ഒടുവിൽ പ്രതിപക്ഷ നേതാവിൻെറ വെളിപ്പെടുത്തൽ ശരിവെച്ച് ധനമന്ത്രിയും. അനിൽ അംബാനിയുടെ സാമ്പത്തിക സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ കേരള ഫിനാൻഷ്യൽ കോർപ്പറേഷന് വൻ തുക നഷ്ടമാകുമെന്ന് സമ്മതിച്ച് കെ.എൻ.ബാലഗോപാൽ. റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡിൽ കെ.എഫ്.സി പണം നിഷേപിച്ചത് എല്ലാ ചട്ടങ്ങളും മറികടന്ന്. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിതരായി സർക്കാരും

New Update

തിരുവനന്തപുരം: അനിൽ അംബാനിയുടെ സാമ്പത്തിക സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ കേരള ഫിനാൻഷ്യൽ കോർപ്പറേഷന് നഷ്ടം ഉണ്ടാകും എന്ന് സമ്മതിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

Advertisment

പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കെ.എഫ്.സിയുടെ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച ആരോപണം പൂർണമായി ശരിവെയ്ക്കുന്നില്ലെങ്കിലും നിക്ഷേപിച്ച തുകയുടെ പകുതിയെങ്കിലും നഷ്ടമാകുമെന്ന കാര്യത്തിൽ ധനമന്ത്രിക്കും സംശയമില്ല.


നിയമ നടപടിയിലൂടെ പരമാവധി തുക തിരിച്ചുപിടിച്ചാലും സ്ഥാപനം പൂട്ടിപ്പോയ സാഹചര്യത്തിൽ പകുതി തുക നഷ്ടപ്പെടുമെന്നാണ് ധനവകുപ്പിൻെറ വിലയിരുത്തൽ.


 അറുപത് കോടി നിക്ഷേപിച്ചപ്പോൾ ആദ്യവർഷം പലിശയിനത്തിൽ 5 കോടി രൂപ കെ.എഫ്.സിക്ക് ലഭിച്ചിരുന്നു.

എന്നാൽ പിന്നീടുളള വർഷം നിക്ഷേപ സ്ഥാപനമായ അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ് തകർന്നുപോയതിനാൽ ഒരു പൈസയും ആദായമായി ലഭിച്ചില്ല. 

കമ്പനി അടച്ച് പൂട്ടിയതിന് പിന്നാലെ 7 കോടി 9 ലക്ഷം രൂപ കിട്ടിയെന്ന പ്രതിപക്ഷ നേതാവിൻെറ വെളിപ്പെടുത്തൽ ധനവകുപ്പ് നിഷേധിച്ചിട്ടില്ല. 

publive-image


നിയമനടപടിയിലൂടെ ഏറ്റവും കൂടുതൽ പണം തിരിച്ചുപിടിക്കാനായത് കെ.എഫ്.സിക്കാണെന്നും ധനവകുപ്പ് പറയുന്നുണ്ട്. നിയമ നടപടികൾ പൂർത്തിയായിട്ടില്ല.


എന്നാൽ നിക്ഷേപിക്കുന്ന സ്ഥാപനത്തിൻെറ സാമ്പത്തിക ഭദ്രത വിലയിരുത്താനോ പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പ് വരുത്താനുളള നടപടികളോ സ്വീകരിച്ചിട്ടില്ലെന്നുമുളള പ്രതിപക്ഷ നേതാവിൻെറ ആരോപണങ്ങൾ ശരിവെയ്ക്കാൻ ധനമന്ത്രി തയാറല്ല. 

കെ.എഫ്.സി യുടെ ഡയറക്ടർ ബോർ‍ഡ് അംഗീകാരമില്ലാതെയാണ് അനിൽ അംബാനിയുടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചതെന്ന പ്രതിപക്ഷ നേതാവിൻെറ ആക്ഷേപത്തിനും ഒഴുക്കൻ മട്ടിലുളള മറുപടിയാണ് ധനമന്ത്രിയിൽ നിന്ന് ഉണ്ടായത്.


സ്ഥാപനത്തിൻെറ പണം എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത് കെ.എഫ്.സിയിലെ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റിയാണ്.


നിക്ഷേപിക്കുന്ന സ്ഥാപനത്തിൻെറ ഭദ്രത നോക്കി ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി നിക്ഷേപത്തിന് തീരുമാനം എടുക്കുകയും പിന്നീട് ഡയറക്ടർ ബോർഡിൻെറ അനുമതി തേടുകയുമാണ് പതിവെന്നാണ് ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കുന്നത്.

ഇതിൽ നിന്ന് ‍ഡയറക്ടർ ബോർ‍ഡിൻെറ അനുമതിയില്ലാതെയാണ് അനിൽ അംബാനിയുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയതെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കപ്പെടുകയാണ്.

സഞ്ജയ് കൗശിക് മാനേജിങ്ങ് ഡയറക്ടറായിരുന്ന കാലത്താണ് കെ.എഫ്.സി അനിൽ അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചത്. 


അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽ കെ.എഫ്.സി എല്ലാ ചട്ടങ്ങളും മറികടന്ന് പണം നിക്ഷേപിച്ചു എന്നതാണ് പ്രതിപക്ഷ നേതാവിൻെറ ആരോപണം.


2018ൽ 60 കോടി 80 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്തായിരുന്നു ഇതെന്നും വി.‍ഡി.സതീശൻ ആരോപിക്കുന്നുണ്ട്.

2019 ലാണ് അനിൽ അംബാനിയുടെ കമ്പനി അടച്ചുപൂട്ടിയത്. 2018- 19, 2019 - 20 എന്നീ സാമ്പത്തിക വർഷങ്ങളിലെ കെ.എഫ്.സിയുടെ വാർഷിക റിപ്പോർട്ടിൽ നിക്ഷേപം നടത്തിയ അംബാനി കമ്പനിയുടെ പേര് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നുണ്ട്.


പ്രതിപക്ഷ ആരോപണം സർക്കാർ അന്വേഷിക്കട്ടെയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻെറ പ്രതികരണം.


ചെറുകിട നിക്ഷേപകർക്ക് വായ്പ നൽകാനായി തുടങ്ങിയ സ്ഥാപനമായ കെ.എഫ്.സിയെപ്പറ്റി ഉയരുന്ന ആരോപണത്തിന് മറുപടി പറയാൻ വരും ദിവസങ്ങളിൽ സർക്കാർ നിർബന്ധിതമാകുമെന്നാണ് സൂചന.

Advertisment