കമ്പ്യൂട്ടർ സയൻസ്, ബയോകെമിസ്ട്രി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് പഠിക്കാനും അപേക്ഷകളുണ്ട്. നിലവിൽ, അമേരിക്ക, കൊളംബിയ, ദക്ഷിണാഫ്രിക്ക അടക്കം 43 രാജ്യങ്ങളിൽ നിന്നുള്ള 150 വിദേശ വിദ്യാർത്ഥികൾ ഐസിസിആർ സ്‌കോളർഷിപ്പിലൂടെ കേരളസർവകലാശാലയിൽ പഠിക്കുന്നുണ്ട്.
നാക് എ++ ഗ്രേഡ്, മികച്ച എൻ.ഐ.ആർ.എഫ് റാങ്കിംഗ് എന്നിവയുള്ളതാണ് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എം.ജിയിൽ- 855, കുസാറ്റിൽ-1590 വിദേശ വിദ്യാർത്ഥികളാണ് പഠനത്തിനായി അപേക്ഷിച്ചത്.
യൂണിവേഴ്സിറ്റികളുടെ ഭൂമിയിൽ റിയൽ എസ്റ്റേറ്റ്, ബിൽഡർ മാഫിയ കണ്ണുവയ്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരള സർവകലാശാലയുടെ നൂറുകണക്കിന് ഏക്കർ ഭൂമി പല ആവശ്യങ്ങൾക്കായി വിട്ടുനൽകി. കാര്യവട്ടത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നിർമ്മിക്കാനും കേരള യൂണിവേഴ്സിറ്റിയുടെ സ്ഥലമാണ് വിട്ടുനൽകിയത്. ഏക്കറു കണക്കിന് ഭൂമി പലേടത്തായി കൈയേറിയിട്ടുമുണ്ട്.
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ സിപിഎം നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സഹകരണ സൊസൈറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് കോടികൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി വിട്ടുനൽകാൻ നേരത്തേ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. മറ്റ് ആവശ്യങ്ങൾക്ക് സർവകലാശാലയുടെ ഭൂമി വിട്ടുനൽകരുതെന്ന് സെനറ്റിന്റെ നിർദ്ദേശം വകവയ്ക്കാതെയാണ് ഈ ഭൂമി വിട്ടുനൽകിയത്.
1977ൽ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സർവകലാശാല ആസ്ഥാനത്തെ ഭൂമി വിട്ടു കൊടുത്തിരുന്നു. ഇത് പാർട്ടി ആസ്ഥാനമായി പിന്നീട് മാറി. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977ൽ എ.കെ.ജിയുടെ പേരിലുള്ള പഠന ഗവേഷണത്തിനായി സ്റ്റഡി സെന്ററും ലൈബ്രറിയും നിർമ്മിക്കാൻ പതിച്ചു കൊടുത്ത 28സെന്റ് ഭൂമിയിലാണ് സി.പി.എം സംസ്ഥാന ആസ്ഥാനം പ്രവർത്തിക്കുന്നത്. 1987ൽ സർവകലാശാലയുടെ ഏഴര സെന്റ് ഭൂമി കൂടി അനധികൃതമായി കൈമാറി മതിൽകെട്ടി തിരിച്ചു.
യു.ഡി.എഫ് ഭരണകാലത്ത് കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ, മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള ചെയറിന്റെ ആസ്ഥാനമന്ദിരം നിർമ്മിക്കാൻ വിദേശമലയാളികൾ സന്നദ്ധരായെങ്കിലും സി.പി.എം ശക്തമായി എതിർത്തതിനെത്തുടർന്ന് നടന്നില്ല. കാലിക്കറ്റ് കാമ്പസ് ലീഗിന്റെ താവളമാക്കാനാണ് നീക്കമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ എതിർപ്പ്.
കാര്യവട്ടം കവാടത്തിനു തൊട്ടടുത്ത് 10 കോടി ചെലവിട്ട് ചാൻസിലേഴ്സ് മൾട്ടി പ്ലക്സ് കോംപ്ലക്സ് നിർമ്മിക്കാനുദ്ദേശിച്ചിരുന്ന സ്ഥലമാണ് സഹകരണ സൊസൈറ്റിക്കായി വിട്ടുനൽകുന്നത്. അജൻഡയിൽ ഉൾപ്പെടുത്തുത്താതെ, രജിസ്ട്റാർക്കുള്ള ഒരു കത്ത് പരിഗണിച്ചാണ് ഭൂമിദാനത്തിന് സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. ഭൂമിദാനത്തിന് വൈസ്ചാൻസലർ അതൃപ്തിയറിയിച്ചെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി.
കേരള സർവകലാശാലയിലെ ജീവനക്കാരുടെ രണ്ട് സൊസൈറ്റികൾ നിലവിൽ സർവകലാശാലയുടെ കെട്ടിടങ്ങളിൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതൃത്വത്തിലുള്ള സൊസൈറ്റികളാണിത്. വാടകയും വൈദ്യുതി ചാർജും സൊസൈറ്റികൾ സർവകലാശാലയ്ക്ക് നൽകും. ക്റെഡിറ്റ് സൊസൈറ്റി ഓഫീസ്, ക്യാഷ് കൗണ്ടർ, കൺസ്യൂമർ സ്റ്റോർ, കഫെറ്റീരിയ, സ്റ്റേഷനറി സ്റ്റോർ, ഇന്റർനെറ്റ് കഫേ, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയടങ്ങിയ ബഹുനില മന്ദിരം നിർമ്മിക്കാനാണ് സൊസൈറ്റിക്ക് ഭൂമി വിട്ടുകൊടുക്കുന്നത്. കെട്ടിടനിർമ്മാണത്തിനാണ് ഭൂമി നൽകുകയെങ്കിലും കാലക്രമേണ പാർക്കിംഗിനും വികസന ആവശ്യങ്ങൾക്കും കൂടുതൽ ഭൂമി കൈയ്യേറാനാവും.
50 വർഷം മുമ്പ് യൂണിവേഴ്സിറ്റിയുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സർക്കാർ നിയന്ത്രണത്തിൽ ആരംഭിച്ച സൊസൈറ്റിക്ക് യൂണിവേഴ്സിറ്റിയുടെ പാളയം കാമ്പസിൽ സ്ഥലം അനുവദിച്ചിരുന്നു. അവിടെ കെട്ടിടവും പണിതു. സൊസൈറ്റിയുടെ പ്രവർത്തനം നിലച്ച് 10 വർഷമായിട്ടും കൊടുത്ത ഭൂമി സർവകലാശാലയ്ക്ക് തിരികെ കിട്ടിയില്ല. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കാര്യവട്ടം കാമ്പസിൽ 10സെന്റ് ഭൂമി നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ നിർദ്ദേശം കേരള സിൻഡിക്കേറ്റ് നേരത്തേ തള്ളിക്കളഞ്ഞിരുന്നു.