കൊച്ചി: മുതിര്‍ന്ന നേതാക്കളെ ഏതെങ്കിലും പെണ്ണുകേസില്‍ കുടുക്കുകയെന്ന 'ശങ്കരാടി തത്വ'ത്തില്‍ വിശ്വസിക്കുന്നവരാണ് ഇപ്പോഴും കേരളത്തിലെ ചില കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍. പാര്‍ട്ടിയില്‍ മറുപക്ഷത്തുള്ള ഉന്നതരെ പെണ്ണുകേസില്‍ പെടുത്തി ഒതുക്കിയാല്‍ പിന്നെ തങ്ങള്‍ക്ക് ഒറ്റയ്ക്ക് പദവികള്‍ വഹിക്കാം എന്ന ചിന്തയില്‍ നിന്നും തുടര്‍ച്ചയായ പരാജയങ്ങളിലും ഇവര്‍ പാഠം പഠിക്കുന്നില്ലെന്ന് വ്യക്തം.
ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ അകപ്പെടുത്തി പദവികള്‍ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കിയ അതേ ശക്തികള്‍ തന്നെയാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും തന്ത്രങ്ങള്‍ മെനയുന്നത്. സതീശനെതിരെ കോണ്‍ഗ്രസിലെ വനിതാ നേതാവായിരുന്ന സിമി റോസ് ബെല്‍ ജോണിനെ രംഗത്തിറക്കിയതിനു പിന്നിലും പാര്‍ട്ടിയില്‍ കരുത്തരായ നേതാക്കള്‍ തന്നെയാണ്.
ശങ്കരാടിമാര്‍ വാഴും കോണ്‍ഗ്രസ് !
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പെടുത്താന്‍ ആദ്യ കരുനീക്കങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെയായിരുന്നു എന്നതൊക്കെ അങ്ങാടിയില്‍ പാട്ടാണ്. ഉമ്മന്‍ ചാണ്ടി ക്ഷീണിച്ചാല്‍ മുഖ്യമന്ത്രിയാകാം എന്ന് സ്വപ്നം കണ്ടവരായിരുന്നു പിന്നില്‍. ഒടുവില്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ തുടര്‍ പരാജയം രുചിച്ച് വീണ്ടും പ്രതിപക്ഷത്തിരുന്നു.
ശങ്കരാടി ഒരു സിനിമയില്‍ എതിര്‍ പക്ഷത്തുള്ള കൊള്ളാവുന്ന പാര്‍ട്ടിക്കാരെ പെണ്ണുകേസില്‍ കുടുക്കുന്നതിനേക്കുറിച്ചാണ് സംസാരിച്ചതെങ്കില്‍ കോണ്‍ഗ്രസില്‍ അത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ ആണെന്നതാണ് കൗതുകം.
എല്ലാം നേടിയിട്ടും പരിഭവം ബാക്കി !
സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നും പറഞ്ഞു രംഗത്തുവന്നത് ദേശീയ ഭാരവാഹിത്വത്തില്‍ വരെയെത്തിയ വനിതാ നേതാവാണ്.
പവര്‍ ഗ്രൂപ്പിന്‍റെ തലപ്പത്തിരുന്ന് തനിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നത് വി.ഡി സതീശനാണെന്ന് ആരോപിച്ച സിമി റോസ് ബെല്‍ കോണ്‍ഗ്രസില്‍ വി.ഡി സതീശനേക്കാള്‍ പദവികള്‍ വഹിച്ച ആളാണെന്നതാണ് കൗതുകകരം.
പാര്‍ട്ടിയില്‍ ഒരു വനിതയ്ക്ക് നല്‍കാവുന്നത്ര പരിഗണന കോണ്‍ഗ്രസ് സിമിയ്ക്ക് നല്‍കിയെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. നിയമസഭയില്‍ മല്‍സരിക്കാനും അവസരം നല്‍കിയെങ്കിലും അവര്‍ വിജയിച്ചില്ല.
പെന്‍ഷന്‍ ഐഎഎസുകാര്‍ക്കൊപ്പം !
ഒടുവില്‍ പിഎസ്‌സി അംഗത്വം നല്‍കിയതോടെ ജീവിതകാലം മുഴുവന്‍ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കിയിരുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.
പിഎസ്‌സി അംഗമെന്ന നിലയില്‍ 6 വര്‍ഷം രണ്ടു ലക്ഷത്തിലേറെ രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ (2013 - 2019) സിമി ഇപ്പോള്‍ പ്രതിമാസം പെന്‍ഷനായി വാങ്ങുന്നത് ഒരു റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ വാങ്ങുന്നതിനൊപ്പം തുകയാണ്.
ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ഒന്നുമാകാനാകാതെ പാര്‍ട്ടിയില്‍ തുടരുമ്പോഴാണ് സിമിയുടെ അസമയത്തെ ആരോപണങ്ങള്‍ എന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരം.
നാലാംകിട കൈവിടാതെ
സിമിയുടെ തുറന്നുപറച്ചിലോടെ പാര്‍ട്ടിയില്‍ അപമാനിതരായി മാറിയ വനിതാ നേതാക്കളാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന ശക്തമായ നിലപാട് കൈക്കൊണ്ടത്.
ഭരണപക്ഷം അനുദിനം ദുര്‍ബലരായിക്കൊണ്ടിരിക്കെ അടുത്ത തവണ ഭരണം കിട്ടുമെന്ന അന്തരീക്ഷം സംജാതമായതോടെ ഇനി ഭരണനേതൃത്വത്തിലെത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഈ നാലാംകിട ഏര്‍പ്പാടുകള്‍. തോല്‍വിയില്‍ നിന്നും ഇപ്പോഴും ഇവര്‍ പാലം വലിച്ചില്ലെന്നര്‍ത്ഥം.