തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി. അൻവർ മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ നടത്തിയ അധിക്ഷേപങ്ങൾ പാർട്ടി എതിരാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയുള്ളതാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും സ്വീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ തിരുത്തലുകളും മെച്ചപ്പെടുത്തലുകളും നടത്തി മുന്നോട്ടു പോവുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മിനും എൽഡിഎഫ് സർക്കാരിനും എക്കാലവുമുള്ളതെന്ന് മന്ത്രി പ്രതികരിച്ചു.
വിമർശനങ്ങളോടും നിർദ്ദേശങ്ങളോടും ഭിന്നാഭിപ്രായങ്ങളോടും അസഹിഷ്ണുത പുലർത്തുന്ന സമീപനം സിപിഎമ്മിനില്ല. പി.വി അൻവർ കുറച്ചു ദിവസം മുൻപുന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങൾ പറഞ്ഞു കഴിഞ്ഞു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ പി വി അൻവർ അങ്ങേയറ്റത്തെ മുൻവിധികളോടെ അധിക്ഷേപം ചൊരിയുകയാണെന്ന് ബാലഗോപാല്‍ വിമര്‍ശിച്ചു.
സർക്കാരിന്റെയും പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകർക്കുക എന്ന പരിശ്രമം കാലങ്ങളായി സംസ്ഥാനത്ത് നടന്നു വരുന്നതാണ്. പ്രതിപക്ഷ പാർട്ടികളും ഒരു കൂട്ടം മാധ്യമങ്ങളും ചേർന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അരങ്ങേറ്റിയ സ്വർണ്ണക്കടത്ത് വിവാദങ്ങൾ ഓർക്കുമല്ലോ. അതിനുശേഷവും പ്രചാരവേലകൾക്ക് അവസാനമുണ്ടായിട്ടില്ല.
ഇവയെല്ലാം പ്രതിരോധിക്കുവാനും തുറന്നു കാണിക്കുവാനും പാർട്ടിക്കും മുന്നണിക്കും എല്ലാക്കാലത്തും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴുയർത്തിക്കൊണ്ടു വരുന്ന വിവാദങ്ങളും അതേ ദിശയിലുള്ളതാണ്. പാർട്ടി ഒറ്റക്കെട്ടായി അതിനെയെല്ലാം നേരിടുകയും ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്യുമെന്ന് ബാലഗോപാല്‍ വ്യക്തമാക്കി.