/sathyam/media/media_files/UJfh8bh1BOUAcVztRCKV.jpg)
കൊച്ചി: വഖഫ് നിയമത്തിൽ ഭേദഗതി ചെയ്യാനുളള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാരിനെ തടയുന്നതിന് സംസ്ഥാന സർക്കാരിൻെറ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോർഡ്. ഇന്ന് ചേർന്ന വഖഫ് ബോർഡ് യോഗം അംഗീകരിച്ച പ്രമേയത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകളുമായും, സംസ്ഥാന വഖഫ് ബോര്‍ഡുകളുമായും കൂടിയാലോചന നടത്താതെയും അഭിപ്രായം തേടാതെയും 1995 ലെ വഖ്ഫ് ആക്ട് ഏകപക്ഷീയമായി ഭേദഗതി ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്രം കടക്കുന്നത് തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
സംസ്ഥാന വഖഫ് ബോർഡിൻെറ പ്രമേയത്തോട് സർക്കാർ എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയാനുളളത്.
രാഷ്ട്രീയമായി സി.പി.എം, സി.പി.ഐ പ്രതിനിധികൾ വഖഫ് ബോർഡ് നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്. എന്നാൽ സർക്കാർ എന്ന രൂപത്തിൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇതുവരെ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.
എന്നാൽ വഖഫ് നിയമത്തിൽ നിർണായകമായ ഭേദഗതി വരുത്താനുളള നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. വിവാദ നിർദേശങ്ങൾ അടങ്ങിയ വഖഫ് ഭേദഗതി ബിൽ വ്യാഴാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം വഖഫ് ഭരണസമിതിയിൽ മുസ്ളിം ഇതര വിഭാഗത്തിൽ നിന്നുളള രണ്ട് പേരെ കൂടി ഉൾപ്പെടുത്താനും രണ്ട് സ്ത്രീകളെ ഉൾക്കൊളളിക്കാനുമുളള നിർദ്ദേശങ്ങളാണ് ഭേദഗതിയെ വിവാദത്തിലാക്കിയത്.
ബില്ലിനെതിരെ കടുത്ത പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുളള പ്രതിപക്ഷകക്ഷികളുടെ തീരുമാനം.1995ലെ വഖഫ് നിയമത്തിൽ 14 ഭേദഗതികളാണ് കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്.
ഭേദഗതി അംഗീകരിച്ച് നിയമമായാൽ വഖഫ് ഇടപാടുകളിലും, സ്വത്തു തർക്കങ്ങളിലും തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്ക് സവിശേഷാധികാരം ലഭിക്കും. ബോർഡിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽപോകാനും പുതിയ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
ഇപ്പോൾ തിരഞ്ഞെടുപ്പിലൂടെയാണ് വഖഫ് ബോർഡുകളിലെ 6 അംഗങ്ങൾ അധികാരമേൽക്കുന്നത്. നിലവിലുളള നിയമത്തിലെ ഈ വ്യവസ്ഥയിലും ഭേദഗതി വരുന്നുണ്ട്. തിരഞ്ഞെടുപ്പിന് പകരം മുഴുവൻ അംഗങ്ങളെയും സർക്കാരിന് നാമനിർദ്ദേശം ചെയ്യുകയോ നിയമിക്കുകയോ ചെയ്യാൻ കഴിയുന്നവിധമാണ് പുതിയ ഭേദഗതി.
സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കാനുള്ള വഖഫ് ബോർഡിൻെറ അധികാരത്തിലും പുതിയ ഭേദഗതി ഇടപെടുന്നുണ്ട്. ഭേദഗതി നിയമമാകുന്നതോടെ സ്വത്തുക്കൾ വഖഫായി പ്രഖ്യാപിക്കാനുളള ബോർഡിൻെറ അധികാരം ഇല്ലാതാകും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യംവെച്ചുളള രാഷ്ട്രീയ നീക്കമാണ് വഖഫ് ബിൽ എന്നാണ് പ്രതിപക്ഷം ഉന്നിയിക്കുന്ന പ്രധാന വിമർശനം. എന്നാൽ മുത്തലാഖ് ബില്ല് കൊണ്ടുവന്നപ്പോൾ ഉന്നയിച്ച ന്യായവാദങ്ങൾ ഉയർത്തിയാണ് കേന്ദ്ര സർക്കാരിൻെറ പ്രതിരോധം.
വനിതകളെ സഹായിക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടിയാണ് വഖഫ് ബോർഡുകളിൽ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവരുന്നതെന്നാണ് സർക്കാരിൻെറ ന്യായീകരണം. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനും നിയമത്തിൽ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നും സർക്കാർ വാദിക്കുന്നുണ്ട്.
കേരള വഖഫ് ബോർഡ് ഉൾപ്പെടെ എല്ലാ സംസ്ഥാന വഖഫ് ബോർഡുകളും പുതിയ നിയമഭേദഗതിയെ എതിർക്കുന്നുണ്ട്. കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരിനും ഒരുപോലെ നിയമനിര്‍മാണ അധികാരമുള്ള വിഷയമാണ് വഖഫ് ബോർഡ് വിഷയം.
അതുകൊണ്ടുതന്നെ നിയമഭേദഗതിക്ക് ഒരുമ്പെടുന്ന കേന്ദ്രസർക്കാർ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്യണമെന്നാണ് സംസ്ഥാന വഖഫ് ബോർഡ് ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനസര്‍ക്കാരുകളുമായും, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍, ബന്ധപ്പെട്ട മറ്റു കക്ഷികള്‍ എന്നിവരുടെ അഭിപ്രായം തേടാതെയും കൂടിയാലോചന നടത്താതെയും, ഏകപക്ഷീയ നടപടിയിലൂടെ സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അധികാരം കവര്‍ന്നെടുക്കുന്നത് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ, ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നാണ് കേരള വഖഫ് ബോർഡ് അംഗീകരിച്ച പ്രമേയത്തിൽ പറയുന്നത്.
മതസ്ഥാപനങ്ങളുടെ നടത്തിപ്പും ഭരണനിയന്ത്രണവും മതപരമായ മൗലികാവകാശങ്ങളില്‍പ്പെടുന്നതാണെന്നും പ്രമേയം ഓർമ്മപ്പെടുത്തുന്നു.